Thursday, 23 November 2017 8.14 PM IST
'രക്ഷാ ദൗത്യം" കൂടുതൽ ഊർജിതമാകണം
November 15, 2017, 2:00 am
രാജ്യം ആഘോഷപൂർവം ശിശുദിനം കൊണ്ടാടുമ്പോൾ സമൂഹ മനസ്സാക്ഷിയെ പിടിച്ചുലയ്ക്കാൻ പോരുന്ന ഒരു വാർത്താശകലം ഞങ്ങൾ ഇന്നലെ പ്രസിദ്ധീകരിച്ചിരുന്നു. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്ന് 7292 കുട്ടികളെ കാണാതായിട്ടുണ്ടെന്ന ഞെട്ടിക്കുന്ന വാർത്തയാണത്. പൊലീസ് രേഖയനുസരിച്ചുള്ള കണക്കാണിത്. കാണാതെ പോയിട്ടും പൊലീസിൽ എത്താത്ത പരാതികളുമുണ്ടാകുമെന്നതിനാൽ യഥാർത്ഥ സംഖ്യ ഒരുപക്ഷേ ഇതിലുമധികമാകാനും സാദ്ധ്യതയുണ്ട്. ആയിരക്കണക്കിനു കുട്ടികളെ കാണാതായിട്ടും ഇവർക്കുവേണ്ടിയുള്ള അന്വേഷണം എങ്ങുമെങ്ങും എത്തുന്നില്ല എന്നതാണ് ഏറെ ഞെട്ടലുളവാക്കുന്നത്. കാണാതാകുന്നവരെ അന്വേഷിച്ചു കണ്ടുപിടിക്കാൻ പൊലീസിൽ പ്രത്യേക വിഭാഗങ്ങൾ തന്നെ രൂപീകരിച്ചിട്ടുണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം അന്വേഷണ സംഘങ്ങളുണ്ട്. എന്നാൽ കാണാതാവുന്നവരിൽ അധികം പേരും കാണാമറയത്തു തന്നെയാണ്.
സാധാരണ കുടുംബങ്ങളിൽ നിന്നോ ഏറ്റവും താഴെ തട്ടിലുള്ള വിഭാഗങ്ങളിൽ നിന്നോ ഉള്ളവരാണ് കാണാതായ കുട്ടികളിൽ ഭൂരിപക്ഷവും. സമ്പന്ന കുടുംബങ്ങളിലെ കുട്ടികൾ ഏതുനിലയിലും പരമാവധി സുരക്ഷിത അന്തരീക്ഷത്തിൽ വളരുന്നതിനാൽ അപൂർവമായേ ഈ പട്ടികയിൽ വരാറുള്ളൂ. നിയമപാലകരുടെ ഭാഗത്തു കാണുന്ന ഉദാസീനതയുടെ കാരണം അതുകൊണ്ടുതന്നെ വ്യക്തമാണ്. പെട്ടെന്നൊരു ദിനം കാണാതാവുന്ന അരുമകളെക്കുറിച്ചോർത്തു കേഴാൻ മാത്രം അറിയുന്ന പാവങ്ങൾ ആദ്യമെല്ലാം പൊലീസിൽ കയറിയിറങ്ങും. അന്വേഷിക്കുകയാണെന്ന മറുപടി കേട്ട് നിർവികാരതയോടെ മടങ്ങുകയും ചെയ്യും. കുറെനാൾ ചെല്ലുമ്പോൾ പൊലീസും മടുക്കും. എന്നാൽ പിഞ്ചുകുഞ്ഞുങ്ങൾ നഷ്ടപ്പെട്ട തീവ്രദുഃഖത്തിൽ നിന്ന് മാതാപിതാക്കൾക്കു ഒരു കാലത്തും മോചനമുണ്ടാകില്ല. അവരുടെ മനസ് എരിഞ്ഞുകൊണ്ടേയിരിക്കും.
കാണാതായ കുട്ടികളിൽ കുറച്ചുപേരെങ്കിലും സ്വയം വീടു വിട്ടിറങ്ങിയവരായിരിക്കും. കുടുംബ സാഹചര്യങ്ങളായിരിക്കും ഇതിനു കാരണം. ഗൂഢസംഘങ്ങൾ ആസൂത്രിതമായി കുട്ടികളെ തട്ടിക്കൊണ്ടു പോകുന്ന സംഭവങ്ങളും ഏറിവരികയാണ്. അവയവ കച്ചവടത്തിലും ലൈംഗിക ചൂഷണത്തിനും ലഹരി കടത്തിനും പെൺവാണിഭത്തിനുമൊക്കെയായി ഉപയോഗപ്പെടുത്താൻ വേണ്ടിയാകും ഇത്. ഒരിക്കൽ ഇത്തരം സംഘത്തിൽ. ചെന്നുപെട്ടാൽ അവിടെ നിന്നുള്ള മോചനം അസാദ്ധ്യമാകുമെന്നു തന്നെ പറയാം. രക്ഷപ്പെട്ടു പുറത്തുവന്നാലും സമൂഹത്തിലെ മുഖ്യധാരയിൽ നിന്ന് എന്നും പുറത്തുതന്നെയാകും അവരുടെ നില്പ്.
അവിചാരിത സാഹചര്യങ്ങളിൽ കാണാതാകുന്ന കുട്ടികളെ കണ്ടെത്തുക എന്നത് ശ്രമകരമായ ദൗത്യം തന്നെയാണ്. സമൂഹത്തോടൊപ്പം പൊലീസും കൂടുതൽ ഉണർന്നു പ്രവർത്തിക്കേണ്ട മേഖലയാണിത്. അന്വേഷണത്തിനു സഹായകരമായ വിവരങ്ങൾ പൊലീസിനു കൈമാറുന്നതിൽ പലപ്പോഴും വീഴ്ച ഉണ്ടാകാറുണ്ട്. ഒരു കുട്ടിയെ കാണാതായാൽ തൽക്ഷണം വിവരമറിയിക്കാൻ ഇന്ന് ഒട്ടേറെ സംവിധാനങ്ങളുണ്ട്. അവ പരമാവധി പ്രയോജനപ്പെടുത്താൻ കഴിയണം. കുടുംബത്തിനുണ്ടാകുന്ന വേദനയിൽ സമൂഹവും പങ്കാളിയാവണം. ഒട്ടുമിക്ക നഗരങ്ങളിലും ഭിക്ഷാടനം നിരോധിച്ചിട്ടുള്ളതിനാൽ അത്തരം സംഘങ്ങളുടെ ആധിക്യം കുറഞ്ഞിട്ടുണ്ട്. എന്നിരുന്നാലും ബസ് - റെയിൽവേ സ്റ്റേഷനുകളിലും ഉത്സവ സ്ഥലങ്ങളിലുമെല്ലാം ഇത്തരം സംഘങ്ങൾ സജീവമാണ്. കൂടെ കാണുന്ന കുട്ടികൾ ഒരുപക്ഷേ മറ്റെവിടെ നിന്നെങ്കിലും സംഘത്തിൽ ചേർന്നവരാകും. ഇത്തരക്കാരുടെ യഥാർത്ഥ ഐഡന്റിറ്റി കണ്ടെത്താൻ പൊലീസിനേ കഴിയൂ.
കാണാതാവുന്ന കുട്ടികളിൽ പകുതിയിലധികവും പെൺകുട്ടികളാണെന്നത് കൂടുതൽ ആശങ്കയ്ക്കു വഴിവയ്ക്കുന്നു. 'രക്ഷാദൗത്യം' എന്ന പേരിൽ ഇപ്പോഴത്തെ സർക്കാർ കാണാതാകുന്ന കുട്ടികളെ കണ്ടെത്താൻ പ്രത്യേക പദ്ധതി തന്നെ നടപ്പാക്കിയിട്ടുണ്ട്. കഴിഞ്ഞ ഒരു വർഷത്തിനിടെ 22 ആൺകുട്ടികളെയും 28 പെൺകുട്ടികളെയും ഇതുവഴി കണ്ടെത്താനായി. പഴക്കമേറിയ കേസുകളിൽ വലിയ പ്രതീക്ഷയില്ലെങ്കിലും 'രക്ഷാദൗത്യം' കൂടുതൽ വിപുലവും തീവ്രവുമാക്കേണ്ടതിന്റെ ആവശ്യം വെളിപ്പെടുത്തുന്നതാണ് കാണാതായ കുട്ടികളെ സംബന്ധിച്ച പേടിപ്പെടുത്തുന്ന കണക്ക്. അന്വേഷണ പുരോഗതിയും നേട്ടവും വിലയിരുത്താൻ പ്രത്യേകം സംവിധാനവും ഒരുക്കാവുന്നതാണ്. ഏറ്റവും സമർത്ഥനായ കുറ്റവാളിയെപ്പോലും കണ്ടുപിടിക്കാൻ കഴിവുള്ള പൊലീസിന് കുട്ടികളെ തേടിയുള്ള അന്വേഷണത്തിലും വലിയ പരാജയങ്ങളുണ്ടാകേണ്ട കാര്യമില്ല. കുട്ടികൾ നഷ്ടപ്പെട്ട കുടുംബങ്ങളുടെ ദീനവിലാപങ്ങൾ ചെവിയിൽ സദാ മുഴങ്ങുന്നത് അവർ കേൾക്കുകതന്നെ വേണം.

 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ