Tuesday, 21 November 2017 5.21 PM IST
യോ യോ വാഹനങ്ങൾ ചീറിപ്പായും; പൊലീസ് നോക്കി നിൽക്കും!
November 12, 2017, 12:11 am
കോവളം സതീഷ്‌കുമാർ
തിരുവനന്തപുരം: ബൈപാസുകളിലും ദേശീയപാതകളിലും ചെറിയ റോഡുകളിൽ പോലും രൂപമാറ്റം വരുത്തിയ വാഹനങ്ങൾ ചീറിപ്പാഞ്ഞ് അപകടങ്ങൾ ഉണ്ടാക്കുമ്പോൾ മോട്ടോർ വാഹന വകുപ്പും പൊലീസും നോക്കി നിൽക്കുന്നു. ഇവയിൽ കാറുകളും ബൈക്കുകളുമുണ്ട്.

ട്രാഫിക് നിയമങ്ങൾ പാലിച്ച് വാഹനം ഓടിക്കുന്നവരെ ഭയപ്പെടുത്തിക്കൊണ്ടാണ് ഇത്തരം വാഹനങ്ങൾ പായുന്നത്. വെടിക്കെട്ട് ശബ്ദത്തിൽ പിന്നിലൂടെ ഇരച്ചുവരുന്ന വാഹനങ്ങൾ ഏതുവഴി പോകുന്നു എന്നു പോലും അറിയാനാവില്ല. മുന്നിലെ വാഹനത്തിന്റെ ഇടത്തും വലത്തും കൂടി തോന്നിയ പോലെയാണ് ഇവ ഓവർടേക്ക് ചെയ്യുന്നത്.

മോടിപിടിപ്പിച്ച കാറുകൾക്കും 'യോ യോ' ബൈക്കുകൾക്കുമെതിരെ കർശന നടപടിയെടുക്കാൻ പൊലീസിനും മോട്ടോർ വാഹന ഉദ്യോഗസ്ഥർക്കും സർക്കാർ നിർദ്ദേശം നൽകണമെന്ന് മാർച്ച് ഒന്നിന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. സൈലൻസറും മഡ്ഗാർഡും സാരിഗാർഡും മാറ്റിയും, നിലവാരമില്ലാത്ത ചെറിയ ഹാൻഡിൽ പിടിപ്പിച്ചും ബൈക്കുകൾക്കു ഗ്ലാമർ കൂട്ടുന്നത് അനുവദിക്കരുതെന്ന് ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ ഇതു സംബന്ധിച്ച് സർക്കാരിന്റെ ഒരു നിർദ്ദേശവും മോട്ടോർ വാഹന വകുപ്പിനും പൊലീസിനും ലഭിച്ചിട്ടില്ല എന്നാണ് അറിയുന്നത്.

കാമറകൾ മുക്കാലും പ്രവർത്തിക്കാത്തതിനാൽ അതുവഴി നിയമലംഘനങ്ങൾ പിടികൂടാൻ പൊലീസിനു കഴിയുന്നില്ല. സിഗ്നൽ മഞ്ഞ ആയാലും ചുവപ്പ് തെളിഞ്ഞാലും വാഹനം ഓടിച്ചു കയറ്റുന്നവരുണ്ട്. ഇത് ഗതാഗതക്കുരുക്കിനും അപകടങ്ങൾക്കും ഇടയാകുന്നു.

ന്യൂജൻ മാറ്റങ്ങൾ:

കമ്പനിയുടെ സൈലൻസറുകൾ പരിഷ്‌കരിച്ച് ശബ്ദം വർദ്ധിപ്പിക്കും. ഇതു കുറ്റകരമാണ്.
ബൈക്കുകളുടെ ഹാൻഡിൽ മാറ്റുന്നത് വലിയ അപകടമുണ്ടാക്കും. മാറ്റം വരുത്തിയ ഹാൻഡിൽ ഉപയോഗിച്ച് കൊടും വളവുകളിൽ വാഹനം നിയന്ത്രിക്കാനാവാതെ വരും.
ടയറിന്റെ വലിപ്പം കൂട്ടുന്നതും അപകടമുണ്ടാക്കും. കാമ്പസിൽ ഒരു വിദ്യാർത്ഥിനിയെ ഇടിച്ചു കൊന്ന ആഡംബര ജീപ്പിന്റെ ടയറുകൾ ഇതുപോലെ മാറ്റിയതായിരുന്നു.
അധികമായി ലൈറ്റുകൾ ഫിറ്റ് ചെയ്യും. രാത്രിയിൽ ഡിം ചെയ്യില്ല. രണ്ടും കുറ്റകരമാണ്.
നിയമപരമായതും ഉദ്യോഗസ്ഥർ നൽകുന്ന ഫിറ്റ്‌നസ് സർട്ടിഫിക്കറ്റുമുള്ള ബോഡി കിറ്റുകളേ വാഹനത്തിൽ ഉപയോഗിക്കാവൂ. പലരും ഇത് പാലിക്കാറില്ല.
ഒലീവ് ഗ്രീൻ, നേവി ബ്ലൂ പെയിന്റുകൾ പാടില്ല. നിറം മാറ്റുമ്പോൾ ആർ.സി ബുക്കിൽ രേഖപ്പെടുത്തണം.

നിയമ നടപടി
അനധികൃത രൂപമാറ്റത്തിന് 500 രൂപ പിഴ. പരിഷ്‌കരിച്ച ഭാഗങ്ങൾ അഴിപ്പിക്കും. രജിസ്‌ട്രേഷനും ഡ്രൈവിംഗ് ലൈസൻസും സസ്‌പെൻഡ് ചെയ്യാം. പിഴ ഈടാക്കാം.
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ