കണ്ണീർ തോരാതെ അമ്മമാർ : മക്കളേ, നിങ്ങളെങ്ങോട്ട് പോയി
November 14, 2017, 12:11 am
എം.എച്ച്. വിഷ്‌ണു
തിരുവനന്തപുരം: രാഹുലിനെ കാണാതായിട്ട് വർഷം പന്ത്രണ്ടായി. കൃത്യമായി പറഞ്ഞാൽ 2005 മേയ് 18ന്. ആലപ്പുഴ ആശ്രാമം വാർഡിൽ രാജുവിന്റെയും മിനിയുടെയും മകൻ രാഹുൽ വീടിനടുത്ത് കളിച്ചുകൊണ്ടു നില്ക്കുകയായിരുന്നു. സി.ബി.ഐ വരെ അന്വേഷിച്ചിട്ടും ഒരുതുമ്പും ലഭിച്ചില്ല. അന്വേഷണം അവസാനിപ്പിക്കാൻ കോടതിയെ സമീപിച്ചിരിക്കുകയാണ് ഇപ്പോൾ സി.ബി.ഐ.

ഇന്ന് വീണ്ടുമൊരു ശിശുദിനം ആഘോഷിക്കുമ്പോൾ വിജയത്തിലെത്താത്ത ഇത്തരം അന്വേഷണങ്ങളുടെ കണക്കെടുപ്പിലാണ് സംസ്ഥാന പൊലീസ്. 2011 മുതൽ 7292 കുട്ടികളെയാണ് കാണാതായത്. ഒമ്പതിനും പതിനേഴിനും ഇടയ്ക്ക് പ്രായമുള്ളവരാണ് ഇവരിൽ അധികവും. ഓരോ മാസവും ശരാശരി 50 പെൺകുട്ടികളെ കാണാതാവുന്നതായാണ് കണക്ക്.

കുട്ടികളെ കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണ് രണ്ട് എസ്.പിമാർ. ആൺകുട്ടികളെ കണ്ടെത്താൻ പത്തനംതിട്ട എസ്.പി സതീഷ്‌ബിനോ, പെൺകുട്ടികളെ കണ്ടെത്താൻ ക്രൈംബ്രാഞ്ച് എസ്.പി ഡോ. എ. ശ്രീനിവാസ് എന്നിവരുടെ പ്രത്യേകസംഘങ്ങൾ തന്നെയുണ്ട്. പിണറായി സർക്കാരിന്റെ ആദ്യ 'രക്ഷാദൗത്യം' പ്രഖ്യാപിച്ച് ഒരു വർഷത്തിനിടെ 22 ആൺകുട്ടികളെയും 26 പെൺകുട്ടികളെയും കണ്ടെത്താനായി.

പേടിപ്പെടുത്തുന്ന ലിസ്റ്റ്
( കഴിഞ്ഞ 5 കൊല്ലത്തിനിടെ കാണാതായവർ)
2010: 456 പെൺകുട്ടികളടക്കം 829 പേർ
2011: 546 പെൺകുട്ടികളടക്കം 942 പേർ
2012: 605 പെൺകുട്ടികളടക്കം 1081പേർ
2013: 392 പെൺകുട്ടികളടക്കം 684 പേർ
2014: 421 പെൺകുട്ടികളടക്കം 698 പേർ
2015: 301 പെൺകുട്ടികളടക്കം 608 പേർ

മുന്നിൽ തലസ്ഥാന ജില്ല
ഏറ്റവുമധികം കുട്ടികളെ കാണാതായത് തിരുവനന്തപുരത്ത്. അഞ്ചുവർഷത്തിനിടെ 534 പെൺകുട്ടികളെയാണ് തിരുവനന്തപുരം റൂറലിൽ നിന്ന് കാണാതായത്. മലപ്പുറത്തു നിന്ന് 331 പേരെ കാണാതായി. കൂടുതൽ ആൺകുട്ടികളെ കാണാതാവുന്നതും മലപ്പുറത്തു നിന്നാണ്. ഏറ്റവും കുറവ് കുട്ടികളെ കാണാതാവുന്നത് കാസർകോട്ടുനിന്നാണ്.

എന്തിനുവേണ്ടി ?
അവയവ വ്യാപാരം, തീവ്രവാദം, പെൺവാണിഭം എന്നിവയ്ക്കായി വിദേശത്തേക്കും ബാലവേല, ലൈംഗികചൂഷണം, വ്യാജദത്ത് എന്നിവയ്ക്കായി അന്യസംസ്ഥാനങ്ങളിലേക്കും കടത്തുന്നു.

'' പഴയ കേസുകളുടെ അന്വേഷണം ശ്രമകരമാണ്. പരമാവധി കുട്ടികളെ കണ്ടെത്താൻ ശ്രമിക്കും. ഏറ്റവുമധികം കുട്ടികളെ കണ്ടെത്തിയത് പാലക്കാട്ടു നിന്നാണ്.''
ഡോ. എ. ശ്രീനിവാസ്,
ദൗത്യസംഘത്തലവൻ
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ