ചലനശേഷിയില്ലാതെ ലിംബ് സെന്ററുകൾ
November 12, 2017, 3:00 am
കെ.എസ്.അരവിന്ദ്
തിരുവനന്തപുരം: കൈകാലുകൾക്ക് സ്വാധീനം നഷ്ടപ്പെട്ടവർക്ക് രക്ഷാകേന്ദ്രങ്ങളായിരുന്ന സർക്കാർമേഖലയിലെ ലിംബ് സെന്ററുകൾ ചലനശേഷിയില്ലാത്ത നിലയിലായി. ഈ പോരായ്മ മുതലെടുത്ത് സ്വകാര്യ കമ്പനികളും ആശുപത്രികളും കൊള്ള തുടങ്ങി. സ്ഥിരം ജീവനക്കാരില്ലാത്തതാണ് സംസ്ഥാനത്തെ വിവിധ സർക്കാർ ആശുപത്രികളിലെ ലിംബ് സെന്ററുകളുടെ പ്രവർത്തനം അവതാളത്തിലാക്കിയത്. പോളിയോ ബാധിതർ, വിവിധ അസുഖങ്ങൾ മൂലം ചലനശേഷി ഇല്ലാത്തവർ, അപകടങ്ങളിൽ പെട്ട് കൈകാലുകൾ നഷ്ടപ്പെട്ടവർ എന്നിവരുടെ ആശ്രയകേന്ദ്രമാണ് വിവിധ ജില്ലാ കേന്ദ്രങ്ങളിലും മെഡിക്കൽകോളേജുകളിലും പ്രവർത്തിക്കുന്ന ലിംബ് സെന്ററുകൾ. ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ വിഭാഗത്തിന് കീഴിലുള്ള ഈ സെന്ററുകളിൽ പലതിലും കാര്യക്ഷമതയുള്ള സ്ഥിരം ജീവനക്കാരില്ല. ഭൂരിഭാഗം സെന്ററുകളിലും ദിവസവേതന അടിസ്ഥാനത്തിൽ ഒന്നോ രണ്ടോ ജീവനക്കാർ മാത്രമാണുള്ളത്. അതിനാൽ ആവശ്യാനുസരണം കൃത്രിമ ഉപകരണങ്ങൾ നിർമ്മിച്ചുനൽകാൻ കഴിയുന്നില്ല.

സ്ഥിരം ജീവനക്കാരില്ല, വാഴുന്നത് ദിവസവേതനക്കാർ
പ്രോസ്തറ്റിക് ടെക്നിഷ്യൻ, ഓർത്തോടിക് ടെക്നിഷ്യൻ, ലെതർ ടെക്നിഷ്യൻ, കോബ്ലർ, ഹെൽപ്പർ തസ്തികളാണ് ലിംബ് സെന്ററുകളിൽ ഉള്ളത്. ഭൂരിഭാഗം സെന്ററുകളിലും ജോലി നോക്കുന്നത് താത്കാലിക ജീവനക്കാരാണ്. ദിവസവേതന അടിസ്ഥാനത്തിലുള്ള നിയമനമായതിനാൽ മതിയായ ജീവനക്കാരെ ലഭിക്കാറില്ല. മൂന്ന് മെഡിക്കൽ കോളേജുകളിലും കൊല്ലം, എറണാകുളം, കണ്ണൂർ, പാലക്കാട് ജനറൽ ആശുപത്രികളിലുമാണ് സ്ഥിരം തസ്തികകളുള്ളത്. ഈ കേന്ദ്രങ്ങളിൽ നിലവിൽ ഇരുപതോളം ഒഴിവുകളുണ്ട്.

സെന്ററുകൾ ഉള്ളത്?
കൃത്രിമ കൈകാലുകൾ വച്ചുപിടിപ്പിക്കാനും അതിന് അനുയോജ്യമായ ഷൂസും ചെരുപ്പും നിർമ്മിക്കാനുമാണ് രോഗികൾ കൂടുതലായി ലിംബ് സെന്ററുകളിലെത്തുന്നത്. തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് മെഡിക്കൽ കോളേജുകളിലും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, കണ്ണൂർ, പാലക്കാട് എന്നിവിടങ്ങളിലെ ജനറൽ ആശുപത്രികളിലുമാണ് ലിംബ് സെന്ററുകൾ പ്രവർത്തിക്കുന്നത്.

3,000ത്തിന്റെ കൃത്രിമ കാലുകൾക്ക് 10,000
സർക്കാർ ലിംബ് സെന്ററുകളിൽ 3,000 5,000 നിരക്കിൽ നൽകുന്ന കൃത്രിമ കാലുകൾക്ക് സ്വകാര്യ സ്ഥാപനങ്ങൾ 10,000 മുതൽ 15,000 രൂപവരെ ഈടാക്കുന്നു. സർജിക്കൽ ഷൂസിനും തുച്ഛമായ തുകയാണ് ലിംബ് സെന്ററുകൾ ഈടാക്കുന്നത്. കുടുംബ വരുമാനത്തിന്റെ അടിസ്ഥാനത്തിൽ വിലയിൽ കൂടുതൽ ഇളവ് ലഭിക്കും. പ്രേമഹം ബാധിച്ചവർക്കായുള്ള പ്രത്യേകതരം ചെരുപ്പുകൾക്ക് സ്വകാര്യ കമ്പനികൾ 2,000 രൂപവരെ ഈടാക്കുമ്പോൾ പകുതി വിലയ്ക്ക് ലിംബ് സെന്ററുകളിലൂടെ ലഭ്യമാക്കാനാകും.

''ലിംബ് സെന്ററുകളുടെ സുഗമമായ പ്രവർത്തനത്തിന് സ്ഥിരം ജീവനക്കാർ അനിവാര്യമാണ്. എല്ലാ സെന്ററുകളിലും സ്ഥിരം ജീവനക്കാരെ നിയമിക്കണമെന്ന് ആരോഗ്യവകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഉടൻ തുടർനടപടികൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷ.
ഡോ. അനിൽകുമാർ, ചീഫ് കൺസൾട്ടന്റ്
ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ
ജനറൽ ആശുപത്രി, തിരുവനന്തപുരം.

cr.r


 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ