പബ്ലിക്ക് ലൈബ്രറിയെയും ശ്വാസം മുട്ടിച്ച്ലൈബ്രറി കൗൺസിലിനെ ഒതുക്കുന്നു
December 2, 2017, 12:10 am
എൻ.പി.മുരളീകൃഷ്ണൻ
 

തിരുവനന്തപുരം:കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെയും വായനാ സംസ്‌കാരത്തിന്റെയും മാർഗ്ഗദീപമാകേണ്ട ലൈബ്രറി കൗൺസിലിന്റെ പ്രവർത്തനം വെട്ടിച്ചുരുക്കാൻ നീക്കം.
ഏറെ സ്ഥലപരിമിതിയുള്ള തിരുവനന്തപുരം സ്റ്റേറ്റ് സെൻട്രൽ ലൈബ്രറി കോമ്പൗണ്ടിൽ15 സെന്റ് തികച്ചില്ലാത്ത സ്ഥലത്ത് ആസ്ഥാനം മാത്രം പണിയാനാണ് നീക്കം. ഭൂമി 30 വർഷത്തേക്ക് പ്രതിവർഷം 1000 രൂപയ്ക്ക് പാട്ടത്തിനെടുക്കുന്നു എന്നാണ് കഴിഞ്ഞ ആഗസ്റ്റിൽ ഇറക്കിയ സർക്കാർ ഉത്തരവിൽ പറയുന്നത്. വർഷങ്ങളായി തലസ്ഥാനത്ത് വാടകക്കെട്ടിടങ്ങളിൽ മാറി മാറി പ്രവർത്തിക്കുകയാണ് ലൈബ്രറി കൗൺസിൽ.
തലസ്ഥാനത്തിന്റെ സാംസ്‌കാരിക പൈതൃക സ്ഥാപനമായ സ്റ്റേറ്റ് സെൻട്രൽ ലൈബ്രറിയുടെയും വളർച്ച തടസപ്പെടുത്തുന്ന ഈ നീക്കത്തിനെതിരെ വായനക്കാരുടെ കൂട്ടായ്‌മകളും സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്.
വിശാലമായ ഓപ്പൺ സ്‌പേസ്, ഓഡിറ്റോറിയം, സമ്മേളന നഗരി, വാസഗൃഹം, സമ്പൂർണ റഫറൻസ് ലൈബ്രറി തുടങ്ങി പഠനത്തിനും പരിശീലനത്തിനും ഗവേഷണത്തിനും താമസത്തിനും സൗകര്യങ്ങളുള്ള മന്ദിരമാണ് കൗൺസിൽ ആസ്ഥാനത്തിന് വേണ്ടത്. ഇതിന് മൂന്നേക്കറെങ്കിലും വേണം. ഡിജിറ്റൽ ലൈബ്രറി വെർച്വൽ ലൈബ്രറി എന്നിവ തുടങ്ങിയാൽ റൂറൽ ലൈബ്രറിയിലൂടെ ഗ്രാമീണ ജനങ്ങൾക്ക് ആവശ്യമുള്ള മുഴുവൻ രേഖകളും ലഭിക്കും. 1989ലെ കേരള പബ്ലിക് ലൈബ്രറീസ് (കേരള ഗ്രന്ഥശാല സംഘം) ആക്ടിൽ ലൈബ്രറി കൗൺസിലിന് വിപുലമായ പ്രവർത്തനച്ചുമതലകളുണ്ട്. പലയിടത്തും ഇഷ്‌ടം പോലെ സർക്കാർ സ്ഥലം ഉള്ളപ്പോഴാണ് ലൈബ്രറി കൗൺസിലിനെ പബ്ലിക് ലൈബ്രറി കോമ്പൗണ്ടിൽ തളച്ചിടാൻ ശ്രമിക്കുന്നത്.

വിശാലമായ സ്ഥലം കണ്ടെത്തണം
''ഒരു ലക്ഷത്തിലേറെ അംഗങ്ങളുള്ള സ്റ്റേറ്റ് സെൻട്രൽ ലൈബ്രറിയിൽ ദിവസവും ആയിരത്തിലേറെ വായനക്കാർ എത്തുന്നുണ്ട്. ഹെറിറ്റേജ് മന്ദിരം ഉൾപ്പെടെ മൂന്ന് പ്രധാന കെട്ടിടങ്ങൾ ഇപ്പോൾ തന്നെ കോമ്പൗണ്ടിലുണ്ട്. ഒരു കെട്ടിടം കൂടി വന്നാൽ സ്ഥലപരിമിതി രൂക്ഷമാകും. ലൈബ്രറി കൗൺസിൽ ആസ്ഥാനത്തിന് വിശാലമായ സ്ഥലം സർക്കാർ കണ്ടെത്തണം. പബ്ലിക്ക് ലൈബ്രറിയിൽ കൗൺസിൽ ആസ്ഥാനം പണിയാനുള്ള ഉത്തരവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിക്കും ഉന്നത വിദ്യാഭ്യാസ സെക്രട്ടറിക്കും നിവേദനം നൽകിയിട്ടുണ്ട്''.
- വായനാവേദി കൂട്ടാ‌യ്‌മ, തിരുവനന്തപുരം
crr....
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ