Thursday, 23 November 2017 8.15 PM IST
സി.പി.എം ഏരിയാ സമ്മേളനങ്ങളിലേക്ക്
November 15, 2017, 1:18 am
രാഷ്ട്രീയ ലേഖകൻ
തിരുവനന്തപുരം: കണ്ണൂർ ജില്ലാ സെക്രട്ടറി പി. ജയരാജനെതിരെ ഉയർന്ന വ്യക്തി പൂജാ വിവാദവും, എൻ.സി.പിയുടെ മന്ത്രി തോമസ് ചാണ്ടി സൃഷ്ടിച്ച തലവേദനയും അണികൾക്കിടയിൽ വ്യാപക ചർച്ചയായിരിക്കെ, സി.പി.എം ഏരിയാ സമ്മേളനങ്ങൾക്ക് ഇന്നലെ തുടക്കമായി.
വ്യക്തി പ്രഭാവം വളർത്തുന്നുവെന്ന് കഴിഞ്ഞ സംസ്ഥാന കമ്മിറ്റിയിൽ വിമർശനമേറ്റുവാങ്ങിയ പി. ജയരാജൻ ഉദ്ഘാടനം ചെയ്തുകൊണ്ട് കണ്ണൂർ ടൗൺ ഏരിയാ സമ്മേളനത്തിന് ഇന്നലെ തുടക്കം കുറിച്ചു. രാഷ്ട്രീയ നിരീക്ഷകർ ജയരാജന്റെ പ്രസംഗത്തെ ഉറ്റുനോക്കിയിരുന്നെങ്കിലും വിവാദ വിഷയത്തിൽ അദ്ദേഹം തൊട്ടില്ല.പാർട്ടിയുടെ വളർച്ചയ്ക്ക് പിന്നിൽ നേതാക്കളല്ല, അണികളാണെന്ന് മാത്രം സൂചിപ്പിച്ചു.
22-ാം പാർട്ടി കോൺഗ്രസിന് മുന്നോടിയായി സംസ്ഥാനത്താകെ 206 ഏരിയാസമ്മേളനങ്ങൾ ഡിസംബർ 15വരെ നടക്കും. ഏരിയാ കമ്മിറ്റികളിൽ യുവജന, വനിതാ മേഖലകളിലെ രണ്ട് സജീവ പ്രവർത്തകരെ ഉൾപ്പെടുത്തണമെന്ന കർശന നിബന്ധന വച്ചിട്ടുണ്ട്. ഡിസംബർ 26നും ജനുവരി 21നും ഇടയിലാണ് ജില്ലാ സമ്മേളനങ്ങൾ.
ബ്രാഞ്ച്, ലോക്കൽ സമ്മേളനങ്ങൾ വിഭാഗീയതയില്ലാതെ ഏറെക്കുറെ പൂർത്തിയാക്കാനായെന്ന് സി.പി.എം അവകാശപ്പെടുന്നു. എന്നാൽ, പാർട്ടി മാർഗരേഖ ലംഘിച്ച് അങ്ങിങ്ങായി ഒറ്റപ്പെട്ട ചില സമ്മേളനങ്ങളിൽ വിഭാഗീയ മത്സരം അരങ്ങേറിയത് പാർട്ടി നേതൃത്വം ഗൗരവത്തോടെയാണ് കാണുന്നത്. കണ്ണൂർ ജില്ലയിലെ തലശ്ശേരി ടൗൺ ലോക്കൽ സമ്മേളനത്തിൽ ഒരു വിഭാഗം മത്സരത്തിനൊരുങ്ങിയതിനെ തുടർന്ന് ജില്ലാ സെക്രട്ടറി ഇടപെട്ട് നിറുത്തി വച്ചു. പിന്നീട് ഇരുവിഭാഗങ്ങളുമായി സംസാരിച്ച് മത്സരം ഒഴിവാക്കുകയായിരുന്നു. തലസ്ഥാന ജില്ലയിലെ പേരൂർക്കടയിൽ മത്സരം ഒഴിവാക്കാനാവാതെ വന്നതോടെ സമ്മേളനം നിറുത്തി വച്ചു. വിഭാഗീയതയുമായി ബന്ധപ്പെട്ട മറ്റ് ചില പരാതികളും പ്രാദേശിക തലങ്ങളിൽ നിന്ന് ജില്ലാ, സംസ്ഥാന കമ്മിറ്റികൾക്ക് ലഭിച്ചിട്ടുണ്ട്.
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ