പപ്പ കടലിലാണ് എന്നോർക്കുമ്പോൾഎന്റെ ദേഹവും തണുക്കുന്നു
December 4, 2017, 11:27 am
എൻ.പി. മുരളീകൃഷ്ണൻ
തിരുവനന്തപുരം: എന്റെ പപ്പ നാലു ദിവസമായി കടലിൽ കിടക്കുന്നതോർക്കുമ്പോൾ എന്റെ ദേഹവും തണുക്കുന്നു. ആഹാരം കഴിക്കാൻ പോലും കഴിയുന്നില്ല. ഭക്ഷണത്തിന് വല്ലാത്ത തണുപ്പാണ്.' കരഞ്ഞുവീർത്ത കണ്ണുകളുമായി ഡാൽസി ആരോടെന്നില്ലാതെ ഉച്ചത്തിൽ കേഴുകയാണ്. 'ആളുകളെ രക്ഷപ്പെടുത്തി വിഴിഞ്ഞത്തും പൂന്തുറയിലും ഓരോ ബോട്ടുകളടുക്കുമ്പോഴും അവിടേക്ക് ഓടിപ്പോയി നോക്കും. അതിലൊന്നും എന്റെ പപ്പയുണ്ടായിരുന്നില്ല. എനിക്കെന്റെ പപ്പയെ വേണം. എന്റെ പപ്പയെ കൊണ്ടുത്താ...' ഡാൽസിയുടെ കരച്ചിൽ ചുറ്റും കൂടിനിന്നവരെയും സങ്കടത്തിലാഴ്ത്തി.
തിരുവനന്തപുരം ചെറിയതുറയിൽ നിന്ന് ബുധനാഴ്ച കടലിൽ പോയി തിരിച്ചെത്താത്ത സേവ്യറിന്റെ മകളാണ് ഡാൽസി. അഞ്ചു ദിവസമായി തുടരുന്ന അന്വേഷണത്തിൽ തങ്ങളുടെ കുടുംബത്തിന്റെ അത്താണിയെ കണ്ടെത്താത്തതിൽ പരിഭവിച്ച് ഡാൽസിയും സഹോദരിമാരായ ബിന്ദു മേരിയും അജിതയും അമ്മ സെൽവിയും പ്രതിഷേധം റോഡിലേക്ക് മാറ്റിയിരിക്കുകയാണ്. മറ്റു തീരങ്ങളിൽനിന്ന് പോയവരിൽ പലരെയും കണ്ടെത്തിയിട്ടും ചെറിയതുറയിൽ നിന്ന് പോയവരെപ്പറ്റി ഒരു വിവരവുമില്ലെന്ന് ഇവർ പരിഭവിക്കുന്നു. 'ആശ്വാസവാക്കുകളുമായി ഇനി ആരും ഇങ്ങോട്ടേക്ക് വരണ്ട. ഞങ്ങടെ നാഥനെ കൊണ്ടെത്തിച്ചാൽ മതി.' ഇത് അധികാരികളോടുള്ള നാലു പെണ്ണുങ്ങളുടെ ഉറച്ച വാക്കുകളാണ്. പൂന്തുറയിലും വിഴിഞ്ഞത്തും രാഷ്ട്രീയനേതാക്കളും ഉദ്യോഗസ്ഥരും ഇടയ്ക്കിടെ പോകുന്നുണ്ട്. കാണാതായവരുടെ എണ്ണം കുറവായതുകൊണ്ടാണോ ചെറിയതുറയിലേക്ക് ആരും വരാത്തത്?. അവരുടെ പ്രതിഷേധം അലമുറയായി പുറത്തുവരികയാണ്.
58 വയസായിട്ടും ആരോഗ്യപ്രശ്നങ്ങൾ കണക്കാക്കാതെ പതിവായി ജോലിക്ക് പോയിരുന്നയാളാണ് സേവ്യർ. മൂന്നു പെൺമക്കളെ പഠിപ്പിച്ചതും വിവാഹം കഴിപ്പിച്ചയച്ചതും കടലിനോടു മല്ലിട്ടു തന്നെ. ഇത്രനാളും കാത്ത കടൽ തങ്ങളെ ചതിക്കില്ലെന്ന ഉറച്ച വിശ്വാസത്തിലാണ് ഈ കുടുംബം. ആംബ്രോസ് അൽഫോൻസ് എന്നയാളുടെ വള്ളത്തിലാണ് മൂന്നു പേർക്കൊപ്പം സേവ്യർ പോയത്. ചെറിയതുറയിൽനിന്നു തന്നെയുള്ള സ്റ്റീഫനും ഈ വള്ളത്തിലുണ്ടായിരുന്നു. ഇയാളെക്കുറിച്ചും ഇതുവരെ വിവരമില്ല. വ്യാഴാഴ്ച രാവിലെയായിരുന്നു ഇവരുടെ വള്ളം കരയ്ക്കടുക്കേണ്ടിയിരുന്നത്.
crctd
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ