വ്യവസായ സൗഹൃദ പരീക്ഷ: കേരളത്തിന് മാർക്ക് കൂടും
November 15, 2017, 12:30 am
കെ.പി. കൈലാസ് നാഥ്
തിരുവനന്തപുരം: ''ഇത്തവണ നമുക്ക് മാർക്ക് കൂടുതൽ കിട്ടും. റാങ്കിന്റെ കാര്യത്തിൽ മുന്നോട്ട് പോവുമോ എന്നു പറയാനാവില്ല. ''വ്യവസായ സൗഹൃദത്തിൽ കേരളത്തിന്റെ സ്ഥാനത്തെക്കുറിച്ചുള്ള വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി പോൾ ആന്റണിയുടെ പ്രതികരണം ഇതാണ്.

ലോകബാങ്കിന്റെ വ്യവസായ സൗഹൃദ രാജ്യ പട്ടികയിൽ ഇന്ത്യ 130ൽ നിന്ന് 100ലേക്ക് ഉയർന്നതോടെ, രാജ്യത്തെ ഏത് സംസ്ഥാനമാവും കേമനെന്നതിലായി അടുത്ത നോട്ടം. കേന്ദ്ര വ്യവസായ വകുപ്പിന് ഇത് സംബന്ധിച്ച രേഖകൾ സംസ്ഥാനങ്ങൾ നൽകിക്കഴിഞ്ഞു. വിശദ പരിശോധനയ്ക്കും തെളിവെടുപ്പിനും ശേഷം ജനുവരിയിൽ ഫലപ്രഖ്യാപനം.

മത്സരം ഇങ്ങനെ

വ്യവസായം തുടങ്ങൽ, നിർമാണാനുമതി, നികുതി അടയ്ക്കൽ, ‌വസ്തു രജിസ്ട്രേഷൻ, രാജ്യാന്തര വിപണനം, കരാറുകളിൽ ഏർപ്പെടൽ, വായ്പ ലഭ്യമാക്കൽ തുടങ്ങി വിവിധ മേഖലകളിലെ 375 കാര്യങ്ങളിലാണ് മത്സരം. എല്ലാറ്റിനും ഓരോ പോയിന്റ്. കഴിഞ്ഞ തവണ 26.9 % മാർക്കായിരുന്നു കേരളത്തിന്. റാങ്ക് 20 ഉം. ഇത്തവണ 375 ൽ 100 കിട്ടിയാൽ തന്നെ കഴിഞ്ഞതിലും മികച്ച മാർക്കാവും. എങ്കിലും റാങ്ക് ഉയരുമോ എന്ന് ഇപ്പോൾ പറയാനാവില്ല.

ചുമതല കെ.എസ്.ഐ.ഡി.സിക്ക്

കേരളത്തിൽ വ്യവസായ സൗഹൃദത്തിന്റെ ചുമതല കെ.എസ്.ഐ.ഡി.സിക്കാണ്. കെ.പി.എം.ജി എന്ന ബഹുരാഷ്ട്ര കമ്പനിയാണ് കൺസൾട്ടൻസി.

സംസ്ഥാനത്ത് വ്യവസായ സൗഹൃദത്തിന് അനുകൂലമായി കൊണ്ടു വന്ന നിയമ ഭേദഗതിയാണ് അനുകൂല ഘടകം. ഇത് വിവിധ വകുപ്പുകൾ നടപ്പാക്കിത്തുടങ്ങണം. കേരളം ഇപ്പോൾ തുടങ്ങിയ പരിഷ്കാരങ്ങൾ മറ്റ് പല സംസ്ഥാനങ്ങളും രണ്ടുംമൂന്നും വർഷം മുമ്പ് നടപ്പാക്കിത്തുടങ്ങിയതാണെന്ന് കെ.എസ്.ഐ.ഡി.സി എം.ഡി ഡോ. എം. ബീന പറഞ്ഞു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ