പുനരുജ്ജീവനം കാത്ത് വെള്ളായണി കനാൽ
December 5, 2017, 1:19 am
ആർ.എം. അനിൽകുമാർ
നേമം : വർഷങ്ങളായി മുടങ്ങിക്കിടന്ന വെള്ളായണി നോർത്ത് ബ്രാഞ്ച് കനാൽ പുനരുജ്ജീവന പ്രവർത്തനങ്ങൾ ജലസേചന വകുപ്പ് തുടങ്ങി. മറ്റു വകുപ്പുകളുടെ സഹകരണം കൂടി ലഭിച്ചാൽ വേനലെത്തും മുമ്പ് നെയ്യാർഡാമിൽ നിന്നും കനാൽ വഴി ജലമെത്തിച്ച് പരീക്ഷണം നടത്താമെന്നാണ് ജലസേചന വകുപ്പിന്റെ പ്രതീക്ഷ. പരീക്ഷണം വിജയിച്ചാൽ പ്രാവച്ചമ്പലം, നേമം, പാപ്പനംകോട് പ്രദേശവാസികൾക്ക് വേനലിനെ ഭയപ്പെടേണ്ട. കനാൽ യോഗ്യമായാൽ മേഖലയിലെ മുന്നൂറ്റി എഴുപത്തിണ്ട് ഹെക്ടർ പ്രദേശത്തെ കൃഷിക്ക് ഗുണമുണ്ടാകുമെന്നാണ് ജലസേചന വകുപ്പും കൃഷി വകുപ്പും കരുതുന്നത്.

കനാൽ ആരംഭിക്കുന്നത്
നെയ്യാർഡാമിൽ നിന്നും ആർ.ബി.സി (റൈറ്റ് ബാങ്ക് കനാൽ) വഴി മുക്കംപാലമൂട്ടിലെ ഹെഡ് വർക്സിലൂടെയാണ് (കനാലിനെ രണ്ടായി വിഭജിക്കുന്ന സ്ഥലം) നരുവാമൂട്ടിൽ കനാൽ എത്തിച്ചേരുന്നത്. കനാൽ രണ്ടായി പിരിയുന്നിടത്തു നിന്നു പ്രാവച്ചമ്പലത്തെ അക്വഡക്റ്റ് വഴി 9150 മീറ്റർ സഞ്ചരിച്ച് കൈമനത്തിന് സമീപം തിരുവല്ലം റോഡിൽ ഒരു കി.മീ മാറി അവസാനിക്കുന്നു. ഏതാണ്ട് 70 വർഷങ്ങൾക്ക് മുമ്പ് നിർമ്മിച്ചതാണ് വെള്ളായണി നോർത്ത് ബ്രാഞ്ച് കനാൽ. കനാൽ വീതി 4.2 മീറ്ററിൽ കുറവായതുകൊണ്ട് ചാനൽ എന്നാണ് പറയുന്നത്.

മാലിന്യ കേന്ദ്രം
വർഷങ്ങളായി ഉപയോഗശൂന്യമായിരുന്നതിനാൽ കനാലിൽ മാലിന്യം നിറഞ്ഞിരിക്കുകയാണ്. നരുവാമൂട് ഭാഗത്ത് പ്ലാസ്റ്റിക് കൂമ്പാരം നിറഞ്ഞിരിക്കുകയാണ്. ഇരുകരയിലെയും വീടുകളിൽ നിന്നുള്ള മാലിന്യം ചാനലിലേക്കാണ് പുറന്തള്ളുന്നത്. തടസം കാരണം നെയ്യാർഡാമിൽ നിന്നുള്ള വെള്ളം ചാനലിന്റെ നാല് കി.മീ ദൂരമേ ഇപ്പോൾ എത്തുന്നുള്ളൂ.

പദ്ധതി നടത്തിപ്പ് ചുമതല
ചാനൽ നിർമാണവും പരിപാലനവും മേജർ ഇറിഗേഷന്റെ നെയ്യാർ ജലസേചന പദ്ധതിക്കാണ്. കനാലിൽ നിന്നു ചെറിയ പൈപ്പ് വഴി കുളത്തിലോ പാടശേഖരങ്ങളിലോ വെള്ളമെത്തിക്കുന്നതും തുടർ പ്രവർത്തനങ്ങളും നിയന്ത്രിക്കുന്നത് കാഡ (കമാൻഡ് ഏരിയാ ഡെവലപ്മെന്റ് അതോറിട്ടി)യാണ്. എന്നാൽ അഞ്ച് വർഷം മുമ്പ് കാഡയുടെ പ്രവർത്തനം നിലച്ചതോടെ ഇതും ജലസേചന വകുപ്പിന്റെ നിയന്ത്രണത്തിലായി.

കാഡ പദ്ധതി നിലച്ചു
കാഡകൾ അടഞ്ഞതും ദേശീയപാത അതോറിട്ടി ഓടകൾ നിർമിക്കാതിരുന്നതും മഴവെള്ളം കനാലിലേക്ക് ഒഴുകാൻ കാരണമായി. കഴിഞ്ഞ മാസമുണ്ടായ ശക്തമായ മഴയിൽ കുടത്തറവിളാകത്തിലെ ചാനൽകര വീടുകൾ വെള്ളത്തിലായി. ഒടുവിൽ പ്രദേശവാസികൾ ചാനലിന്റെ ബണ്ട് പൊട്ടിച്ച് വെള്ളം അടുത്ത പുരയിടത്തിലേക്ക് തുറന്നു വിടുകയായിരുന്നു. ഇതുസംബന്ധിച്ച് നേമം പൊലീസിൽ പരാതി നിലവിലുണ്ട്.

കൈയേറ്റം വ്യാപകം
ജലസേചന വകുപ്പിന്റെ സമ്മതപത്രം ഇല്ലാതെയാണ് കനാലിന് സമീപം കെട്ടിടം നിർമിക്കുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനം അനുമതി നൽകുന്നതെന്ന ആക്ഷേപമുണ്ട്. കാഡയുടെ മുകളിലാണ് പലയിടങ്ങളിലും കൈയേറ്റം. സർക്കാർ ഭൂമി അളന്നു തിട്ടപ്പെടുത്താൻ തഹസിൽദാർക്ക് കത്ത് നൽകിയെങ്കിലും നടപടിയുണ്ടായില്ലെന്ന് ജലസേചന വകുപ്പ് പറയുന്നു. സംയുക്തമായി സ്ഥലം നിർണയിക്കാൻ ശ്രമിക്കുന്നതാണ് കാലതാമസമുണ്ടാക്കുന്നതെന്നാണ് റവന്യൂ വകുപ്പിന്റെ പക്ഷം.

പട്ടയം ലഭിക്കില്ല എന്ന് ഉറപ്പുള്ള ഭൂമിയിൽ നിന്നും ചാനൽ കരയിൽ താമസിക്കുന്നവർക്ക് പുനരധിവാസം ഉറപ്പ് വരുത്തി ചാനൽകരയിൽ നിന്നും അവരെ ഒഴിപ്പിച്ചാൽ മാത്രമേ ചാനൽ പരിപാലനം കൃത്യമായി നടത്താൻ സാധിക്കുകയുള്ളു. ലൈഫ് പദ്ധതി പട്ടികയിൽ ഇവരുടെ പേരുകളുണ്ട്. എന്നാൽ തദ്ദേശസ്വയംഭരണ വകുപ്പ് ഇവരെ മാറ്റിപ്പാർപ്പിക്കാനുള്ള സ്ഥലം ഇതു വരെ കണ്ടെത്തിട്ടില്ല.


ആദ്യ ഘട്ടം 7 കിലോമീറ്റർ
ചാനലിലെ കാട് വെട്ടിത്തെളിക്കാൻ കരാർ നൽകി പ്രവർത്തനം നടക്കുകയാണെന്ന് അസി. എൻജിനിയർ പറഞ്ഞു. പൊളിഞ്ഞ ഭിത്തി പുനർനിർമിച്ചു തുടങ്ങിയിട്ടുണ്ട്.
സ്റ്റുഡിയോ റോഡിൽ നിന്നു വെള്ളായണി ജംഗ്ഷൻ റോഡിന് അടിയിലൂടെ പൊന്നുമംഗലം പാടശേഖരത്തേക്ക് നിലവിലുള്ള പൈപ്പിലെ തടസം നീക്കാനുള്ള ശ്രമം തുടരുകയാണ്. കാഡയിലൂടെ വെള്ളം നന്തൻകോട് കുളത്തിലെത്തിക്കുന്നതോടെ ആദ്യഘട്ടം അവസാനിക്കും.

രണ്ടാം ഘട്ടം
രണ്ടാം ഘട്ടത്തിൽ പാപ്പനംകോട് സിഗ്നൽ ജംഗ്ഷന് നൂറു മീറ്റർ താഴെ സ്ഥിതി ചെയ്യുന്ന കട്ട് ആൻഡ് കവറിലെ (റോഡിന് അടിയിലൂടെയുള്ള തുരങ്കം) തടസങ്ങൾ നീക്കി ചാനൽ അവസാനിക്കുന്നിടത്തെത്തിക്കുകയാണ് ലക്ഷ്യം.

cccc
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ