തെറ്റു തിരുത്തുന്ന കേരള സർവകലാശാല
December 1, 2017, 2:00 am
സർക്കാരിനൊപ്പം നിയമനങ്ങളിൽ സംവരണ വ്യവസ്ഥ അഭംഗുരം പാലിക്കാൻ ബാദ്ധ്യസ്ഥമായ സർവകലാശാലകളിൽ നടന്നുവരുന്ന സംവരണത്തട്ടിപ്പുകൾ പലപ്പോഴും വിവാദമാകാറുണ്ട്. സംസ്ഥാനത്തെ ഒരു സർവകലാശാലയും ഇക്കാര്യത്തിൽ പിന്നിലല്ലെന്നതാണു എടുത്തു പറയേണ്ട വസ്തുത. സംസ്ഥാനത്തെ പ്രഥമ സർവകലാശാലയെന്ന പദവി പേറുന്ന കേരള സർവകലാശാല സംവരണ വിഷയത്തിൽ സ്വാഗതാർഹമായ പുതിയൊരു അദ്ധ്യായം രചിച്ച വാർത്ത കണ്ടപ്പോഴാണ് കാലത്തിന്റെ മാറ്റത്തെക്കുറിച്ച് ഓർത്തുപോയത്. താഴ്‌ന്ന തസ്തികകളിൽ സംവരണ വ്യവസ്ഥ പാലിക്കാറുണ്ടെങ്കിലും അദ്ധ്യാപക നിയമനങ്ങളിൽ അതു കൃത്യമായി പാലിക്കപ്പെടാറില്ല. പ്രൊഫസർ, അസോസിയേറ്റ് പ്രൊഫസർ, അസിസ്റ്റന്റ് പ്രൊഫസർ എന്നീ ഉന്നത നിയമനങ്ങളിൽ സംവരണ വിഭാഗക്കാരിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് പലപ്പോഴും നീതി നിഷേധമാണു നേരിട്ടുകൊണ്ടിരിക്കുന്നത്. പ്രത്യേകിച്ചും നേരിട്ടുള്ള നിയമനങ്ങളിൽ. പതിറ്റാണ്ടുകളായി തുടർന്നുവരുന്ന ഈ അനീതിക്കാണ് ഇപ്പോൾ പരിഹാരമുണ്ടാകാൻ പോകുന്നത്. സർവകലാശാലയിൽ ഒഴിവുള്ള 105 ഉന്നത അദ്ധ്യാപക തസ്തികകളിലെ നിയമനത്തിന് അപേക്ഷ ക്ഷണിച്ചപ്പോൾ അതിൽ അൻപത്തേഴെണ്ണം സംവരണ സമുദായങ്ങൾക്കായി മാറ്റിവച്ചിരിക്കുകയാണ്. സർവകലാശാലയുടെ ചരിത്രത്തിൽ ആദ്യമാണ് ഇത്തരത്തിലൊരു ധീരമായ തീരുമാനം. സിൻഡിക്കേറ്റിൽ മുന്നാക്ക വിഭാഗം അംഗങ്ങളുടെ രൂക്ഷമായ എതിർപ്പു നേരിട്ടുകൊണ്ടാണ് തങ്കലിപികളിൽ എഴുതേണ്ട ഈ തീരുമാനം സർവകലാശാല കൈക്കൊണ്ടത്. വൈസ് ചാൻസലർ പി.കെ. രാധാകൃഷ്ണന് ഇതിനായി തന്റെ പ്രത്യേകാധികാരം തന്നെ ഉപയോഗിക്കേണ്ടതായി വന്നു. സംവരണ വ്യവസ്ഥ കർക്കശമായി പാലിക്കാനുള്ള നിർദ്ദേശത്തെ എതിർത്തവരിൽ ഭരണപക്ഷത്തും പ്രതിപക്ഷത്തുമുള്ള മുന്നാക്ക വിഭാഗാംഗങ്ങൾ ഒറ്റക്കെട്ടായിരുന്നുവെന്നതാണ് ഓർമ്മിക്കപ്പെടേണ്ട മറ്റൊരു കാര്യം. പിന്നാക്ക വിഭാഗക്കാർ, എത്രതന്നെ യോഗ്യരാണെങ്കിലും തലപ്പത്തു വരരുതെന്ന ദുഷ്ടബുദ്ധി തന്നെയാണ് എതിർപ്പിനു പിന്നിലെ പ്രധാന കാരണം. ജാതിയുടെ പേരിൽ പാർശ്വവൽക്കരിക്കപ്പെട്ടവരും അവഗണിക്കപ്പെട്ടവരും എക്കാലവും അധികാര കേന്ദ്രങ്ങളിൽ നിന്ന് ദൂരെ മാറി നിൽക്കണമെന്ന സവർണ ചിന്താഗതിക്കാർക്ക് കേരള സർവകലാശാലയുടെ പുതിയ തീരുമാനം ഒട്ടും ഹിതകരമാകുകയില്ലെന്നു തീർച്ചയാണ്. ഒറ്റ ഒഴിവുള്ള അദ്ധ്യാപക തസ്തികയ്ക്കും ഇനി സംവരണ വ്യവസ്ഥ ബാധകമാക്കിയ കേരള സർവകലാശാല ഇതോടെ പ്രശംസനീയമായ സാമൂഹിക ബാദ്ധ്യതയാണു നിറവേറ്റുന്നത്. ഇപ്പോൾ വിജ്ഞാപനം ചെയ്യപ്പെട്ടിരിക്കുന്ന മുപ്പതു പ്രൊഫസർ തസ്തികകളിൽ ഇരുപത്തെട്ടണ്ണവും ഒറ്റ ഒഴിവുകളാണെന്നറിയുമ്പോഴാണ് സംവരണ തീരുമാനത്തിന്റെ പ്രസക്തിയും അർത്ഥവും ബോദ്ധ്യമാവുക. ഇവയിൽ പതിനേഴെണ്ണം പിന്നാക്ക വിഭാഗങ്ങൾക്കു തന്നെ ലഭിക്കാൻ പോവുകയാണ്. അതുപോലെ തന്നെ 32 അസോസിയേറ്റ് പ്രൊഫസർ തസ്തികകളിൽ പതിനെട്ടണ്ണവും 43 അസിസ്റ്റന്റ് പ്രൊഫസർ ഒഴിവുകളിൽ ഇരുപത്തിരണ്ടെണ്ണവും സംവരണ വിഭാഗക്കാർക്കായി വീതിക്കപ്പെടും. മുൻകാലങ്ങളിൽ ഒറ്റ ഒഴിവുകൾ വരുമ്പോൾ പിന്നാക്ക വിഭാഗങ്ങൾ പലപ്പോഴും അവഗണിക്കപ്പെടുകയായിരുന്നു പതിവ്. മുന്നാക്ക വിഭാഗക്കാർ കുത്തകയാക്കി വച്ചിരുന്ന തസ്തികകളാണിവ. പ്രൊമോഷൻ വഴിയല്ലാതെ ഈ ഉന്നത തസ്തികകളിൽ കയറിപ്പറ്റുക പിന്നാക്കക്കാരെ സംബന്ധിച്ചിടത്തോളം അതീവ ദുഷ്‌കരമായിരുന്നു.
കേരള സർവകലാശാലയിലെ അദ്ധ്യാപക നിയമനങ്ങളിൽ നടന്നുവന്ന സംവരണ അട്ടിമറിക്കെതിരെ ഞങ്ങൾ നിരന്തരം ഇടപെട്ടതിന്റെ ഫലമായിട്ടാണ് യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് പ്രത്യേക നിയമം കൊണ്ടുവന്നതെന്നത് സ്മരണീയമാണ്. പ്രസ്തുത നിയമം ഫലപ്രാപ്തിയിലെത്താൻ നാലുവർഷം വേണ്ടിവന്നുവെന്നതും ആലോചനാമൃതമാണ്. പുരോഗമനവും വിശാല വീക്ഷണവുമെല്ലാം പറയുന്ന ഇരുപക്ഷത്തുമുള്ള രാഷ്ട്രീയക്കാരുടെ പ്രതിനിധികൾ, രാഷ്ട്രീയം മാറ്റിവച്ച് ജാതിക്കുപ്പായമണിഞ്ഞ് നിയമത്തെ വെല്ലുവിളിക്കാൻ നോക്കിയതും ജനങ്ങൾ നല്ല ബോധത്തോടെ കാണണം. ജാതിയും ജാതിചിന്തയും പാടില്ലെന്നു വലിയ വായിൽ പറയുകയും അവസരം കിട്ടുമ്പോഴെല്ലാം സ്വന്തം ഉൽക്കർഷത്തിനായി ജാതിമേലങ്കി അണിയുകയും ചെയ്യുന്നത് ഇരട്ടത്താപ്പാണ്. ജാതി യാഥാർത്ഥ്യമായിരിക്കുന്നിടത്തോളം കാലം അവസരങ്ങൾ തുല്യമായി വീതിക്കപ്പെടുകയും വേണം. ഭരണഘടനാധിഷ്ഠിതമായ സംവരണ വ്യവസ്ഥ നാനാതരത്തിലും അട്ടിമറിക്കാനുള്ള സംഘടിത ശ്രമം നടക്കുന്ന ഇക്കാലത്ത് കേരള സർവകലാശാല സവർണ വെല്ലുവിളി നേരിട്ടുകൊണ്ടുതന്നെ അദ്ധ്യാപക നിയമനത്തിൽ പിന്നാക്ക വിഭാഗങ്ങൾക്ക് അർഹമായ പങ്ക് നൽകാൻ കൈക്കൊണ്ട തീരുമാനത്തിലൂടെ സ്വന്തം തെറ്റു തിരിത്തുകയാണ് ചെയ്തത്.
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ