നൂറ് മേനി കൊയ്‌ത് 'സങ്കീർത്തനം പോലെ'
November 29, 2017, 1:34 am
എൻ.പി.മുരളീകൃഷ്ണൻ
തിരുവനന്തപുരം: 'തോരാതെ പെയ്യുന്ന ഒരു പെരുമഴയിൽ എന്റെ മനസ്സിലെ പച്ചക്കാടുകൾ കത്തിക്കൊണ്ടിരുന്നു...'
മഴയുള്ള ആ രാത്രിയിൽ ദസ്‌തയേവ്സ്‌കിയെ അക്ഷരങ്ങളിലേക്കു പകർത്തിയ ഹൃദയത്തിന്റെ ആളിക്കത്തലിനെ പെരുമ്പടവം ശ്രീധരൻ വിശേഷിപ്പിച്ചതിങ്ങനെയാണ്. ഇരുപത്തിനാല് വർഷം കഴിഞ്ഞിരിക്കുന്നു. മലയാള നോവലിലെ ഏകാന്തവിസ്മയമായ 'ഒരു സങ്കീർത്തനം പോലെ' നൂറാം പതിപ്പ് വരികയാണ്. പ്രകാശനം ഡിസംബർ രണ്ടിന് തിരുവനന്തപുരം പ്രസ്‌ക്ലബ്ബിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.
റഷ്യൻ നോവലിസ്റ്റായ ഫയോദോർ ദസ്‌തയേവ്സ്‌കിയുടെയും പ്രണയിനി അന്നയുടെയും കഥപറഞ്ഞ നോവൽ പെട്ടെന്നാണ് വായനക്കാരുടെ ഹൃദയങ്ങൾ കീഴടക്കിയത്. 1992ലെ ദീപിക വാർഷികപ്പതിപ്പിലൂടെയാണ് ഒരു സങ്കീർത്തനം പോലെ ആദ്യം വായനക്കാരിൽ എത്തുന്നത്. 1993 സെപ്തംബറിലാണ്‌ സങ്കീർത്തനം പബ്ലിക്കേഷൻസിന്റെ ആദ്യപുസ്തകമായി ഇത് പുറത്തിറങ്ങിയത്. അത് ആശ്രാമം ഭാസിയെന്ന പ്രസാധകനും പെരുമ്പടവം ശ്രീധരനുമായുള്ള കൂട്ടുകെട്ടിന്റെയും തുടക്കമായി.
ആദ്യം അച്ചടിച്ചത് 3000 കോപ്പിയാണ്. 2012ൽ അമ്പതാം പതിപ്പ് ഇറങ്ങി. കാൽ നൂറ്റാണ്ടാകുമ്പോൾ രണ്ട് ലക്ഷത്തോളം കോപ്പികളാണ് വിറ്റത്. മരിച്ചുകൊണ്ടിരുന്ന വായനയെ തിരിച്ചെത്തിച്ച പുസ്തകമായാണ് തൊണ്ണൂറുകളിൽ നിരൂപകർ സങ്കീർത്തനത്തെ അടയാളപ്പെടുത്തിയത്. ഹിന്ദി, തമിഴ്, ഗുജറാത്തി, കന്നഡ, ആസാമീസ്, അറബിക്, ഇംഗ്ലീഷ് തുടങ്ങിയ ഭാഷകളിലേക്ക് നോവൽ തർജ്ജമ ചെയ്തു. 1996ലെ വയലാർ അവാർഡ് ഉൾപ്പെടെ അനേകം പുരസ്‌കാരങ്ങൾക്ക് അർഹമായി.
'ഹൃദയത്തിൽ ദൈവത്തിന്റെ കൈയൊപ്പുള്ള എഴുത്തുകാരൻ'എന്നാണ് ദസ്തയേവ്സ്‌കിയെ പെരുമ്പടവം വിശേഷിപ്പിച്ചത്. ഒരു സങ്കീർത്തനം ആ വിശേഷണം പെരുമ്പടവത്തിനും ചാർത്തി.


'ഹൃദയത്തിൽ ദൈവത്തിന്റെ കൈയൊപ്പുള്ള ഒരാൾ എന്നു ദസ്തയേവ്സ്‌കിയെ സങ്കൽപിച്ചപ്പോൾ ഒരു ദിവ്യ പ്രകാശം എന്റെ ഹൃദയത്തിൽ നിറഞ്ഞു. ആ നിമിഷങ്ങളിൽ എന്റെ ഹൃദയത്തിൽ ഒരു നക്ഷത്രം ഉദിച്ചുനിന്നതായി തോന്നി. അതോടെ എഴുത്തിന് വല്ലാത്ത വേഗമായി. ദസ്തയേവ്സ്‌കിയെ ഞാൻ അനുഭവിച്ചുതുടങ്ങി. നൂറു പതിപ്പിലെത്തുമ്പോൾ വായനക്കാർ നൽകിയ സ്‌നേഹത്തിന് അതേപടി സ്‌നേഹവും നന്ദിയും അർപ്പിക്കുന്നു'
-പെരുമ്പടവം ശ്രീധരൻ


''നൂറാം പതിപ്പിന്റെ ആഘോഷവും പുസ്തകത്തിന്റെ പ്രകാശനവും എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും നടത്തും. ഒട്ടേറെ ലൈബ്രറികളും സ്‌കൂളുകളും ആഘോഷത്തിന് മുന്നോട്ടുവന്നിട്ടുള്ളത് പുസ്തകത്തിന്റെ സ്വീകാര്യതയുടെ തെളിവാണ്''
-ആശ്രാമം ഭാസി

crr..

 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ