പകരക്കാരനില്ലാത്ത സിജെ
November 14, 2017, 12:30 am
റവ. ജോർജ് മാത്യു പുതുപ്പള്ളി
1918 നവംബർ 14ന് കൂത്താട്ടുകുളത്ത് ചൊള്ളമ്പേൽ യോഹന്നാൻ കോർ എപ്പിസ്‌കോപ്പയുടെയും അന്നമ്മയുടെയും രണ്ടാമത്തെ പുത്രനായിട്ടാണ് സി.ജെ. തോമസ് ജനിച്ചത്. മകനും തന്നെപ്പോലെ യാക്കോബായ സുറിയാനി സഭയിലെ വൈദികനായിത്തീരണം എന്നായിരുന്നു വേദശാസ്ത്ര പണ്ഡിതനായിരുന്ന പിതാവിന്റെ ആഗ്രഹം. ശെമ്മാശപട്ടം സ്വീകരിച്ച സി.ജെ, ആലുവ യു.സി കോളേജിൽ വിദ്യാർത്ഥിയായി ചേർന്നു. നല്ലൊരു വായനക്കാരനായിരുന്ന അദ്ദേഹം വിശ്വാസത്തോട് സത്യസന്ധത പുലർത്താനാവാതെ വന്നപ്പോൾ ളോഹ ഊരി സെമിനാരി വിട്ടു. പിതാവിന് വിഷമമുണ്ടായെങ്കിലും മകനിലെ ദർശനികത വേദന മറക്കാൻ പിതാവിനെ പ്രേരിപ്പിച്ചു.
സി.ജെയുടെ സഹോദരിയായിരുന്നു കവി മേരി ജോൺ കൂത്താട്ടുകുളം. എം.പി. പോളിന്റെ മകൾ റോസി തോമസ് ആയിരുന്നു സി.ജെയുടെ ഭാര്യ. മലയാള സാഹിത്യ വിമർശന മേഖലയിലെ മുടിചൂടാ മന്നനായ പ്രൊഫസർ എം.പി. പോളിന്റെ മരുമകനായി മാറിയ സി.ജെ. തന്റെ പ്രവർത്തിമണ്ഡലം സാഹിത്യത്തിന്റെയും കലയുടെയും വിവിധ മണ്ഡലങ്ങളിലേക്ക് വ്യാപിപ്പിച്ചു. ഏതു മേഖലകളിലൊക്കെ സി.ജെ. തന്റെ പ്രവർത്തന മികവ് പ്രകടിപ്പിച്ചെന്നു ചോദിച്ചാൽ അദ്ദേഹം കടന്നുചെല്ലാത്ത മേഖലകൾ ഇല്ലായിരുന്നുവെന്നതാണ് ഉത്തരം. മരണം വരെയും സത്യാന്വേഷണത്തിന്റെ പാതയിലൂടെ മാത്രം യാത്ര ചെയ്ത അദ്ദേഹം പല പ്രസ്ഥാനങ്ങളുടെയും ആശയങ്ങളെയും ആദർശങ്ങളെയും ആഴത്തിൽ പഠിക്കുകയും പരിശോധിക്കുകയും ചെയ്തു. വഴിപിരിയലുകളുടെയും തിരിച്ചറിവുകളുടെയും തുടർച്ചയായിരുന്നു ആ ജീവിതം.
കമ്മ്യൂണിസ്റ്റ് പാർട്ടിയിലൂടെ വിമോചന പ്രസ്ഥാനത്തിന്റെ പ്രേരകശക്തികളിലൊന്നായി പിന്നീട് അദ്ദേഹം മാറി. കൈവച്ച മേഖലകളിലെല്ലാം വെന്നിക്കൊടി പാറിച്ചു. നാടക പ്രസ്ഥാനത്തിന് ഊടും പാവും നെയ്യുവാൻ കഴിഞ്ഞ ആ ധിഷണാശാലി നാടകകൃത്ത് എന്ന പേരിൽ ഏറെ പ്രസിദ്ധനായി. 'അവൻ വീണ്ടും വരുന്നു' എന്ന ഒറ്റ നാടകം മതി മികച്ച ഉദാഹരണത്തിന്. 'നല്ലൊരു കുടുംബനാഥനാകാൻ സി.ജെയ്ക്ക് സമയം ലഭിച്ചില്ല' എന്ന് റോസി തോമസ് ടീച്ചർ ഈ ലേഖകനോട് പറഞ്ഞത് ഓർക്കുന്നു. 'എങ്കിലും തന്നെയും മക്കളെയും അദ്ദേഹം ഏറെ സ്നേഹിച്ചിരുന്നുവെന്നും' പുത്തൻപള്ളിയിലെ വീട്ടിൽ വച്ച് സംസാരിക്കുമ്പോൾ ടീച്ചർ അനുസ്മരിക്കുകയുണ്ടായി.
വിശ്രമമില്ലാതെ പ്രവർത്തിച്ച ആ മഹാസാഹിത്യകാരൻ ഒടുവിൽ രോഗത്തിന് കീഴടങ്ങി. വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളേജിൽ ഒരു ശസ്ത്രക്രിയയെ തുടർന്ന് 1960 ജൂലായ് 14ന് സി.ജെ. അന്തരിച്ചു. മരിക്കുമ്പോൾ പ്രായം 42 വയസ്. റോസി ടീച്ചർ എഴുതിയ 'ഇവൻ എന്റെ പ്രിയ സി.ജെ' സി.ജെയെക്കുറിച്ചുള്ള റോസി ടീച്ചറുടെ ഏറ്റവും മനോഹരമായ അനുസ്മരണ കൃതിയാണ്. നാടകത്തിന്റെ ആചാര്യനായ എൻ.എൻ. പിള്ള അന്തരിച്ച നവംബർ 14ന് തന്നെയാണ് സി.ജെ. ജനിച്ചത് എന്നതും ഒരത്ഭുതമായിത്തോന്നാം. ലോക സാഹിത്യത്തെക്കുറിച്ചും നാടകങ്ങളെക്കുറിച്ചും തത്വശാസ്ത്രത്തെക്കുറിച്ചും രാഷ്ട്രീയ സംഹിതകളെക്കുറിച്ചും ചിത്രരചനയെക്കുറിച്ചും ഇത്രയേറെ അറിവും അവഗാഹവുമുള്ള സാഹിത്യകാരന്മാർ മലയാളത്തിൽ വേറെ ഇല്ല എന്നു പറഞ്ഞാൽ അതിൽ അതിശയോക്തിയില്ല.

puthupallyachen @yahoo.com
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ