കാൻസർ ചികിത്സ ഇനി ഒരു കുടക്കീഴിൽ
November 29, 2017, 12:10 am
എസ്. പ്രേംലാൽ
തിരുവനന്തപുരം : ഫലപ്രദമായ ചികിത്സ എല്ലാ കാൻസർ രോഗികൾക്കും ഉറപ്പാക്കാൻ സംസ്ഥാനത്ത് കാൻസർ നയം വരുന്നു. കാൻസർ ബാധിതർ എത്ര , ചികിത്സ തേടുന്നവരുടെ എണ്ണം, എതൊക്കെ രീതിയിലാണ് ചികിത്സ എന്നതിന് വ്യക്തമായ കണക്ക് ഇപ്പോഴില്ല. ഇതിന് മാറ്റം വരുത്തി കൃത്യമായ മോണിട്ടറിംഗിന് സംവിധാനമൊരുക്കുകയാണ് നയത്തിന്റെ ലക്ഷ്യം. എല്ലാ ആശുപത്രികളിലേയും ചികിത്സ ഒരു കുടക്കീഴിലാക്കും .
സർക്കാർ നിർദ്ദേശപ്രകാരം സംസ്ഥാനത്തെ കാൻസർ ചികിത്സാ വിദഗ്ദ്ധരായ 36 ഡോക്ടർമാരുടെ സംഘം ചർച്ചകൾ നടത്തി നയത്തിന് രൂപം നൽകി. ഒരാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കും.

 നാഷണൽ ഗ്രിഡ് മാതൃകയിൽ

ദേശീയതലത്തിൽ നിലവിലുള്ള 41 കാൻസർ ചികിത്സാ കേന്ദ്രങ്ങൾ ഉൾപ്പെടുന്ന നാഷണൽ കാൻസർ ഗ്രിഡ് എന്ന സംവിധാനത്തിന്റെ മാതൃകയിലാണ് സംസ്ഥാനത്ത് നയം രൂപീകരിക്കുന്നത്. ആർ.സി.സി, മലബാർ കാൻസർ സെന്റർ, മെഡിക്കൽ കാേളേജുകൾ എന്നിവയ്ക്ക് പുറമേ സ്വകാര്യമേഖലയിൽ അമൃത ആശുപത്രിയിലുമാണ് ഇപ്പോൾ കാൻസർ ചികിത്സയുള്ളത്. കൂടുതൽ ആശുപത്രികളിൽ വിദഗ്ദ്ധ ചികിത്സ ലഭ്യമാക്കണമെന്നാണ് സംഘത്തിന്റെ വിലയിരുത്തൽ.


 പി.എച്ച് സെന്ററിലും പരിശോധന

പ്രാരംഭദിശയിൽ തന്നെ കണ്ടെത്തി ചികിത്സിച്ചാൽ മിക്ക കാൻസറും ഭേദമാക്കാം. ഇതിനായി രോഗം കണ്ടെത്താനുള്ള സൗകര്യങ്ങൾ പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ മുതൽ ഏർപ്പെടുത്തും.

നയത്തിലെ നിർദ്ദേശങ്ങൾ


1. സ്വകാര്യ ആശുപത്രികളുടെ പങ്കാളിത്തം കാൻസർ ചികിത്സയിൽ ഉറപ്പ് വരുത്തും.
2. ആധുനിക ചികിത്സ എല്ലാവിഭാഗക്കാർക്കും ലഭ്യമാക്കും.
3. എല്ലാ മെഡിക്കൽ കോളേജുകളിലും കാൻസർ ചികിത്സയ്ക്ക് സംവിധാനമൊരുക്കും.

കൂടുതൽ സ്ത്രീകളിൽ
ഇന്ത്യയിൽ ഒരു ലക്ഷം പുരുഷൻമാരിൽ 130 പേരും സ്ത്രീകളിൽ 140 പേരും കാൻസർ ബാധിതരാണ്. പത്ത് ലക്ഷം പേരിൽ പ്രതിവർഷം കാൻസർ കണ്ടെത്തുന്നു. കേരളത്തിൽ ആർ.സി.സിയിൽ മാത്രം വർഷം 60,000 പേർചികിത്സ തേടിയെത്തുന്നു.

പുരുഷൻമാരിലെ കാൻസർ
15 വയസിനും 34നുമിടയ്ക്ക് രക്താർബുദം
35 നും 64 നുമിടയിൽ വായ, തൊണ്ട കാൻസർ
65 ന്ശേഷം ശ്വാസകോശ കാൻസർ

സ്ത്രീകളിൽ ഇങ്ങനെ
15 ന് താഴെ രക്താർബുദം
15 നും 34നുമിടയിൽ തൈറോയ്ഡ് കാൻസർ
35 ന് മേൽ സ്തനാർബുദം


 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ