സ്വന്തമായി കാറുണ്ടോ ?; റേഷൻ കാർഡ് വെളുക്കും!
November 13, 2017, 12:25 am
കോവളം സതീഷ്‌കുമാർ
തിരുവനന്തപുരം: സ്വന്തമായി കാറുണ്ടോ? ബസോ, വാനോ ഉണ്ടോ?. റേഷൻ കാർഡ് ഏത് നിറമായാലും ഉടനേ വെളുക്കും.

നാലോ, അതിലധികമോ ചക്രങ്ങളുള്ള വാഹന ഉടമകളെ തേടി ഭക്ഷ്യവകുപ്പിന്റെ നോട്ടീസ് വീട്ടിലെത്തും. അനർഹരെ കണ്ടെത്തി മുൻഗണനാ പട്ടികയിൽ നിന്ന് ഒഴിവാക്കാനുള്ള നടപടിയുടെ രണ്ടാം ഘട്ടമാണിത്. ഉപജീവനത്തിനല്ലാതെ വലിയ വാഹനങ്ങൾ സ്വന്തമായുള്ളവർ സമ്പന്നരുടെ പട്ടികയിലാണ്. ഇവരെ കണ്ടെത്താൻ മോട്ടോർ വാഹന വകുപ്പിന്റെ സഹായവും തേടിയിട്ടുണ്ട്. ഇവരിൽ ആർക്കെങ്കിലും മുൻഗണനാ കാർഡുണ്ടെങ്കിൽ റദ്ദാക്കി പകരം ജനറൽ കാർഡ് നൽകും. രണ്ട് ലക്ഷത്തോളം പേരെ ഇത്തരത്തിൽ കണ്ടെത്താനാവുമെന്നാണ് കണക്കുകൂട്ടൽ. സർക്കാർ ശമ്പളവും പെൻഷനും വാങ്ങുന്ന ഒന്നര ലക്ഷത്തിൽപ്പരം മുൻഗണനാ കാർഡുകാരെ നേരത്തേ ലിസ്റ്റിൽ നിന്ന് ഒഴിവാക്കിയിരുന്നു.

ഉപജീവനക്കാർ പേടിക്കണ്ട

ഉപജീവനാവശ്യത്തിനായി കാർ, വാൻ, ലോറി തുടങ്ങിയവ വാങ്ങി ഉപയോഗിക്കുന്നവരെ മുൻഗണനാപട്ടികയിൽ നിന്ന് ഒഴിവാക്കില്ല. ബിസിനിസ് ആവശ്യത്തിനും സ്വന്തം ആവശ്യത്തിനും ഉപയോഗിക്കുന്നവർക്കാണ് പിടി വീഴുക. ഇവരിൽ അർഹരായവർക്ക് പൊതുവിഭാഗം സബ്സിഡി കാർഡ് (നീല) നൽകും. അല്ലാത്തവർക്ക് ജനറൽ (വെള്ള) കാർഡും.

സ്വയം ഒഴിയാൻ അവസരം

ഭക്ഷ്യ വകുപ്പിന്റെ നോട്ടീസ് വരുന്നതിന് മുൻപ് സ്വയം ഒഴിവാകാനും അവസരം ഉണ്ട്. ബന്ധപ്പെട്ട താലൂക്ക് സപ്ളൈ ഓഫീസർക്കോ, സിറ്റി റേഷനിംഗ് ഓഫീസർക്കോ അപേക്ഷ നൽകിയാൽ മതി. സ്വയം ഒഴിയാത്തവർക്ക് നോട്ടീസ് ലഭിച്ചിട്ടും കാരണം ബോധിപ്പിച്ചില്ലെങ്കിൽ അടുത്ത മാസം മുതൽ റേഷൻ കിട്ടില്ല.

പരാതിക്കാർ ആറ് ലക്ഷം

അർഹതയുണ്ടായിട്ടും മുൻഗണനാ പട്ടികയിൽ നിന്ന് പുറത്തായതായി കാണിച്ച് ആറ് ലക്ഷം പരാതികളാണ് ലഭിച്ചത്. ഇതിൽ 60 ശതമാനം പരിശോധിച്ചതിൽ തന്നെ, ഏറെയും മുൻഗണനാ കാർഡിന് അർഹരാണെന്നാണ് കണ്ടെത്തിയത്. പരിശോധന തീരുമ്പോൾ അഞ്ച് ലക്ഷത്തോളം പേരെ മുൻഗണനാ പട്ടികയിൽ വീണ്ടും ഉൾപ്പെടുത്തേണ്ടി വന്നേക്കും. മുൻഗണനാ ഉപഭോക്താക്കളുടെ എണ്ണം കൂട്ടാനാവാത്ത സാഹചര്യത്തിലാണ് അനർഹരെ തട്ടുന്നത്.
''പൊതുവിതരണ രംഗം കുറ്റമറ്റതാക്കാനുള്ള സർക്കാർ ശ്രമത്തിന്റെ ഭാഗമാണിത് ''
- ഭക്ഷ്യ മന്ത്രി പി. തിലോത്തമൻ.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ