Tuesday, 21 November 2017 5.26 PM IST
പിന്നാക്കക്കാരനാകട്ടെ ദേവസ്വം പ്രസിഡന്റ്
November 14, 2017, 2:00 am
തിരുവിതാംകൂർ ദേവസ്വം പ്രസിഡന്റിന്റെയും അംഗങ്ങളുടെയും കാലാവധി മൂന്നുവർഷത്തിൽ നിന്ന് രണ്ടു വർഷമായി കുറയ്ക്കാനുള്ള സർക്കാർ തീരുമാനത്തിന്റെ ഫലമായി പുതിയ പ്രസിഡന്റിനെയും അംഗത്തെയും ഉടനെ കണ്ടെത്തേണ്ടതുണ്ട്. കാലാവധി വെട്ടിച്ചുരുക്കിയതോടെ ബോർഡിൽ ഇപ്പോൾ ഒരംഗം മാത്രമാണുള്ളത്. ശബരിമല ക്ഷേത്രം മണ്ഡല പൂജയ്ക്കായി നാളെ തുറക്കാനിരിക്കെ പുതിയ പ്രസിഡന്റിന്റെയും അംഗത്തിന്റെയും നിയമനം അടിയന്തര ആവശ്യമായിത്തീർന്നിട്ടുണ്ട്. നിലവിലുണ്ടായിരന്ന ബോർഡിന്റെ കാലാവധി ശബരിമല സീസൺ തുടങ്ങുന്നതിനു തൊട്ടുമുൻപ് അവസാനിപ്പിച്ചതിലെ ഔചിത്യക്കുറവ് തീർത്ഥാടനകാലത്തു പ്രതിഫലിക്കാതിരിക്കില്ല. സർക്കാരിന് രണ്ടുമാസം കൂടി കാത്തിരിക്കാമായിരുന്നു. പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണനും മെമ്പർ അജയ് തറയിലും മുൻ സർക്കാരിന്റെ നോമിനികളായിരുന്നുവെന്നതുകൊണ്ടു മാത്രമല്ല ബോർഡിന്റെ കാലാവധി വെട്ടിച്ചുരുക്കിയതെന്നുവേണം കരുതാൻ. ഇപ്പോഴത്തെ സർക്കാരുമായി സ്വരചേർച്ചയില്ലാത്ത മട്ടിലായിരുന്നു ദേവസ്വം ബോർഡിന്റെ പോക്ക്. അതെന്തുമാകട്ടെ, സർക്കാരിന്റെ ഭരണാധികാരത്തിൽപ്പെട്ട കാര്യമായതിനാൽ ദേവസ്വം ബോർഡിന്റെ കാലാവധി ഇടയ്ക്കുവച്ച് അവസാനിപ്പിച്ചതിൽ ആർക്കും പ്രത്യേക സങ്കടം തോന്നേണ്ടതില്ല.
പുതിയ ദേവസ്വം ഭരണസമിതിയുടെ നിയമനം പരിഗണിക്കുന്ന ഈ വേളയിൽ വർഷങ്ങളായി തുടർന്നുവരുന്ന മുൻഗണനാ മാനദണ്ഡത്തിൽ മാറ്റം വരുത്തുന്നതിനെക്കുറിച്ച് സർക്കാർ ആലോചിക്കണമെന്ന ഒരു നിർദ്ദേശം ഞങ്ങൾ മുന്നോട്ടുവയ്ക്കുകയാണ്. ദേവസ്വം പ്രസിഡന്റ് സ്ഥാനത്തെക്കുറിച്ചാണ് പരാമർശിക്കുന്നത്. പതിവായി ഈ പദവി സവർണ്ണവിഭാഗത്തിൽപ്പെട്ടവർക്കായി നീക്കിവയ്ക്കുന്നതായാണ് കണ്ടുവരുന്നത്. ഹിന്ദുക്കളിൽ പിന്നാക്ക വിഭാഗക്കാർക്കാണ് ഭൂരിപക്ഷമെങ്കിലും അവരുടെ ഒരു പ്രതിനിധിയെ ഈ ഉന്നത സ്ഥാനത്തേക്ക് സാധാരണ ഗതിയിൽ പരിഗണിക്കാറില്ല. പ്രസിഡന്റ് സ്ഥാനം എപ്പോഴും വരേണ്യ വിഭാഗങ്ങൾക്കായി മാറ്റിവയ്ക്കുന്നത് സാമൂഹിക നീതിക്ക് വിരുദ്ധമാണെന്നു പ്രത്യേകിച്ചു പറയേണ്ടതില്ല. പിന്നാക്ക വിഭാഗങ്ങൾക്കിടയിൽ യോഗ്യതയും ആർജ്ജവവുമുള്ളവർ ഇല്ലാത്തതുകൊണ്ടല്ല ഈ അവഗണന. പിന്നോക്കക്കാരെ ഉന്നതമായ സ്ഥാനങ്ങളിൽ നിന്ന് അകറ്റി നിറുത്തുക എന്ന പഴയ ശീലം പാടേ ഉപേക്ഷിക്കാനുള്ള സഹജമായ മടിയോ അസ്വീകാര്യതയോ ആണ് ഇതിനു കാരണം. കാലം ഏറെ മാറിയിട്ടും കാലഹരണപ്പെട്ട ചിന്താഗതികൾ നിലനിൽക്കുന്നുവെന്നതിന്റെ ഏറ്റവും വലിയ ഉദാഹരണങ്ങൾ ക്ഷേത്രങ്ങളും ആചാരങ്ങളുടെ പേരിൽ നടക്കുന്ന അരുതാത്തതുകളുമാണ്. ഒരു പിന്നോക്കക്കാരൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായതുകൊണ്ട് അതിനു കീഴിലുള്ള ക്ഷേത്രങ്ങൾക്കോ വിശ്വാസി സമൂഹത്തിനോ അപകടമൊന്നും വരാൻ പോകുന്നില്ല. അവസരങ്ങൾ തുല്യമായി പങ്കിടുമ്പോഴാണ് സമൂഹത്തിൽ നീതിയും നിഷ്പക്ഷതയും പുലരുന്നുവെന്നു പറയാനാവൂ.
പിന്നോക്ക - അധസ്ഥിതവിഭാഗങ്ങളിൽ നിന്ന് പൂജാരിമാർക്ക് നിയമനം നൽകിയതു വഴി തിരുവിതാംകൂർ ദേവസ്വം ബോർഡ് അടുത്ത കാലത്ത് വിപ്ലവകരമായ ചുവടുവയ്പു നടത്തിയിരുന്നു. നിയമനം ലഭിച്ചവരിൽ പലർക്കും ശ്രീകോവിലിനു പുറത്തുതന്നെ നിൽക്കേണ്ട ഗതികേടുണ്ടായെന്നതു മറ്റൊരുകാര്യം. നിയമനാധികാരിയായ ദേവസ്വം ബോർഡ് തന്നെയാണ് ഈ അനീതി തിരുത്തേണ്ടതും കുറ്റക്കാരായവർക്കെതിരെ കർക്കശ ശിക്ഷാ നടപടി എടുക്കേണ്ടതും. സ്ഥാനമൊഴിയേണ്ടിവന്ന ദേവസ്വം ഭരണാധികാരികൾ ഇക്കാര്യത്തിൽ തങ്ങളുടെ കടമ പൂർണമായും നിറവേറ്റിയോ എന്നു സംശയമാണ്. അവർണ്ണ വിഭാഗത്തിൽപ്പെട്ടവർക്കു പൂജാരിമാരായി നിയമനം നൽകിയതിനൊപ്പം ഭീഷണിയും സമ്മർദ്ദവും പ്രാണഭയവും കൂടാതെ അവർക്ക് പൂജ ചെയ്യാനുള്ള സാഹചര്യം കൂടി ഉറപ്പുവരുത്തേണ്ടത് ആവശ്യമായിരുന്നു.
ശബരിമലയിലെ സ്ത്രീകളുടെ ദർശന വിലക്കിനെച്ചൊല്ലി മുൻ ബോർഡ് പ്രതിനിധികളും സർക്കാരും തമ്മിൽ ഭിന്നത നിലനിൽക്കുകയായിരുന്നു. ബോർഡിന്റെ കാലാവധി ഇടയ്ക്കുവച്ച് അവസാനിപ്പിക്കാൻ സർക്കാർ നിർബന്ധിതമായതിനു പിന്നിൽ ഇതും ഒരു കാരണമാണ്. ഹിന്ദുമതത്തിന്റെ മുഴുവൻ പരിപാലനവും തന്റെ ചുമലിലാണെന്നു തെറ്റിദ്ധരിച്ചതാണ് കുഴപ്പം.
പുതിയ ദേവസ്വം ഭരണസമിതി നിയമനത്തിൽ സർക്കാരിന് തുറന്ന മനസും കാഴ്ചപ്പാടും ഉണ്ടാകണം. പദവികൾ അട്ടിപ്പേറായി അവകാശപ്പെടാൻ ആർക്കും അവകാശമോ അധികാരമോ ഇല്ല. വിവിധ സമുദായങ്ങളുടെ പ്രതിനിധികൾ മാറിമാറി പ്രസിഡന്റ് സ്ഥാനത്തു വരട്ടെ. അപ്പോഴാണല്ലോ സാമൂഹിക സമത്വം സാദ്ധ്യമാവുക. കുറേ വർഷങ്ങളായി പ്രസിഡന്റ് പദവി സവർണ്ണ വിഭാഗക്കാർക്കുമാത്രം അവകാശപ്പെട്ടതായിരുന്നു. ഇത്തവണ അതുകൊണ്ടുതന്നെ അതിനു മാറ്റം വരണം. പിന്നോക്കവിഭാഗക്കാരിലാർക്കെങ്കിലും അതിന് അവസരം നൽകണം. ഈ വിഷയത്തിൽ നിഷ്പക്ഷവും നീതിപൂർവ്വകവുമായ തീരുമാനമെടുക്കാൻ ഇടതു സർക്കാരിന് സ്വാഭാവികമായും ആരെയും ഭയക്കേണ്ടതുമില്ല.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ