Thursday, 23 November 2017 8.21 PM IST
ചാണ്ടിയുടെ രാജിയിലേക്ക് ഉറ്റുനോക്കി കേരളം
November 15, 2017, 12:11 am
രാഷ്ട്രീയ ലേഖകൻ
തിരുവനന്തപുരം: മന്ത്രി തന്നെ സർക്കാരിനെതിരെ ഹൈക്കോടതിയെ സമീപിച്ച അസാധാരണ സ്ഥിതിവിശേഷം സൃഷ്ടിച്ച തോമസ് ചാണ്ടിയുടെ മന്ത്രി സ്ഥാനം കുട്ടനാട്ടിലെ വെള്ളപ്പെരുക്കത്തിൽ കൊതുമ്പ് വള്ളം മറിയുന്നത് പോലെ മറിയുമെന്ന് ഏറെക്കുറെ ഉറപ്പായി.

മന്ത്രി തോമസ് ചാണ്ടിയുടെ അനിവാര്യമായ രാജിയിലേക്ക് ഉറ്റുനോക്കുകയാണ് കേരളം. ഏത് നിമിഷവും അത് സംഭവിക്കാമെന്ന സൂചന നൽകി , ഇന്നലെ കൊച്ചിയിലായിരുന്ന മന്ത്രി ചാണ്ടിയെ അടിയന്തരമായി മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചു. മന്ത്രിസഭാ യോഗത്തിന് മുമ്പായി ചാണ്ടി ഇന്ന് രാവിലെ മുഖ്യമന്ത്രിയെ കാണും. വിധി പ്രതികൂലമെങ്കിൽ മാത്രം രാജിയെന്നാണ് ഇന്നലെ രാത്രി തിരുവനന്തപുരത്തേക്ക് തിരിക്കും മുമ്പ് കൊച്ചിയിൽ മന്ത്രി മാദ്ധ്യമങ്ങളോട് പ്രതികരിച്ചത്.സർക്കാരിനെതിരെ മന്ത്രി തന്നെ കോടതിയെ സമീപിച്ചത് വഴി ഭരണഘടനാപരമായ പ്രതിസന്ധിയിലേക്ക് സർക്കാർ ചെന്നുപെട്ടിരിക്കെ, പ്രതിസന്ധിയിൽ നിന്ന് തലയൂരാൻ രാജി അനിവാര്യമാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

എങ്ങനെയും രാജി ഒഴിവാക്കാൻ അവസാന നിമിഷവും തീവ്രശ്രമം നടത്തുന്ന ചാണ്ടി, ഹൈക്കോടതിയിലെ പ്രതികൂല പരാമർശം നീക്കിക്കിട്ടാൻ സുപ്രീം കോടതിയെ സമീപിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇതിന് ജില്ലാ കളക്ടറെ സമീപിക്കാമെന്ന കോടതി നിർദ്ദേശം പിടിവള്ളിയാക്കാനുള്ള നിയമ വഴിയും ചാണ്ടി തേടുന്നുണ്ട്. ഇതിന്റെ കാര്യങ്ങൾക്കും പാർട്ടി കേന്ദ്ര നേതൃത്വത്തെ കണ്ട് നിലപാട് വിശദീകരിക്കാനും ഇന്നലെ രാത്രി ഡൽഹിക്ക് തിരിക്കാനായിരുന്നു മന്ത്രിയുടെ നീക്കം. എന്നാൽ, മുഖ്യമന്ത്രി വിളിച്ചതോടെ യാത്ര മാറ്റേണ്ടി വന്നു.

തോമസ് ചാണ്ടിയുടെ കാര്യത്തിൽ തക്കസമയത്ത് ഉചിതമായ തീരുമാനമുണ്ടാകുമെന്ന് , ചാണ്ടിക്കെതിരായ ഹൈക്കോടതി പരാമർശത്തിന് ശേഷം കോഴിക്കോട്ട് നിന്ന് മുഖ്യമന്ത്രി ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെ തിരുവനന്തപുരത്തെത്തിയ മുഖ്യമന്ത്രി മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. രാത്രി ഏഴ് മണിക്ക് എ.കെ.ജി സെന്ററിൽ ചേർന്ന സി.പി.എം മന്ത്രിമാരുടെ ഫ്രാക് ഷൻ യോഗത്തിലും ചാണ്ടി വിഷയം ചർച്ചയായതായാണ് വിവരം. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായും മുഖ്യമന്ത്രി പ്രത്യേകം ചർച്ച നടത്തി.

ഹൈക്കോടതി വിധിക്ക് ശേഷം ചേർന്ന എൻ.സി.പി സംസ്ഥാന നിർവാഹക സമിതിയിൽ മന്ത്രിയുടെ രാജിയാവശ്യം ശക്തിയായതോടെ പാർട്ടി കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനത്തിന് വിടുകയായിരുന്നു.

അതിനിടെ, ചാണ്ടിയുടെ രാജി നീളുന്നത് ഇടത് നേതൃത്വത്തിൽ ആശയക്കുഴപ്പത്തിനും വഴിയൊരുക്കുന്നുണ്ട്. ഇനിയും നീണ്ടാൽ പ്രതിഷേധം കടുപ്പിക്കാനൊരുങ്ങുകയാണ് സി.പി.ഐ. സി.പി.എം നേതൃത്വത്തിലും നാണക്കേട് ഇനിയും പേറുന്നതിനോട് വിയോജിപ്പുണ്ട്. വിഴുപ്പ് അലക്കുന്നത് വരെ പേറേണ്ടി വരുമെന്ന് മന്ത്രി ജി. സുധാകരൻ കോഴിക്കോട്ട് പ്രതികരിച്ചത്, ചാണ്ടി സൃഷ്ടിക്കുന്ന തലവേദനയിലുള്ള പരസ്യമായ നീരസമായി. വി.എസ്. അച്യുതാനന്ദനും തന്റെ നീരസം പരസ്യമായി പ്രകടിപ്പിച്ചു.

കോടതി പരാമർശത്തിന്റെ പേരിൽ കഴിഞ്ഞ സർക്കാരിന്റെ കാലത്ത് മന്ത്രിയായിരുന്ന കെ.എം. മാണിയുടെ രാജിക്കായി പ്രതിഷേധമുയർത്തിയ ഇടത് നേതൃത്വം, ഇപ്പോൾ ചാണ്ടിയുടെ കാര്യത്തിൽ കാണിക്കുന്ന ഇരട്ടത്താപ്പ് മുതലെടുക്കുമെന്ന സൂചന പ്രതിപക്ഷവും നൽകിക്കഴിഞ്ഞു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ