തിരിച്ചറിവിലേക്ക്
November 14, 2017, 12:25 am
അഡ്വ. എസ്.പി. ദീപക്
ഇന്ന് ശിശുദിനം. കുട്ടികൾക്ക് മാത്രമല്ല ഒാരോ ഇന്ത്യക്കാരനും ബാല്യകാല സ്മരണകളുടെ ഗുഹാതുരത്വം പകർന്നു നൽകുന്ന ഒാർമ്മദിനം കൂടിയാണ് ഇൗ ദിവസം. സ്മൃതിപഥത്തിൽ കുട്ടികളുടെ പ്രധാനമന്ത്രിയും പ്രസംഗവും അവകാശബോധവും ഒക്കെ ഒാടിയെത്തുന്ന സുദിനം വെറും ആഘോഷങ്ങളിൽ ഒതുക്കേണ്ട ഒന്നല്ല. മറിച്ച് കുട്ടികളെ ഒരുപാട് സ്നേഹിക്കുകയും ലാളിക്കുകയും ചെയ്ത പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റുവിന്റെ നമ്മുടെ പ്രഥമ പ്രധാനമന്ത്രിയുടെ സ്വപ്നങ്ങൾക്ക് കരുത്ത് പകരേണ്ട ദിനമാണ്. സ്നേഹവും പരിചരണവും ലഭിക്കുന്ന സന്തോഷകരമായ കാലം ഏതൊരു കുട്ടിയുടെയും സ്വപ്നമാണ്. സഹാനുഭൂതി, പ്രതിബദ്ധത ശ്രവിക്കാനുള്ള സന്നദ്ധത, സ്നേഹാർദ്രമായ പുഞ്ചിരി തുടങ്ങിയവയെല്ലാം കുട്ടികളുടെ അവകാശമാണ്. ഇതിലൂടെ ലഭിക്കുന്ന സംരക്ഷണം വൃക്തിവികാസത്തിന് ശക്തിപകരും. എന്തിനെയും അതിജീവിക്കാൻ കഴിയുന്ന ജൈവികാനന്ദം ബാല്യങ്ങൾക്ക് പകർന്നു നൽകുന്നതിൽ ശിശുദിനത്തിന് ചരിത്രപരമായ സ്ഥാനമാണുള്ളത്.
കുട്ടികളുടെ സുരക്ഷിതത്വവും വികാസവും ഉറപ്പുവരുത്തേണ്ടത് രാജ്യത്തിന്റേതെന്ന പോലെ ഒാരോ പൗരന്റെയും കടമയാണ്. ശൈശവവും ബാല്യവും ആഹ്ളാദഭരിതമായാൽ രാജ്യത്തിന്റെ പുരോഗതി ദ്രുതഗതിയിൽ മുന്നോട്ടുപോകുമെന്ന് ചാച്ചാജി വിശ്വസിച്ചിരുന്നു. 1974 ൽ കുട്ടികളെ ഏറ്റവും വിലപ്പെട്ട മുതൽക്കൂട്ടായി പ്രഖ്യാപിച്ച് ഭാരതം ലോകത്തിന് മാതൃക സൃഷ്ടിച്ചത് ഇൗ വിശ്വാസത്തിന്റെ അടിത്തറയിലാണ്. ബാലാവകാശത്തിന് ഐക്യരാഷ്ട്രസഭ പൊതുവായ ഉടമ്പടി തയ്യാറാക്കിയതിന് പിന്നിലും നമ്മുടെ രാജ്യത്തിന്റെ ഇടപെടലുകളാണെന്നത് നമുക്ക് അഭിമാനിക്കാവുന്ന കാര്യമാണ്. കുട്ടികൾക്ക് പ്രത്യേക പരിരക്ഷ നൽകുന്ന വ്യവസ്ഥകൾ നമ്മുടെ ഭരണഘടനയുടെ ഏറ്റവും വലിയ പ്രത്യേകതയാണ്. മൗലികാവകാശങ്ങൾ സംരക്ഷിക്കുന്നതോടൊപ്പം കുട്ടികളെ അവരുടെ ഇളംപ്രായത്തിൽ ഒരുവിധത്തിലും ദുരുപയോഗപ്പെടുത്താതിരിക്കുന്നതിന് രാഷ്ട്രത്തെ ചുമതലപ്പെടുത്തിയിട്ടുള്ള നിയമവും നമ്മുടെ ഭരണഘടനയുടെ സവിശേഷതയാണ്. എന്നാൽ എഴുപത് വയസ് പൂർത്തിയാക്കിയ സ്വതന്ത്ര ഇന്ത്യയ്ക്ക് കുട്ടികളുടെ അവകാശങ്ങൾ നമ്മുടെ ഭരണഘടന വിഭാവനം ചെയ്യുന്ന അതേ അർത്ഥത്തിൽ സംരക്ഷിക്കാൻ കഴിയാതെ പോകുന്നു എന്നത് വലിയ പോരായ്മയായി നിലനിൽക്കുന്നു.
ലോകത്താകെ കുട്ടികളുടെ പോഷണം വെല്ലുവിളി നേരിടുകയാണ്. ശരീരത്തിന്റെ രക്തയോട്ടത്തിന് ആവശ്യത്തിന് പോഷകാഹാരം ലഭിക്കാതെ അഞ്ചുവയസിൽ താഴെയുള്ള 31 ലക്ഷം കുട്ടികൾ പ്രതിവർഷം മരിച്ചുവീഴുന്നു എന്നാണ് ഐക്യരാഷ്ട്ര സഭ വെളിപ്പെടുത്തുന്നത്. സിറിയൻ അമ്മമാർ കരയുന്ന കുഞ്ഞുമക്കളുടെ കൈപിടിച്ച് ജോർദാനിലെ അഭയാർത്ഥി ക്യാമ്പിന് മുന്നിൽ ഭക്ഷണത്തിനായി ക്യൂ നിൽക്കുന്ന ചിത്രം ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ കറുത്ത അധ്യായങ്ങളിൽ ഒന്നുമാത്രമാണ്. 700 കോടി മനുഷ്യരിൽ നൂറുകോടി ജനങ്ങളാണ് വിശപ്പു സഹിച്ച് ജീവിക്കുന്നത്. ഇതിൽ ഏറെയും കുഞ്ഞുങ്ങളാണെന്നത് ദുഃഖകരമായ കാര്യമാണ്. ഐലൻ കുർദിയെപ്പോലെ ലോകത്തിന്റെ കണ്ണീരായി മാറിയ ബാല്യങ്ങൾ ശ്രദ്ധിക്കപ്പെടാതെ എല്ലായിടങ്ങളിലും ഉണ്ട്. അധിനിവേശത്തിന്റെ ഇരകൾ കൂടുതലും കുഞ്ഞുങ്ങളാണ്.
കേരളം വ്യത്യസ്തമാവുകയാണ്. അത് കുട്ടികളുടെ കാര്യത്തിലും അസ്വാരസ്യങ്ങളിൽ നിന്ന് പാരസ്പര്യത്തിന്റെ സ്വരലയം തീർക്കാൻ ഇൗ കൊച്ചു സംസ്ഥാനത്തിന് കഴിയുന്നു എന്നത് ആശാവഹമാണ്. ഏറ്റവും പുതിയ കണക്കനുസരിച്ച് സ്ത്രീസുരക്ഷയിൽ നാം രണ്ടാം സ്ഥാനത്താണ്. കുട്ടികളുടെ സംരക്ഷണത്തിന്റെ കാര്യത്തിലും ഇൗ അഹങ്കാരം കേരളത്തിന് മാത്രം അവകാശപ്പെടുന്നതാണ്. എന്നാൽ ഒറ്റപ്പെട്ട സംഭവങ്ങൾ ഇതിന് അവ മതിപ്പ് ഉണ്ടാക്കുന്നുണ്ട്. എങ്കിലും ഇൗ രംഗത്ത് വലിയ ഇടപെടൽ നടത്താൻ കേരള സർക്കാരിന് കഴിയുന്നുണ്ട്.
നാം കുട്ടികൾക്കായി ഒരുക്കിക്കൊടുക്കുന്ന സാഹചര്യങ്ങളും സൗകര്യങ്ങളും മാതൃകകളും പരിചരണവുമാണ് അവരുടെ വ്യക്തിത്വ രൂപീകരണത്തിൽ പ്രധാന പങ്കുവഹിക്കുക. സാമൂഹികവും മാനസികവും വൈകാരികവുമായ സംഘർഷങ്ങളെ അതിജീവിക്കാൻ ഇൗ ഇടപെടൽ സഹായകമാകും. മലീമസമായ ഒരന്തരീക്ഷത്തിൽ ഉണരുകയും ജീവിക്കുകയും ഉറങ്ങുകയും ചെയ്യുക എന്ന ഭീകരമായ അവസ്ഥാവിശേഷത്തെ തരണം ചെയ്യാൻ കുട്ടികൾ പ്രാപ്തരാകണം. കണ്ണ് തുറക്കാൻ കഴിയുന്ന, കേൾവി നശിക്കാത്ത, ചിന്തിക്കാൻ കഴിയുന്ന ഒരു പുതു തലമുറയെ വാർത്തെടുക്കാൻ നാം പ്രതിജ്ഞാബദ്ധരാണ്. വർത്തമാന കാല സാഹചര്യങ്ങളോട് കലഹിച്ച് പുതുമൂല്യങ്ങൾ നെയ്യാൻ ബാല്യ-കൗമാരങ്ങൾ കരുത്ത് നേടേണ്ടതുണ്ട്. ഇത്തരം തിരിച്ചറിവിലേക്ക് വഴിതെളിക്കുന്ന, യഥാർത്ഥ ശിശുദിനമാകണം നാം ആഘോഷിക്കേണ്ടത്. ഒരുപോലെയാകാനും ഒരുമയിലാകാനും ഇൗ നവംബർ 14 കുട്ടികൾക്ക് വഴികാട്ടിയാകട്ടെ എന്ന് മാത്രം ആശംസിക്കുന്നു....
(സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറിയാണ് ലേഖകൻ)

 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ