ഇനി ഇവിടെ ഗുജറാത്ത് മോഡൽ റീസർവേ
November 12, 2017, 12:20 am
കെ.പി.കൈലാസ് നാഥ്
തിരുവനന്തപുരം: കേരളത്തിൽ ഇനി റീസർവേ നടത്താൻ പോകുന്നത് ഗുജറാത്ത് മാതൃകയിൽ. ദശാബ്ദങ്ങളായി പൂർത്തീകരിക്കാത്ത കേരളത്തിലെ റീസർവേ പ്രവർത്തനം അടിമുടി മാറ്രാൻ സംസ്ഥാനത്തെ സർവേ ഡയറക്ടറുടെ നേതൃത്വത്തിലുള്ള സംഘം ഗുജറാത്തിൽ പോയി പഠനം പൂർത്തിയാക്കി. തലസ്ഥാനമായ ഗാന്ധിനഗറിലും രണ്ട് ജില്ലകളിലും പോയി പഠനം നടത്തിയ സംഘം ഗുജറാത്തിലെ സർവേ പ്രവർത്തനങ്ങൾ കണ്ട് അതിവിടെയും പ്രാവർത്തികമാക്കാൻ തുടങ്ങുകയാണ്. അടുത്ത മൂന്നുവർഷത്തിനുള്ളിൽ, അതായത് ഈ സർക്കാർ അധികാരത്തിൽ നിന്നിറങ്ങുംമുമ്പ് കേരളത്തിൽ സ്വകാര്യ ഏജൻസികളുടെ സഹകരണത്തോടെ റീസർവേ പൂർത്തിയാക്കുമെന്ന് സർവേ ഡയറക്ടർ കെ. ഗോപാലകൃഷ്ണൻ പറഞ്ഞു. ഗുജറാത്ത് സന്ദർശനത്തിന് ശേഷം വ്യാഴാഴ്ച റവന്യൂമന്ത്രിയെ കണ്ട ഡയറക്ടറോട് മന്ത്രി ഇ. ചന്ദ്രശേഖരൻ വളരെ അനുകൂലമായാണ് പ്രതികരിച്ചത്.

ഗുജറാത്ത് മാതൃക
സ്വകാര്യ ഏജൻസിയെ ഏല്പിച്ചാണ് ഗുജറാത്തിൽ അഞ്ചു വർഷം കൊണ്ട് സർവേ പൂർത്തിയാക്കിയത്. ഇനി 5% മാത്രമേ ബാക്കിയുള്ളു. അതും പരാതികൾ പരിഹരിക്കൽ മാത്രം. ഏറ്രവും ആധുനികമായ ഉപകരണങ്ങൾ ഉപയോഗിച്ചാണ് സർവേ. അതെല്ലാം സ്വകാര്യ കമ്പനി കൊണ്ടുവരും. കേരളത്തിൽ 2900 ജീവനക്കാരുള്ളപ്പോൾ ഗുജറാത്തിൽ 600 ഓളം പേർ മാത്രം.

കേരളത്തിന്റെ അ‌ഞ്ചിരട്ടി
വലിപ്പത്തിൽ കേരളത്തിന്റെ അ‌ഞ്ചിരട്ടിയുണ്ട് ഗുജറാത്ത്. കേരളത്തിന്റെ വിസ്തീർണം 38,863 ചതുരശ്ര കിലോമീറ്രർ, ഗുജറാത്തിന്റേത് 1,96,000 ചതുരശ്ര കിലോ മീറ്രർ.

ഇങ്ങനെ പോയാൽ 20 വർഷം വേണം
കേരളത്തിൽ പതിറ്രാണ്ടായി റീസർവേ പ്രവർത്തനം നടക്കുകയാണ്. ആകെയുള്ള 1664 വില്ലേജുകളിൽ പകുതിയിൽ മാത്രമാണ് റീസർവേ പൂർത്തിയായത്. കേരളം മുഴുവൻ റിസർവേ നടത്താൻ വകുപ്പിലെ 2900 ഓളം വരുന്ന സർവേയർമാരെയും ഡ്രാഫ്റ്റ്സ് മാൻമാരെയും നിയോഗിച്ചാൽ 20 വർഷമെങ്കിലുമെടുക്കുമെന്നാണ് കണക്കുകൂട്ടൽ.

ജീവനക്കാർക്ക് എതിർപ്പ്
സ്വകാര്യമേഖലയുടെ പങ്കാളിത്തത്തോടെ
റീസർവേ നടത്തുന്നതിനോട് ഭരണകക്ഷി യൂണിയനുകൾ ഉൾപ്പെടെയുള്ള സംഘടനകൾ എതിർപ്പു പ്രകടിപ്പിച്ചിരുന്നു. ഒഴിവുകൾ നികത്തിയും എംപ്ലോയ്മെന്റ് വഴി താത്കാലിക ജീവനക്കാരെ നിയോഗിച്ചും റീസർവേ നടത്താമെന്നാണ് സംഘടനകളുടെ നിലപാട്.
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ