പ്രകൃതി ദുരന്തത്തെ ഒന്നിച്ചു നേരിടണം
December 2, 2017, 2:00 am
അപ്രതീക്ഷിതമായി പ്രകൃതി സൃഷ്ടിച്ച വലിയൊരു ദുരന്തത്തിൽപ്പെട്ട് കേരളം നടുങ്ങിനിൽക്കുകയാണ്. സംഹാര രൂപിണിയായി മുഖം കറുപ്പിച്ചെത്തിയ 'ഓഖി' ചുഴലിക്കൊടുങ്കാറ്റിന്റെ രൗദ്രഭീഷണിയിൽ നിന്ന് സംസ്ഥാനത്തിന്റെ തെക്കൻ ജില്ലകൾ ഏറക്കുറെ മോചിതമായിട്ടുണ്ടെങ്കിലും ഇതിനിടെ അതു വരുത്തിവച്ച കെടുതികൾ വിവരണാതീതമാണ്. കെടുതിയുടെ ആഘാതത്തിൽ നിന്ന് മോചിതമാകാൻ ദീർഘനാൾ വേണ്ടിവരും. വ്യാഴാഴ്ച ഉണ്ടായ കാറ്റിലും പേമാരിയിലും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ വ്യാപകമായ നാശനഷ്ടങ്ങളാണുണ്ടായത്. നാലുപേർക്കു ജീവനും നഷ്ടമായി. ഇതിനെക്കാളെല്ലാമുപരിയായി ബുധനാഴ്ച മീൻപിടിക്കാൻ പോയവരിൽ ഇരുനൂറിലധികം പേർ ഇതുവരെ മടങ്ങിവന്നിട്ടില്ലെന്ന വാർത്ത അത്യധികം സംഭ്രമജനകമാണ്. നാശകാരിയായ ചുഴലിക്കൊടുങ്കാറ്റിനെക്കുറിച്ചുള്ള പേടിപ്പെടുത്തുന്ന മുന്നറിയിപ്പുകൾ കേട്ട് തീരദേശം ഒന്നാകെ രണ്ടുദിവസമായി വിറങ്ങലിച്ചു നിൽക്കുകയാണ്. മുപ്പതിലേറെ ബോട്ടുകളും അൻപതോളം വള്ളങ്ങളും ഇനിയും തിരിച്ചെത്താനുണ്ടെന്നാണു പറയുന്നത്. കൃത്യമായ കണക്ക് ആരുടെയും കൈയിലില്ലാത്തതിനാൽ ഊഹാപോഹങ്ങൾക്കും അഭ്യൂഹങ്ങൾക്കും മികച്ച വിപണിയാണിപ്പോൾ. രക്ഷാപ്രവർത്തനങ്ങൾക്ക് കോസ്റ്റ്‌ ഗാർഡും മറ്റു സേനാ വിഭാഗങ്ങളും മുൻനിരയിലുള്ളതിനാൽ ഒരു പരിധി വരെ ആശ്വാസത്തിനു വകയുണ്ട്. എങ്കിലും തീരത്തെ കുടിലുകളിൽ നിന്നുയരുന്ന നിലവിളിയും വേവലാതിയും ശമിക്കണമെങ്കിൽ പോയവർ ഒന്നൊഴിയാതെ കരയ്ക്കണയുക തന്നെ വേണം.
പ്രകൃതിയുടെ തീരുമാനങ്ങൾ പലപ്പോഴും പ്രവചനാതീതമായതിനാൽ അതു നേരിടുന്നതിൽ ഭയാനകമായ വീഴ്ചകളും കാര്യക്ഷമതാരാഹിത്യവും സംഭവിച്ചുകാണാറുണ്ട്. 'ഓഖി' ചുഴലിക്കാറ്റിനെപ്പറ്റിയും അതു കരയിലും കടലിലും സൃഷ്ടിക്കാനിടയുള്ള മാരക വിപത്തുകളെക്കുറിച്ചും മത്സ്യത്തൊഴിലാളികൾക്ക് യഥാസമയം മുന്നറിയിപ്പു നൽകാൻ ചുമതലപ്പെട്ടവർക്ക് കഴിഞ്ഞില്ലെന്ന ആക്ഷേപം ഉയരുന്നുണ്ട്. സംസ്ഥാനം ഇതുപോലുള്ള വിപത്തുകൾ അധികമൊന്നും നേരിടേണ്ടിവരാത്തതുകൊണ്ടാവാം ദുരന്ത നിവാരണത്തിനു ചുമതലപ്പെട്ടവരിലും മന്ദത കടന്നുകൂടിയത്. ഏതു അടിയന്തര സാഹചര്യങ്ങളിലും ഇറങ്ങാൻ തക്ക വിധം പൂർണ സജ്ജമായിരിക്കേണ്ടവർ നിസംഗതയോടെ ഇരുന്നാൽ ജനം രൂക്ഷമായിത്തന്നെ പ്രതികരിച്ചെന്നിരിക്കും. ഇപ്പോൾ കാണുന്നതും അതാണ്. പോയ ബുദ്ധി തിരിച്ചുവരില്ലെന്നു പറഞ്ഞതു പോലെ വീഴ്ചയെക്കുറിച്ചും നിസംഗതയെക്കുറിച്ചും ഇനി വിലപിച്ചിട്ടു കാര്യമില്ല. ചെന്നുപെട്ടിരിക്കുന്ന ആപത്തിൽ നിന്ന് എങ്ങനെ മത്സ്യത്തൊഴിലാളികളെ രക്ഷിച്ച് കരയ്ക്കെത്തിക്കാനാകുമെന്നാണു നോക്കേണ്ടത്. പ്രതികൂല കാലാവസ്ഥ രക്ഷാപ്രവർത്തകരെയും ബാധിക്കുന്ന ഘടകം തന്നെയാണ്.
തുലാവർഷം അവസാനിക്കേണ്ട സമയത്ത് ചുഴലിക്കൊടുങ്കാറ്റു കൊണ്ടുവന്ന പേമാരി തെക്കൻ ജില്ലകളിൽ വ്യാപകമായ നാശമാണു വിതച്ചത്. മരങ്ങളും വൈദ്യുതി പോസ്റ്റുകളും മതിലുകളും മറ്റും തകർന്നുവീണ് വസ്തുവകകൾക്ക് വലിയ നാശമുണ്ടായിട്ടുണ്ട്. കരകൃഷിക്കും ഏറെ നാശമുണ്ടായി. കുളത്തൂപ്പുഴയിൽ മരം വീണ് ഓട്ടോറിക്ഷാ തൊഴിലാളിയും വിഴിഞ്ഞത്ത് മരം വീണു വീട് തകർന്ന് ഒരു വീട്ടമ്മയും ദാരുണ മരണത്തിനിരയായി. കാട്ടാക്കട കിള്ളിയിൽ വീട്ടുമുറ്റത്തു പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്നു ഷോക്കേറ്റാണ് വൃദ്ധദമ്പതികൾ മരിച്ചത്. മരങ്ങൾ കാറ്റിൽ പിഴുതുവീണ് ഒട്ടേറെ വാഹനങ്ങൾക്കും കെട്ടിടങ്ങൾക്കും തകരാർ സംഭവിച്ചിട്ടുണ്ട്. താഴ്‌ന്ന പ്രദേശങ്ങളിൽ വെള്ളം കയറിയതിനാൽ ഒട്ടേറെ പേരെ മാറ്റിപാർപ്പിക്കേണ്ടിവന്നു. സംസ്ഥാന സർക്കാർ ഒട്ടും സമയം കളയാതെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കിറങ്ങിയതാണ് ഒട്ടൊരു ആശ്വാസം. വ്യാപകമായുണ്ടായ വൈദ്യുതി തകരാറുകൾ നീക്കാൻ ജീവനക്കാർ വിശ്രമമില്ലാതെ പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ്. ജനങ്ങൾ ഇക്കാര്യത്തിൽ അവരോട് അത്യധികം കടപ്പെട്ടിരിക്കുന്നു. റോഡിലെ തടസങ്ങൾ മാറ്റാനും അപകടത്തിൽപ്പെട്ടവരെ രക്ഷിക്കാനും ഫയർഫോഴ്സ് വിഭാഗവും സ്തുത്യർഹമായ സേവനമാണു നടത്തുന്നത്. ഇതൊക്കെയാണെങ്കിലും ദുരിതങ്ങൾ നേരിടേണ്ടി വന്നവർക്ക് ദീർഘനാൾ വേണ്ടിവരും പഴയ നിലയിലെത്താൻ. ഇതിനായി സർക്കാരിന്റെ സഹായം എത്രയും വേഗം ലഭ്യമാക്കേണ്ടതുണ്ട്.
ദുരന്തങ്ങൾ സംഭവിക്കുമ്പോഴാണ് പ്രതിരോധ മാർഗങ്ങളെക്കുറിച്ചും മുന്നറിയിപ്പിനെക്കുറിച്ചുമെല്ലാം ജനങ്ങളെപ്പോലെ സർക്കാരും കൂടുതൽ ബോധവാന്മാരാകുന്നത്. ഓരോ ദുരന്തവും അതുകൊണ്ടുതന്നെ മികച്ച പാഠപുസ്തകം തന്നെയാണ്. പാതവക്കിലും കെട്ടിടങ്ങൾക്കു സമീപവും അപകടകരമായ നിലയിൽ നിൽക്കുന്ന മരങ്ങൾ എത്രമാത്രം ദോഷം ചെയ്യുമെന്ന് 'ഓഖി' കാട്ടിത്തന്നു. അതുപോലെ പാതകൾക്കിരുവശവും സംസ്ഥാനത്തിന്റെ ഒരറ്റം മുതൽ മറ്റേ അറ്റം വരെ ഉയർന്നു നിൽക്കുന്ന കൂറ്റൻ പരസ്യ ബോർഡുകളും എണ്ണമറ്റ ഫ്ളക്സ് ബോർഡുകളും വാഹനങ്ങൾക്കും യാത്രക്കാർക്കും എത്രമാത്രം അപകടകാരികളാണെന്നതും ഇപ്പോൾ മനസിലായി. ഇത്തരം കാര്യങ്ങളിൽ സ്വയം നിയന്ത്രണത്തിന് രാഷ്ട്രീയ കക്ഷികളും സംഘടനകളും സ്ഥാപനങ്ങളും തയ്യാറാകണം.
പ്രകൃതിയുടെ കഠിന പരീക്ഷകൾ അനവധിയാണെങ്കിലും മനുഷ്യർ ഓരോ ഘട്ടത്തിലും ധീരമായിത്തന്നെ അവ അതിജീവിച്ചിട്ടുമുണ്ട്. ദുരന്താവസരങ്ങളിലാണ് മനുഷ്യരിലെ നന്മയും സഹകരണ മനോഭാവവും സ്നേഹവുമൊക്കെ അപ്പാടെ പുറത്തുവരാറുള്ളത്. സംസ്ഥാനം ഇപ്പോൾ നേരിടുന്ന പ്രതിസന്ധിഘട്ടത്തിലും ജനങ്ങൾ അവസരത്തിനൊത്ത് ഉയരുമെന്നു തന്നെയാണു ഞങ്ങളുടെ പ്രതീക്ഷ. കുറ്റപ്പെടുത്താനും മാറി നിൽക്കാനുമുള്ള സമയം ഇതല്ലെന്ന് എല്ലാവരും ഓർക്കണം.
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ