Tuesday, 21 November 2017 5.23 PM IST
കേരള പൊലീസ് സൂപ്പറാ....!
November 14, 2017, 1:16 am
പ്രത്യേക ലേഖകൻ
തിരുവനന്തപുരം: ഒരു പിഴവുമില്ലാതെ ഇന്ത്യ-ന്യൂസിലൻഡ് അന്താരാഷ്ട്ര ട്വന്റി-20ക്രിക്കറ്റ് മത്സരത്തിന് സുരക്ഷയൊരുക്കിയ കേരള പൊലീസിന് അഭിനന്ദന പ്രവാഹം. ഐ.ജി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള സുരക്ഷയെക്കുറിച്ച് സാമൂഹ്യമാദ്ധ്യമങ്ങളിൽ മുക്തകണ്ഠം പ്രശംസയാണ്. പൊലീസ് ഒരുക്കിയ സുരക്ഷയും മുൻകരുതലുകളും ഗതാഗതക്രമീകരണവും ഫലപ്രദമായിരുന്നെന്ന് പ്രശംസിച്ച് ക്രിക്കറ്റ് അസോസിയേഷൻ ഓണററി സെക്രട്ടറി ജയേഷ് ജോർജ് പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്റയ്ക്ക് കത്തുനൽകി. പൊലീസിന്റെ പ്രവർത്തനത്തെ അഭിനന്ദിച്ച് നൂറുകണക്കിന് സന്ദേശങ്ങൾ ലഭിച്ചതായി മനോജ് എബ്രഹാം പറഞ്ഞു.
മനോജ് എബ്രഹാമിന്റെ നേതൃത്വത്തിൽ പഴുതടച്ച സുരക്ഷാക്രമീകരണങ്ങളാണ് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഒരുക്കിയിരുന്നത്. സ്ത്രീകളും കുട്ടികളുമടക്കം അരലക്ഷം കാണികൾ, പുറത്ത് 30,000 വാഹനങ്ങൾ, കനത്തമഴ, മണിക്കൂറുകളുടെ കാത്തിരിപ്പ്... എല്ലാം പൊലീസ് ഫലപ്രദമായി നേരിട്ടു. മത്സരം കഴിഞ്ഞ് ഒരു മണിക്കൂറിനകം സ്റ്റേഡിയം ഒഴിപ്പിക്കുകയും വമ്പൻ ഗതാഗതക്കുരുക്കുണ്ടാവാതെ വാഹനങ്ങൾ നിരത്തുകളിൽ സുഗമമായി നീങ്ങാൻ സാഹചര്യമുണ്ടാക്കുകയും ചെയ്തു. ഐ.ജി മനോജ് എബ്രഹാമും സിറ്റി പൊലീസ് കമ്മിഷണർ പി. പ്രകാശും മുഴുവൻ സമയവും സ്റ്റേഡിയത്തിൽ നിലയുറപ്പിച്ചിരുന്നു. ഗാലറികളിൽ ബൈനോക്കുലർ
നിരീക്ഷണത്തിലൂടെ എല്ലാം ഭദ്രമാണെന്ന് മനോജ് എബ്രഹാം നേരിട്ട് ഉറപ്പുവരുത്തി. 2500 പൊലീസുകാരെയും 500 സ്വകാര്യ സുരക്ഷാ ജീവനക്കാരെയും നിയന്ത്രിച്ച് കമ്മിഷണർ പി. പ്രകാശും താരമായി. ഒരു കശപിശ പോലുമില്ലാതെ ആദ്യവസാനം കാര്യങ്ങൾ ശുഭമായി.
സ്റ്റേഡിയത്തിനുള്ളിൽ 1400 പൊലീസുകാരെയാണ് നിയോഗിച്ചത്. കൂടുതലും മഫ്തിയിൽ. പുറത്തെ സുരക്ഷയ്ക്ക് 700 പേരെയും 400 പൊലീസുകാരെ ഗതാഗത നിയന്ത്രണത്തിനും വിന്യസിച്ചു. വിമാനത്താവളം, ടീം അംഗങ്ങൾ താമസിച്ച കോവളത്തെ ഹോട്ടൽ എന്നിവിടങ്ങളിലും കനത്ത സുരക്ഷയൊരുക്കി. സിറ്റി പൊലീസിൽ ആകെയുള്ള ആയിരം സേനാംഗങ്ങൾക്ക് പുറമേ പത്തനംതിട്ട, കൊല്ലം സി​റ്റി, കൊല്ലം റൂറൽ, തിരുവനന്തപുരം റൂറൽ എന്നിവിടങ്ങളിൽ നിന്നും പൊലീസിനെ എത്തിച്ചു. സുരക്ഷാക്രമീകരണങ്ങളിൽ ബി.സി.സി.ഐ ഉന്നതർ സംതൃപ്തിയറിയിച്ചിരുന്നു.


''കാര്യവട്ടത്തെ അന്താരാഷ്ട്ര മത്സരം സമാധാനപരമായും സുരക്ഷിതമായും നടത്താൻ പരിശ്രമിച്ച എല്ലാ സേനാംഗങ്ങളെയും അഭിനന്ദിക്കുന്നു. ഈ ശ്രമം വിജയകരമാക്കുന്നതിന് പൊലീസിനൊപ്പം സഹകരിച്ച എല്ലാ ക്രിക്കറ്റ് പ്രേമികൾക്കും നന്ദി ''

ലോക്‌നാഥ് ബെഹ്റ
പൊലീസ് മേധാവി
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ