Thursday, 23 November 2017 8.17 PM IST
ചാണ്ടിയുടെ എം.എൽ.എ സ്ഥാനവും തെറിപ്പിക്കാൻ കോൺഗ്രസ്
November 15, 2017, 12:11 am
ശ്രീകുമാർപള്ളീലേത്ത്
തിരുവനന്തപുരം:മന്ത്രിക്കസേര തെറിച്ചാൽ ചാണ്ടിയെക്കൊണ്ട് എം.എൽ.എ സ്ഥാനവും രാജിവയ്പിക്കാനുള്ള നീക്കങ്ങളെക്കുറിച്ച് ആലപ്പുഴ ജില്ലാകോൺഗ്രസ് നേതൃത്വം പ്രാരംഭ ചർച്ചകൾ തുടങ്ങി.

സംസ്ഥാന നേതൃത്വവുമായി ആലോചിച്ച് ഇക്കാര്യത്തിൽ ശക്തമായ നടപടികളുമായി മുന്നോട്ടു പോകുമെന്ന് ആലപ്പുഴ ഡി.സി.സി പ്രസിഡന്റ് എം.ലിജു പറഞ്ഞു. യു.ഡി.എഫ് നേതൃത്വവുമായും ചർച്ചനടത്തും. ചാണ്ടിക്ക് നിയമസഭാ സാമാജികനായി തുടരാൻ ഹൈക്കോടതി വിധി തടസമാവില്ലെങ്കിലും ജില്ലാ ഭരണകൂടം തന്നെ നിയമലംഘനം കണ്ടെത്തിയ സ്ഥിതിക്ക് എം.എൽ.എ ആയി തുടരുന്നതിന്റെ ധാർമ്മികതയാവും കോൺഗ്രസ് ഉയർത്തിക്കാട്ടുക. ചാണ്ടിയുടെ കൈയേറ്റത്തിനെതിരെ തുടങ്ങിവച്ച സമരത്തിന്റെ ഗുണഫലം കൊയ്യാൻ ഇങ്ങനൊരു മുന്നേറ്റം ആവശ്യമാണെന്ന അഭിപ്രായമാണ് ജില്ലയിലെ മുതിർന്ന നേതാക്കൾക്ക്. ഇതേ ആവശ്യവുമായി ബി.ജെ.പിയും സമരത്തിനിറങ്ങിയത് അവർ ചൂണ്ടിക്കാട്ടുന്നു. കൈയേറ്റത്തിനെതിരായ സമരത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി, വി.എം.സുധീരൻ തുടങ്ങിയവർ പങ്കെടുത്തിരുന്നു.

ചാണ്ടിയെ എം.എൽ.എ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കാൻ കോടതിയെ സമീപിക്കുന്നതടക്കമുള്ള കാര്യങ്ങളാണ് ആലോചിക്കുന്നത്. തിരഞ്ഞെടുപ്പു കമ്മിഷന് സമർപ്പിച്ച സത്യവാങ്‌മൂലത്തിലെ വിവരങ്ങളാവും ഇതിന് ആയുധമാക്കുക. മൂന്ന് തിരഞ്ഞെടുപ്പുകളിൽ മത്സരിച്ചപ്പോഴും തിരഞ്ഞെടുപ്പു കമ്മിഷന് സമർപ്പിച്ച വിവരങ്ങൾ വ്യത്യസ്ഥമാണെന്നാണ് ആക്ഷേപം. ആ കാലത്തൊന്നും ആരും ഇത് കോടതിയിൽ ചോദ്യം ചെയ്തില്ലെന്നത് മറ്റൊരുവശം.
1982 മുതൽ തുടർച്ചയായ അഞ്ച് തവണ കുട്ടനാട്ടിൽ നിന്ന് ജയിച്ച ഡോ.കെ.സി.ജോസഫിനെ 2006 ൽ പരാജയപ്പെടുത്തിയാണ് തോമസ് ചാണ്ടി ആദ്യം നിയമസഭയിലെത്തിയത്. അന്ന് ചാണ്ടി ഡി.ഐ.സിആയിരുന്നു. 2011ലും 2016ലും എൻ.സി.പി സ്ഥാനാർത്ഥിയായാണ് ജയിച്ചത്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ