ഒറ്റാലിൽ കിടന്ന വാറ്റും പോയികിഴക്കുന്ന് ജി. എസ്. ടി വന്നുമില്ല
November 27, 2017, 12:59 am
പി.എച്ച്. സനൽകുമാർ
തിരുവനന്തപുരം:ജി. എസ്. ടി നിയമത്തിലെ ചെറിയ പാകപ്പിഴ മൂലം കേരളം ഏറെ പ്രതീക്ഷയർപ്പിച്ച ഐ. ജി. എസ്. ടി വരുമാനമായി കിട്ടേണ്ട 7000 കോടിയിൽ പകുതി പോലും കിട്ടിയില്ല. വെറും 1600 കോടിയാണ് ഈയിനത്തിൽ ഇതുവരെ കിട്ടിയത്.
ജി. എസ്. ടി വന്നതോടെ പഴയ വാറ്റ് വരുമാനം നഷ്ടമായി. ജി. എസ്. ടിയിൽ കിട്ടേണ്ട വരുമാനം വന്നതുമില്ല. ഇത് സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാക്കി.
കൂടുതൽ വിൽപ്പനയുള്ള (ഫാസ്റ്റ് മൂവിംഗ് കൺസ്യൂമർ ഗുഡ്‌സ് ) മൊബൈൽ ഫോൺ, ടി.വി. മറ്റ് ഇലക്ട്രോണിക് ഉൽപന്നങ്ങൾ, സോപ്പ്, പേസ്റ്റ് , ടാൽക്കം പൗഡർ, ടോയ്ലറ്ററി എന്നിവ പുറത്തുനിന്ന് വാങ്ങികൊണ്ട് വന്ന് വിൽക്കുന്നവയാണ്. ഇവയ്ക്കെല്ലാം 14.5 % ആയിരുന്നു വാറ്റ്. ജി.എസ്.ടി വന്നപ്പോൾ നികുതി 18 % ആയി. ജി.എസ്.ടി. നിയമപ്രകാരം ഇതിന്റെ പകുതി ( 9% ) ആണ് സംസ്ഥാനത്തിന് കിട്ടുക.
ഇൗ ഉൽപന്നങ്ങൾ മഹാരാഷ്ട്ര, തമിഴ്നാട്, ഉത്തർപ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങളിൽ നിന്നാണ് വരുന്നത്. ഇന്റഗ്രേറ്റഡ് ജി. എസ്. ടി നിയമ പ്രകാരം കേരളത്തിലേക്കാണ് വാങ്ങുന്നതെങ്കിൽ അതിന്റെ ജി.എസ്.ടിയും കേരളത്തിന് അവകാശപ്പെട്ടതാണ്. എന്നാൽ ജി.എസ്.ടി. നിയമത്തിലെ ചട്ടം 18 അനുസരിച്ച് ഇവ കേരളത്തിലേക്ക് വാങ്ങികൊണ്ടുവന്നാൽ അവ ഇവിടെ വിൽക്കുന്ന മുറയ്ക്ക് മാത്രം കേരളത്തിന് നികുതി കൈമാറിയാൽ മതി.
ഉദാഹരണത്തിന്, പതിനായിരം മൊബൈൽ ഫോൺ മഹാരാഷ്ട്രയിൽ നിന്ന് വാങ്ങി കേരളത്തിലേക്ക് കൊണ്ടുവരുന്നു. അതിൽ ആയിരം മൊബൈൽ ഫോൺ വിറ്റാൽ അതിന്റെ ജി.എസ്.ടി മാത്രമാണ് സംസ്ഥാനത്തിന് കിട്ടുക. ബാക്കി 9,000 ഫോണുകളും വിൽക്കുന്ന മുറയ്‌ക്കേ ജി.എസ്.ടി കിട്ടൂ. ഈ കാലവിളംബം സംസ്ഥാനത്തിന് സാമ്പത്തിക ബുദ്ധിമുട്ടുണ്ടാക്കും. വിൽക്കുന്ന മുറയ്‌ക്ക് വ്യാപാരികൾ നൽകുന്ന റിട്ടേൺ അനുസരിച്ചാണ് ഇൗയിനത്തിൽ വരുമാനം കിട്ടുന്നത്. വാറ്റ് സമ്പ്രദായത്തിൽ മൊത്തം നികുതിയും കൈയോടെ കിട്ടുമായിരുന്നു.
കണക്കിൽ സംസ്ഥാനത്തിന് ജി.എസ്. ടി.യായി നല്ലൊരു തുക ഉണ്ടെങ്കിലും അത് കൈയിൽ കിട്ടില്ല. ഇ - വേ ബിൽ സോഫ്റ്റ്‌വെയർ പൂർണമാകാത്തതിനാൽ ഇതിന്റെ കൃത്യമായ കണക്കും രേഖപ്പെടുത്തുന്നില്ല.

''നിയമത്തിലെ ചട്ടം 18 മാറ്റണമെന്ന് അടുത്ത ജി.എസ്.ടി.കൗൺസിൽ യോഗത്തിൽ ആവശ്യപ്പെടും''

-- ധനമന്ത്രിയുടെ ഒാഫീസ്
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ