കേരളത്തിൽ മാത്രം 7000 ഒഴിവുകൾ ; നിയമന നിരോധനത്തിൽ നട്ടംതിരിഞ്ഞ് ബി.എസ്.എൻ.എൽ
December 4, 2017, 12:10 am
പി.എച്ച്. സനൽകുമാർ
 

തിരുവനന്തപുരം: കൈനിറയെ ലാഭം നേടിയിട്ടും ബി. എസ്.എൻ.എല്ലിന്റെ കേരള ഘടകത്തിൽ നിലവിലുള്ള 7000 ഒഴിവുകളിൽ ഒന്നുപോലും നികത്താൻ അധികൃതർ തയ്യാറാവുന്നില്ല. ബി.എസ്.എൻ.എൽ രൂപീകരിച്ച 2000 മുതൽ നിലനില്ക്കുന്ന നിയമന നിരോധനത്തിന്റെ പേരിലാണ് ദൈനംദിന പ്രവർത്തനത്തെ അവതാളത്തിലാക്കുന്ന ഈ പിടിവാശി തുടരുന്നത്.
രാജ്യത്ത് ബി.എസ്.എൻ.എല്ലിന് ലാഭം നേടിക്കൊടുക്കുന്ന ഒരേയൊരു സംസ്ഥാനമാണ് കേരളം. ഗ്രൂപ്പ് ഡി, സി വിഭാഗങ്ങളിലായാണ് ഇവിടെ ഏഴായിരം ഒഴിവുകൾ ഉള്ളത്. മൂന്ന് വർഷത്തിനുള്ളിൽ ഇത് ഇരട്ടിയാകും. ജനങ്ങളുമായി നിരന്തരം ഇടപഴകുന്ന ടെലികോം ടെക്നിഷ്യൻ മുതൽ ഓഫീസ് സൂപ്രണ്ട് വരെയുള്ള തസ്തികകളിൽപ്പെടുന്നവരാണിത്. ഇതിൽ മാത്രമാണ്‌ നിയമനനിരോധനമുള്ളത്. ബി.എസ്.എൻ.എല്ലിന്റെ പ്രവർത്തനത്തെ ഇതിനകംതന്നെ ഇത്‌ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.
നിലവിൽ ഒരുകോടിയോളം മൊബൈൽ ഫോൺ വരിക്കാരും 22 ലക്ഷം ലാൻഡ് ലൈൻ വരിക്കാരും ബ്രോഡ് ബാൻഡ്, ഇന്റർനെറ്റ് വരിക്കാരും കേരളത്തിലുണ്ട്. പ്രതിവർഷം 10 ശതമാനത്തിലേറെയാണ് വളർച്ച. കഴിഞ്ഞ വർഷം 3104 കോടി രൂപയുടെ വരുമാനം നേടി. അതിനു മുൻവർഷം 2955 കോടി നേടിയിരുന്നു. കഴിഞ്ഞ വർഷം 700 കോടിയാണ് ലാഭം.
ടെക്നിഷ്യൻ പോലുള്ള തസ്തികകളിൽ ജീവനക്കാർ കുറഞ്ഞതോടെ ടെലിഫോൺ പരാതികൾ യഥാസമയം പരിഹരിക്കാനാകുന്നില്ല. കസ്റ്റമർ സർവീസ് സെന്ററുകൾ, ടെലിഫോൺ എക്സ്‌ചേഞ്ചുകൾ, ഫോൺ അറ്റകുറ്റപ്പണി തുടങ്ങിയ ജോലികൾക്ക് ജോലിക്കാരില്ലാത്ത സ്ഥിതിയാണ്.
2000 ൽ ടെലികോം വകുപ്പിൽ നിന്ന് മാറ്റി ബി.എസ്.എൻ.എൽ ആക്കിയതോടെ ഡി, സി വിഭാഗങ്ങളിൽ സ്ഥിരം ജീവനക്കാർക്കു പകരം കരാർ തൊഴിലാളികളെ നിയമിച്ചുതുടങ്ങി. ഇതുവരെ സംസ്ഥാനത്ത് 3500 പേരെ കരാർ അടിസ്ഥാനത്തിൽ നിയമിച്ചു. ഇവർക്ക് സാങ്കേതിക പരിജ്ഞാനമില്ലാത്തതാണ്‌ ഏറെ പ്രതിസന്ധിയുണ്ടാക്കുന്നത്. ഓരോ വർഷവും ആയിരത്തോളം പേർ വിരമിക്കുന്നുണ്ട്. 2022 ഓടെ നോൺ എക്സിക്യൂട്ടിവ് വിഭാഗത്തിലെ മുഴുവൻ ജീവനക്കാരെയും ഒഴിവാക്കാനാണ് ബി. എസ്.എൻ.എൽ ലക്ഷ്യമിടുന്നത്. ഇത് സ്വകാര്യവത്കരിക്കാനുള്ള നീക്കമാണെന്ന ആശങ്ക തൊഴിലാളി സംഘടനകൾക്കുണ്ട്.
അതേസമയം സീനിയർ അക്കൗണ്ട്സ് ഓഫീസർ മുതൽ മുകളിലേക്കുള്ള എക്സിക്യൂട്ടിവ് വിഭാഗങ്ങളിൽ നിയമന നിരോധനമില്ല. നിയമന നിരോധന പ്രശ്നത്തിൽ നിസഹായരാണെന്ന നിലപാടാണ് സംസ്ഥാനത്തെ ബി.എസ്.എൻ.എൽ അധികൃതർക്കുള്ളത്. ദേശീയ തലത്തിലുള്ള തീരുമാനമനുസരിച്ചാണ് താഴ്ന്ന തസ്തികകളിലേക്ക് നേരിട്ട് നിയമനം ഒഴിവാക്കുന്നത്. രാജ്യത്ത് പ്രതിവർഷം ഡി, സി വിഭാഗങ്ങളിൽ 15,000 ഒഴിവുകൾ ഉണ്ടാകുന്നുണ്ട്. ഇവയിലൊന്നും പുതിയ നിയമനം നടക്കുന്നില്ല. ലാഭത്തിൽ പ്രവർത്തിക്കുന്ന കേരളത്തിലെങ്കിലും ഈ നയത്തിൽ മാറ്റം വരുത്തണമെന്നാണ് ജീവനക്കാർ ആവശ്യപ്പെടുന്നത്.

crr

 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ