ഇന്ന് ലോക പ്രമേഹദിനം,​ കേരളം ഞെട്ടുന്നു; പ്രമേഹരോഗികൾ 30 ലക്ഷം
November 14, 2017, 12:11 am
എസ്. പ്രേംലാൽ
തിരുവനന്തപുരം: സംസ്ഥാനത്തെ മൂന്നരക്കോടി ജനങ്ങളിൽ 30 ലക്ഷം പേർ പ്രമേഹ രോഗികളാണ്. മുമ്പ് 50 വയസിന് മുകളിലുള്ളവർക്കാണ് പ്രമേഹം ബാധിച്ചിരുന്നതെങ്കിൽ ഇപ്പോൾ 20-30 വയസുകാരെയും പിടികൂടുകയാണ്. 40 പിന്നിടുമ്പോൾ പ്രമേഹവും ഒപ്പം കൂടുന്ന തരത്തിലായി നമ്മുടെ ജീവിതശൈലി.
രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവ് കൂടുന്നതാണ് പ്രമേഹം. ഭക്ഷണം ദഹിച്ച് ഗ്ലൂക്കോസായി രക്തത്തിൽ കലരുന്നു. ഗ്ലൂക്കോസിനെ ശരീരകലകളുടെ പ്രവർത്തനത്തിനുപയോഗിക്കാൻ ഇൻസുലിൻ എന്ന ഹോർമോൺ വേണം. ഇൻസുലിൻ അളവിലോ ഗുണത്തിലോ കുറവായാൽ ഗ്ലൂക്കോസിന്റെ അളവിനെ ബാധിക്കും.
ലോകത്ത് പ്രമേഹബാധിതർ 200 ദശലക്ഷത്തിന് മുകളിലാണ്. ഓരോ എട്ടു സെക്കൻഡിലും പ്രമേഹംമൂലം ഒരാൾ മരിക്കുന്നു. രക്തത്തിൽ പഞ്ചസാരയുടെ അളവ് പെട്ടെന്നു കൂടുന്നതും കുറയുന്നതുമാണ്‌ പ്രമേഹത്തെ അപകടകാരിയാക്കുന്നത്.

ലക്ഷണങ്ങൾ

രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവു കൂടുമ്പോൾ ഇടയ്ക്കിടെ മൂത്രമൊഴിക്കാൻ തോന്നും, അമിത ദാഹം, വിശപ്പ് എന്നിവയുണ്ടാകും.

ഇടുപ്പളവ് നോക്കുക

പൊണ്ണത്തടിയാണ് പ്രമേഹത്തെ ക്ഷണിച്ചുവരുത്തുന്നത്. പുരുഷൻമാരിൽ ഇടുപ്പിന്റെ അളവ് 90 സെന്റിമീറ്ററിനും സ്ത്രീകളിൽ 80 സെന്റിമീറ്ററിനും മുകളിലാകാതെ നോക്കണം.

അമിത ഊർജം ആപത്ത്

അരി, ഗോതമ്പ്, കിഴങ്ങ് വർഗം, എണ്ണ എന്നിവ അമിതമായി കഴിക്കരുത്. ഊർജം കൂടിയ ഭക്ഷണം ആപത്താണ്. പച്ചക്കറികൾ കൂടുതൽ ഉപയോഗിക്കുക, ഹോട്ടൽ ഭക്ഷണം നിരന്തരം കഴിക്കുന്നത് പ്രമേഹത്തെ ക്ഷണിച്ചുവരുത്തും.

പ്രമേഹം വരുന്ന വഴി

1. പാരമ്പര്യം
2. ഇൻസുലിൻ കോശങ്ങളെ ശരീരം നശിപ്പിക്കുന്നത്
3. പൊണ്ണത്തടി
4. രക്തക്കുഴലുകളുടെ പ്രശ്നങ്ങൾ
5. മാനസിക പിരിമുറുക്കം

ദോഷഫലങ്ങൾ

ഹൃദയാഘാതവും പക്ഷാഘാതവും, കാഴ്ചശക്തി നഷ്ടപ്പെടുന്നു, വൃക്ക തകരാർ, ലൈംഗികശേഷി ഇല്ലായ്മ, ഉണങ്ങാത്ത മുറിവുകൾ തുടങ്ങിയവ.

വേണ്ടത്

കൃത്യമായ രക്തപരിശോധന. ഭക്ഷണം കഴിക്കാതെയും കൃത്യമായ സമയത്ത് ഭക്ഷണം കഴിച്ചും പരിശോധിക്കണം.

''വ്യായാമത്തിലൂടെയും ഭക്ഷണം ക്രമീകരിച്ചും പ്രമേഹത്തെ തടയാം. പച്ചക്കറികളും പഴവർഗങ്ങളും കഴിക്കുക. ദിവസം അരമണിക്കൂർ വ്യായാമം നിർബന്ധം.''
ഡോ. ശ്രീജിത്ത് എൻ. കുമാർ, ചെയർമാൻ
ഇന്ത്യൻ ഡയബറ്റിക് എഡ്യൂക്കേഷൻ അസോസിയേഷൻ
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ