മെട്രോ ഇടനാഴിയിൽ കെട്ടിടനികുതി 50% കൂട്ടണം
November 27, 2017, 12:10 am
എം.എച്ച് വിഷ്‌ണു


തിരുവനന്തപുരം: തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളിൽ ലൈറ്റ്മെട്രോ കടന്നുപോകുന്ന പാതയ്ക്ക് ഇരുവശവും മെട്രോഇടനാഴിയായി പ്രഖ്യാപിച്ച്, അവിടെ കെട്ടിടനികുതി 50ശതമാനം വർദ്ധിപ്പിക്കാൻ ഡി.എം.ആർ.സി സർക്കാരിന് ശുപാർശ നൽകി.
പ്രതിവർഷം ഇങ്ങനെ സമാഹരിക്കുന്ന 20കോടി രൂപ ലൈറ്റ്മെട്രോ നിർമ്മാണത്തിനോ നടത്തിപ്പിനോ ഉപയോഗിക്കാം. കേന്ദ്രസർക്കാരിന്റെ മെട്രോനയത്തിന്റെ ഭാഗമായി തയ്യാറാക്കിയ പുതിയ പദ്ധതിരേഖയിലാണ് ഈ ശുപാർശ. കലൂർ മുതൽ കാക്കനാട് വരെയുള്ള കൊച്ചി മെട്രോയുടെ രണ്ടാംഘട്ടത്തിനും ഇത് ബാധകമാക്കും.
മെട്രോ ഇടനാഴിയിൽ കൂടുതൽ ഉയരത്തിലും വിസ്തൃതിയിലും കെട്ടിടനിർമ്മാണം അനുവദിക്കും. നിലവിൽ ഭൂവിസ്തൃതിയുടെ രണ്ടര ഇരട്ടി വിസ്തീർണമുള്ള കെട്ടിടങ്ങൾ നിർമ്മിക്കാനേ അനുവദിയുള്ളൂ (ഫ്ലോർ ഏരിയാ റേഷ്യോ). ഇത് നാലിരട്ടിയായി വർദ്ധിപ്പിക്കാനാണ് ശുപാർശ. വാണിജ്യ, പാർപ്പിട സമുച്ചയങ്ങങ്ങൾ ഉയരുന്നതോടെ ജനസാന്ദ്രത കൂടുകയും ലൈറ്റ്മെട്രോ കൂടുതൽ ലാഭത്തിലാവുകയും ചെയ്യുമെന്നാണ് ഡി.എം.ആർ.സിയുടെ റിപ്പോർട്ട്. മെട്രോഇടനാഴി വരുന്നതോടെ അവിടെ സ്ഥലവില കൂടുകയും വ്യാപാരസമുച്ചയങ്ങൾ ഉയരുകയും ചെയ്യും. ഇടനാഴിയിൽ ആവശ്യമെങ്കിൽ രജിസ്ട്രേഷൻ നികുതിയും ഉയർത്താനാവും. നികുതിയിനത്തിൽ അധികം സമാഹരിക്കുന്ന പണത്തിന്റെ ഒരുവിഹിതം നഗരസഭകൾക്ക് നൽകാനും ഡി.എം.ആർ.സി ശുപാർശ നൽകിയിട്ടുണ്ട്.
തിരുവനന്തപുരത്ത് പള്ളിപ്പുറം ടെക്നോസിറ്റി മുതൽ കരമന വരെയുള്ള 21.82കിലോമീറ്ററും കോഴിക്കോട്ട് മീഞ്ചന്ത മുതൽ മെഡി.കോളേജ് വരെയുളള 13.30 കിലോമീറ്ററുമാണ് മെട്രോഇടനാഴിയായി പ്രഖ്യാപിക്കുക. കേന്ദ്രസർക്കാരിന്റെ പുതിയ മെട്രോനയത്തിന്റെ ഭാഗമായി ലൈറ്റ്മെട്രോയുടെ തുടർവികസനത്തിന് പണമുണ്ടാക്കാനുള്ള മാർഗ്ഗങ്ങൾ സംസ്ഥാനം കണ്ടെത്തേണ്ടതുണ്ട്. ഇതേക്കുറിച്ച് വിശദമായപദ്ധതിരേഖ സമർപ്പിച്ചാലേ ലൈറ്റ്മെട്രോയ്ക്ക് അനുമതിയും വിഹിതവും നൽകുന്നത് കേന്ദ്രസർക്കാർ പരിഗണിക്കൂ. ഇതേത്തുടർന്നാണ് ട്രാൻസിറ്റ് ഓറിയന്റഡ് ഡെവലപ്മെന്റ് എന്നപേരിൽ ഡി.എം.ആർ.സി വികസനപദ്ധതിയുണ്ടാക്കിയത്. ലൈറ്റ്മെട്രോയ്ക്ക് 1619കോടിയുടെ കേന്ദ്രവിഹിതവും 3832കോടിയുടെ വിദേശവായ്‌പയ്ക്കുള്ള കേന്ദ്രഗാരന്റിയും ലഭിക്കേണ്ടതുണ്ട്. പദ്ധതി പൂർത്തിയായശേഷമുള്ള ചിലവുകൾക്കും നടത്തിപ്പിനുമായി സംസ്ഥാനമാണ് പണം കണ്ടെത്തേണ്ടത്.
ഒരുകിലോമീറ്റർ ലൈറ്റ്മെട്രോ നിർമ്മാണത്തിന് 200കോടിയാണ് ചിലവ്. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ 20ശതമാനംവീതം വിഹതവും 60ശതമാനം വിദേശവായ്പയുംചേർത്താണ് ലൈറ്റ്മെട്രോ പൂർത്തിയാക്കുക. ആദ്യവർഷങ്ങളിൽ ലൈറ്റ്മെട്രോ നഷ്‌ടത്തിലായിരിക്കും. ഈ കാലയളവിൽ മെട്രോയിലേക്ക് യാത്രക്കാരെ എത്തിക്കാനുള്ള ഫീ‌ഡർസർവീസ്, റോഡ്-ജംഗ്ഷൻ പരിപാലനം, യാത്രക്കാർക്കുള്ള സൗകര്യങ്ങൾ, ശുചീകരണം എന്നിവയ്ക്ക് തടസമുണ്ടാകാതിരിക്കാനാണ് മറ്റുമാർഗ്ഗങ്ങളിലൂടെ പണമുണ്ടാക്കാനുള്ള കേന്ദ്രനിർദ്ദേശം. രണ്ട് ലൈറ്റ്മെട്രോകൾക്കും കൊച്ചിമെട്രോയ്ക്കുമായി പ്രത്യേകം അതോറിട്ടികൾ (യൂണിഫൈഡ് മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് അതോറിട്ടി) രൂപീകരിക്കണമെന്നും കേന്ദ്രം നിർദ്ദേശിച്ചിട്ടുണ്ട്.

മെട്രോ ഇടനാഴി
ഒരുകിലോമീറ്ററിൽ

ലൈറ്റ്മെട്രോയുടെ രണ്ട് വശത്തുമായി 500മീറ്റർ വീതം വിസ്തൃതിയിലാണ് മെട്രോഇടനാഴി വരുന്നത്. കടകളും ഫ്ലാറ്റുകളും കൂട്ടുന്നതോടെ ഈ പ്രദേശം ജനസാന്ദ്രതകൂടിയതാകും. രണ്ട് നഗരങ്ങളുടെയും സമഗ്രമായ വികസനമാണ് ലക്ഷ്യം.

കെട്ടിടങ്ങൾ മാനംമുട്ടും

മെട്രോഇടനാഴിയിൽ നിർമ്മാണത്തിന് ഇളവുനൽകുന്നതോടെ അംബരചുംബികളായ കെട്ടിടങ്ങൾ ഉയരും. 10സെന്റ് കൈവശമുണ്ടെങ്കിൽ ഭൂവിസ്തൃതിയുടെ രണ്ടരഇരട്ടിയേ കെട്ടിടനിർമ്മാണം നിലവിൽ അനുവദിക്കൂ. ഇത് നാലിരട്ടിയായി വർദ്ധിപ്പിക്കും. എത്രനിലകളുണ്ടായാലും കെട്ടിടവിസ്തൃതി ഭൂവിസ്തൃതിയുടെ നാലിരട്ടിയിൽ ഒതുക്കിയാൽ മതി.
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ