തല്ലിത്തകർത്ത് 'ഓഖി തളരുന്നു; അന്ത്യം സൂററ്റിൽ ബുധനാഴ്ച
December 4, 2017, 12:42 am
രാജൻ പുരക്കോട്
തിരുവനന്തപുരം : കന്യാകുമാരിയിലും കേരളത്തിന്റെ തീരമേഖലയിലും ഭീതി വിതച്ച് മുപ്പതോളം പേരുടെ ജീവനെടുക്കുകയും അറബിക്കടൽ ഇളക്കി മറിക്കുകയും ചെയ്ത 'ഓഖി' ചുഴലിക്കൊടുങ്കാറ്റ് അന്ത്യത്തോടടുക്കുന്നു. കേരളത്തിന്റെ തെക്കൻ മുനമ്പിൽ നിന്ന് ഇപ്പോൾ ആയിരത്തിലേറെ കിലോമീറ്റർ അകലെയാണ് ചുഴലി. ശക്തി കുറയുന്നതിന്റെ സൂചനകളാണുള്ളത്. വടക്ക് - പടിഞ്ഞാറൻ ദിശയിലുള്ള ഓഖി ഇന്ന് വടക്ക് - കിഴക്കോട്ട് തിരിഞ്ഞ് ബുധനാഴ്ച ( ഡിസം. 6 ) ഗുജറാത്തിലെ സൂറത്ത് മേഖലയിൽ ഒടുങ്ങും.
നവംബർ 28 ന് ശ്രീലങ്കൻ തീരത്തിനടുത്തുനിന്ന് സാധാരണ ന്യൂന മർദ്ദമായി ഉത്ഭവിച്ച് , മേഖലയിലെ നീരാവി ഊറ്രിക്കുടിച്ച് ഭീകരനായ ഓഖിക്ക്, ലക്ഷദ്വീപിലെ സംഹാരവും കഴിഞ്ഞതോടെ ശക്തി ക്ഷയിക്കുകയാണ്. അറേബ്യൻ മേഖലയിൽ നിന്നുള്ള ചൂടും, മഹാരാഷ്ട്ര മേഖലയിലെ വരണ്ട വായുവുമാണ് ചുഴലിയെ ദുർബലമാക്കി അന്ത്യത്തിലേക്ക് നയിക്കുന്നത്. കര പൂകുമ്പോഴോ, കടലിൽ വച്ചുതന്നെയോ ഈർപ്പം കുറഞ്ഞ വായു വലിച്ചെടുത്താലും ശക്തിയും വേഗതയും കുറയും. നീരാവി നിറഞ്ഞ വായു ഘനീഭവിക്കുമ്പോൾ നി‌‌ർഗമിക്കുന്ന ഊർജമാണ് ചുഴലിക്കാറ്രിന്റെ വളർച്ചയ്ക്കും ശക്തിവർദ്ധനയ്ക്കും കാരണം. ഡിസംബർ ഒന്നിന് ലക്ഷദ്വീപിലെ അമിനി, കൽപ്പേനി ദ്വീപുകളിലും നാശം വിതച്ച ഓഖി ഇപ്പോഴും സംഹാര ഭാവത്തിലാണ്. 135- 145 കിലോമീറ്റർ വേഗതയായിരുന്നു ഇന്നലെ ഉച്ചയ്ക്ക്. ഇന്ന് 115- 125 കിലോമീറ്ററായി കുറയും. തുടർന്ന് 70-80 , ബുധനാഴ്ച രാവിലെ ഗുജറാത്തിൽ എത്തുന്നതോടെ 40-50 എന്നിങ്ങനെയാവും. വൈകിട്ടോടെ 25-35 കിലോമീറ്ററായി സൂറത്തിനടുത്തുവച്ച് കാറ്റുപോകും.

ലക്ഷദ്വീപിൽ മീൻപിടിത്തക്കാർ
24 മണിക്കൂർ വിട്ടുനിൽക്കണം

 കർണാടക, ഗോവ, മഹാരാഷ്ട്ര സംസ്ഥാനക്കാർ 48 മണിക്കൂർ കടലിൽ പോകരുത്.
 ദക്ഷിണ ഗുജറാത്തു കാർ ഡിസം. 4 ന് വിട്ടുനിൽക്കണം
കൊടുങ്കാറ്റിൽ കടൽ പ്രക്ഷുബ്ധമായിരിക്കും.

വേഗതയിൽ എട്ട് ഇനങ്ങൾ

 31 കി. മീറ്റർ - ലോ ഡിപ്രഷൻ
 31-49 കി. മീറ്റർ - ഡിപ്രഷൻ
 50-61 കി. മീറ്രർ - ഡീപ് ഡിപ്രഷൻ
62-88 കി. മീറ്റർ - സൈക്ളോണിക് സ്റ്രോം
89-117 കി. മീറ്റർ. - സിവിയർ സൈക്ളോണിക് സ്റ്രോം
118-166 കി. മീറ്റർ.- വെരി സിവിയർ സൈക്ളോണിക് സ്റ്രോം
167-221 കി. മീറ്റർ. - എക്സ്ട്രീംലി സിവിയർ സൈക്ളോണിക് സ്റ്രോം
222 കി. മീറ്ററിനുമേൽ സൂപ്പർ സൈക്ളോൺ.

ആൻഡമാനിൽ ന്യൂന മർദ്ദം

വടക്കൻ സുമാത്രയ്ക്കടുത്തു നിന്നുള്ള വായുപ്രവാഹം ആൻഡമാൻ മേഖലയിൽ കടന്ന് ന്യൂനമർദ്ദമായി വികസിക്കുകയാണ്. അടുത്ത 48മണിക്കൂറിൽ ഇത് ശക്തിപ്പെട്ടേക്കും. ഇത് ഉത്തര തമിഴ്നാട്, ദക്ഷിണ ആന്ധ്ര തീരങ്ങളിൽ കാറ്രും മഴയുമുണ്ടാക്കാനാണ് സാദ്ധ്യത. എന്നാൽ, ദിശ എങ്ങോട്ട് തിരിയുമെന്ന് മൂന്ന് ദിവസംകൂടി കഴിഞ്ഞേ അറിയാനാവൂ.
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ