Thursday, 23 November 2017 8.21 PM IST
കേരളത്തിന്റെദൗർഭാഗ്യം
November 11, 2017, 1:15 am
ജസ്റ്റിസ് ശിവരാജൻ കമ്മിഷന്റെ അന്വേഷണ റിപ്പോർട്ടിനെതിരെ യു.ഡി.എഫ് നേതാക്കൾ ചന്ദ്രഹാസമിളക്കുന്നതും ഉറഞ്ഞു തുള്ളുന്നതും തികച്ചും സ്വാഭാവികമാണ്. എന്നാൽ കമ്മിഷൻ കണ്ടെത്തി പുറത്തു കുടഞ്ഞിട്ടിരിക്കുന്ന വസ്തുതകൾ രാഷ്ട്രീയ - ഭരണ രംഗങ്ങളിൽ ലജ്ജയില്ലാതെ അരങ്ങേറുന്ന അരുതാത്തതുകളുടെ ഭീമാകാരമായ അഴുക്കു ഭാണ്ഡങ്ങളാണ്. കമ്മിഷൻ റിപ്പോർട്ടിൽ പരാമർശമുള്ള ഉന്നത നേതാക്കൾക്ക് തുടർന്നും തങ്ങളുടെ ഭാഗം ന്യായീകരിക്കാനും നിരപരാധിത്വം തെളിയിക്കാനും നിയമപരമായ സംവിധാനങ്ങളുണ്ട്. റിപ്പോർട്ട് പുറത്തുവന്നതിനെത്തുടർന്ന് തലയിൽ മുണ്ടിട്ടു നിൽക്കേണ്ടിവന്ന ജനനായകന്മാർ അക്കാര്യം ഒരു വെല്ലുവിളിയെന്ന മട്ടിൽ പ്രഖ്യാപിച്ചിട്ടുമുണ്ട്. പക്ഷേ കമ്മിഷൻ റിപ്പോർട്ടു വഴിയും അല്ലാതെയും സോളാർ ഇടപാടുമായി ബന്ധപ്പെട്ടു പുറത്തുവന്നുകഴിഞ്ഞ കാര്യങ്ങൾ യു.ഡി.എഫിനെ സംബന്ധിച്ചിടത്തോളം ഒട്ടും തന്നെ അഭിമാനകരമല്ല. രാഷ്ട്രീയത്തിലും ഭരണത്തിലും നൂറുശതമാനം സംശുദ്ധി ഇന്നത്തെ കാലത്ത് ആരും പ്രതീക്ഷിക്കുന്നില്ല. പ്രത്യേകിച്ചും പതിറ്റാണ്ടുകളായി മുന്നണി ഭരണം മാത്രം നടക്കുന്ന കേരളത്തിൽ. എന്നാൽ കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ടീം സോളാർ എന്ന തട്ടിപ്പു കമ്പനിയുടെ പേരിൽ ഉന്നത ഭരണ തലത്തിലും കോൺഗ്രസ് നേതൃതലത്തിലും നടന്ന നഗ്നമായ അഴിഞ്ഞാട്ടം വരുത്തിവച്ച മാനക്കേടിൽ നിന്ന് സംസ്ഥാനം അത്ര പെട്ടെന്നൊന്നും മോചിതമാകാനിടയില്ല. ഭരണത്തിനു നേതൃത്വം വഹിച്ചിരുന്നയാൾ ഉൾപ്പെടെ കോൺഗ്രസിലെ നിരവധി പ്രമുഖന്മാരും പൊലീസ് മേധാവിയും കേന്ദ്ര മന്ത്രിമാരും എം.പിമാരുമുൾപ്പെടെ നിരവധി പേർ ഈ അപവാദ കഥയിൽ തിമിർത്ത് ആടിയവരാണ്. ആരോപണങ്ങളിൽ ഒരു ശതമാനമെങ്കിലും സത്യമുണ്ടെന്നു തെളിഞ്ഞാൽ പൊതുജീവിതം അവസാനിപ്പിക്കുമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പ്രഖ്യാപിച്ചുകഴിഞ്ഞു. അങ്ങനെ തന്നെയാണു വേണ്ടത്. കമ്മിഷൻ റിപ്പോർട്ടിലെ ശുപാർശ പ്രകാരം ആരോപണ വിധേയവരെക്കുറിച്ച് അന്വേഷണം നടത്താൻ സർക്കാർ പ്രത്യേക അന്വേഷണ സമിതിയെ നിയോഗിച്ചു കഴിഞ്ഞതിനാൽ കൂടുതൽ വസ്തുതകൾ പുറത്തുകൊണ്ടുവരേണ്ടത് അവരുടെ ഉത്തരവാദിത്തമാണ്.
ശിവരാജൻ കമ്മിഷൻ റിപ്പോർട്ട് വെറും സരിതാ കമ്മിഷൻ റിപ്പോർട്ടായി ചുരുങ്ങിപ്പോയെന്നും അനവധി തട്ടിപ്പുകേസുകളിൽ പ്രതിയായിട്ടുള്ള ഒരു യുവതിയുടെ മൊഴിയെയും കത്തിനെയും അമിതമായി ആശ്രയിച്ച് കോൺഗ്രസ് നേതാക്കളെ അപകീർത്തിപ്പെടുത്തുന്ന കാര്യങ്ങളാണ് എഴുതിവച്ചിട്ടുള്ളതെന്നും മറ്റുമുള്ള കോൺഗ്രസ് നേതാക്കളുടെ ആരോപണത്തിന് സാമാന്യ ബുദ്ധിയുള്ളവരാരും വില കല്പിക്കുമെന്നു തോന്നുന്നില്ല. നിയമയുദ്ധത്തിൽ തോറ്റു പരിക്കേറ്റവരുടെ ദീനവിലാപങ്ങൾക്കപ്പുറം മറ്റു പ്രസക്തിയൊന്നുമില്ല അതിന്. സരിതയെ മുൻനിറുത്തി നടന്ന വലിയൊരു തട്ടിപ്പിന്റെ പുറത്തു പറയാൻ കൊള്ളാത്ത 'എ' നാടകമാണല്ലോ അരങ്ങേറിയത്. ഭരണസിരാകേന്ദ്രം മുതൽ മന്ത്രിമന്ദിരങ്ങളും അതിഥിമന്ദിരങ്ങളും വരെ നീണ്ട ഈ നാടകത്തിലെ കഥാപാത്രങ്ങൾ കേരളത്തോടും കേരള രാഷ്ട്രീയത്തോടും മഹാപരാധമാണ് കാണിച്ചത്. ഉന്നത ഭരണതലങ്ങളിൽ നടന്ന ജുഗുപ്സാവഹമായ ചെയ്തികൾ ജനങ്ങൾക്കു നൽകുന്ന സന്ദേശം എന്താണ്? സോളാർ ഇടപാടിലൂടെ സംസ്ഥാനത്തിന് ഒരു പൈസയുടെ നഷ്ടമുണ്ടായതായി തെളിയിക്കാമോ എന്ന് നേതാക്കൾ വെല്ലുവിളിച്ചിരുന്നു. ഏറ്റവും വലിയ നഷ്ടം സംസ്ഥാനത്തിനു നേരിട്ട അവമതി തന്നെയാണ്. ലക്ഷങ്ങളോ കോടികളോ സഹസ്ര കോടികളോ കൊണ്ട് അളക്കാവുന്നതല്ല അത്. സംസ്ഥാന ചരിത്രത്തിൽത്തന്നെ ഇത്രയും വൃത്തികെട്ടതും നാണം കെട്ടതുമായ ഒരു അപവാദ കഥ ഇന്നേവരെ ഉണ്ടായിട്ടില്ല. അധികാരത്തിലിരിക്കെ കമ്മിഷൻ റിപ്പോർട്ട് പുറത്തുവരാത്തതിന് കോൺഗ്രസ് പാർട്ടി കമ്മിഷനോട് ആത്മാർത്ഥമായി നന്ദിയും കടപ്പാടും പറയണം. അങ്ങനെ സംഭവിച്ചിരുന്നുവെങ്കിൽ മന്ത്രിസഭ തന്നെ നാണക്കേടിന്റെ മഹാസമുദ്രത്തിൽ ഒന്നടങ്കം മുങ്ങിത്താഴുമായിരുന്നു.
പാരമ്പര്യേതര വൈദ്യുതിയുടെ കാര്യത്തിൽ സൗരോർജജം ഏറെ ആശ്രയിക്കാവുന്ന മേഖലയായി രാജ്യമൊട്ടുക്കും വളർന്നുകൊണ്ടിരിക്കെയാണ് ഇവിടെ അത് വലിയൊരു തട്ടിപ്പായി മാറിയത്. അതോടെ സോളാർ എന്നു കേട്ടാൽ ജനം പിന്തിരിഞ്ഞോടുന്ന സ്ഥിതിയുമുണ്ടായി. സോളാർ വഴി സംസ്ഥാനത്തിനു നേരിട്ട മാനക്കേടു കഴിഞ്ഞാൽ ഏറ്റവുമധികം നഷ്ടമുണ്ടായതും സൗരോർജ്ജ പദ്ധതികൾ അമ്പേ താളം തെറ്റിയതാണ്.
പരിഷ്‌കൃത രാജ്യങ്ങളിലാണ് ഇത്തരമൊരു അപവാദ കഥ പുറത്തുവന്നതെങ്കിൽ അതിലുൾപ്പെട്ടവരാരായാലും പദവികൾ ത്യജിച്ച് പൊതുരംഗത്തുനിന്ന് മാറിനിൽക്കുമായിരുന്നു. സംസ്കാരത്തിനും ആഭിജാത്യത്തിനും നിരക്കാത്ത പ്രവൃത്തികളുടെ പേരിൽ പ്രതികൂല പരാമർശം വന്നതിന്റെ പേരിലാണ് ഇവിടെ ഹാലിളക്കം. തങ്ങൾ തന്നെ കണ്ടുപിടിച്ച് നിയമിച്ച കമ്മിഷനെ അവർ പഴിക്കുന്നു. റിപ്പോർട്ട് തിരുത്തിയെന്നും കമ്മിഷനെ സ്വാധീനിച്ചുവെന്നുമൊക്കെ സർക്കാരിനെ കുറ്റപ്പെടുത്തുന്നു. തട്ടിപ്പിനൊക്കെ മുഖ്യമന്ത്രിയുടെ ഓഫീസ് കൂട്ടുനിന്നുവെന്ന കമ്മിഷന്റെ സുദൃഢമായ കണ്ടെത്തൽ പ്രതിരോധിക്കാനാകാതെ ബാലിശ വാദങ്ങൾ ഉയർത്തുന്നു.
റിപ്പോർട്ടിലെ കമ്മിഷന്റെ പരാമർശങ്ങൾക്കെതിരെ കോടതിയെ സമീപിക്കാനാണ് യു.ഡി.എഫ് തീരുമാനം. ചെന്നുവീണിരിക്കുന്ന ആഴമേറിയ ചളിക്കുണ്ടിൽ നിന്നു കരകയറാൻ നടത്തുന്ന ഏതു ശ്രമവും നല്ലതു തന്നെ. എന്നാൽ സോളാർ റിപ്പോർട്ട് സാമാന്യ ജനങ്ങൾക്കിടയിൽ രാഷ്ട്രീയത്തെക്കുറിച്ചും രാഷ്ട്രീയ നേതാക്കളെക്കുറിച്ചും സൃഷ്ടിക്കുന്ന വിശ്വാസത്തകർച്ച അത്രവേഗം മാഞ്ഞുപോകാനിടയില്ല.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ