യാഥാർത്ഥ്യം തിരിച്ചറിഞ്ഞ ട്രാൻ. കോർപ്പറേഷൻ
December 3, 2017, 2:00 am
കേട്ടാൽ അവിശ്വസനീയമെന്നു തോന്നാം. ബസ് ചാർജ് വർദ്ധന പരിഗണിക്കാൻ ചേർന്ന ജസ്റ്റിസ് രാമചന്ദ്രൻ കമ്മിറ്റി മുൻപാകെ ഇക്കഴിഞ്ഞ വ്യാഴാഴ്ച ഹാജരായ കെ. എസ്.ആർ.ടി.സി പ്രതിനിധികൾ നിരക്ക് വർദ്ധന കൊണ്ട് ഒരു ഗുണവുമുണ്ടാകാൻ പോകുന്നില്ലെന്ന വാദമുഖമാണ് മുന്നോട്ടുവച്ചത്. സാമ്പത്തിക പ്രതിസന്ധിയുടെ ആഴമേറിയ ചുഴിയിൽപ്പെട്ട് നട്ടം തിരിയുന്ന കോർപ്പറേഷനെ രക്ഷപ്പെടുത്താൻ ടിക്കറ്റ് നിരക്ക് വർദ്ധനകൊണ്ട് കഴിയില്ലെന്ന യാഥാർത്ഥ്യം തിരിച്ചറിഞ്ഞതിന് അവരെ ആദ്യം അഭിനന്ദിക്കട്ടെ. ബസ് ചാർജ് വർദ്ധന പരിഹാര നടപടിയാകുമായിരുന്നെങ്കിൽ എന്നേ ഇൗ സ്ഥാപനം രക്ഷപ്പെടുമായിരുന്നു. പലവട്ടം നിരക്കുകൾ പരിഷ്കരിച്ചിട്ടും മൂക്കോളം മുങ്ങിയ കടത്തിൽനിന്ന് കരകയറാൻ കോർപ്പറേഷന് സാധിച്ചില്ല. അപ്പോൾ നിരക്ക് വർദ്ധനയല്ല, പ്രവർത്തനശൈലിയും വരുമാനച്ചോർച്ച തടയാനുള്ള മാനേജ്മെന്റ് നടപടികളുമാണ് യഥാർത്ഥ പരിഹാരമാർഗമെന്ന് ബോദ്ധ്യമാകും. കോർപ്പറേഷന്റെ പ്രവർത്തനശൈലി സമൂലം പരിഷ്കരിക്കുന്നതിനുള്ള എത്രയോ വിദഗ്ദ്ധറിപ്പോർട്ടുകൾ നിലവിലുണ്ട്. പുനരുജ്ജീവന പാക്കേജ് നടപ്പാക്കാൻ കെല്പുള്ള വിദഗ്ദ്ധന്മാർ തലപ്പത്ത് വരികയും ചെയ്തു. ആ വഴിക്ക് ശ്രമം തുടങ്ങിയ ഘട്ടത്തിൽത്തന്നെ മേധാവികളിലൊരാൾ ആരോരുമറിയാതെ പുറത്താക്കപ്പെടുകയും ചെയ്തു. സ്വയം ഭരണ സ്ഥാപനമെന്ന പദവി ചാർത്തിക്കൊടുത്തിട്ടുള്ളപ്പോൾത്തന്നെ അതിരുകളില്ലാത്ത രാഷ്ട്രീയ ഇടപെടലുകളുടെ വലിയൊരു കളരിയാണ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ. രാഷ്ട്രീയക്കാരെ പ്രകോപിപ്പിക്കാതെ വേണം അവിടെ എന്ത് നിസാരപ്രശ്നങ്ങളിലും തീരുമാനമെടുക്കാൻ.
ട്രാൻസ്പോർട്ട് ബസിൽ യാത്ര ചെയ്യുന്നവരാരും കടം പറയാറില്ല. രൊക്കം പണം നൽകിയാണ് ടിക്കറ്റെടുക്കുന്നത്. ആറേഴുകോടി രൂപ ദിവസേന ഇങ്ങനെ ലഭിച്ചിട്ടും സർവീസ് നടത്തിപ്പിലൂടെ മാത്രം പ്രതിമാസം പതിനാറുകോടി രൂപയുടെ നഷ്ടമുണ്ടാകുന്നുവെന്നാണ് കോർപ്പറേഷൻ രാമചന്ദ്രൻ കമ്മിറ്റി മുൻപാകെ ബോധിപ്പിച്ചത്. നഷ്ടക്കണക്കുകൾ നിരവധി വേറെയുമുണ്ട്. എല്ലാംകൂടി ചേർത്തുപ്രവർത്തനച്ചെലവിനത്തിൽ 205 കോടി രൂപയുടെ കമ്മി വരുന്നുണ്ടെന്നാണ് കണക്ക്. കടമെടുത്തതിന്റെ പലിശ ബാദ്ധ്യതയും തിരിച്ചിടവുമെല്ലാം ചേർത്താണിത്. പണമില്ലാത്തതിനാൽ ശമ്പളം പോലും കൃത്യമായി നൽകാതായിട്ട് മാസങ്ങളായി. പെൻഷൻ വിതരണത്തിന്റെ കാര്യം പറയാനുമില്ല. കിട്ടിയെങ്കിൽ കിട്ടി എന്നതാണ് സ്ഥിതി. ഒാരോമാസവും ഇതിനായി സ്ഥാപനമേധാവികൾ ധനകാര്യ സ്ഥാപനങ്ങൾ കയറി ഇറങ്ങുകയാണ്.
സൗജന്യയാത്രകൾ വഴി കോർപ്പറേഷന് പ്രതിമാസം 161 കോടി രൂപയുടെ വരുമാന നഷ്ടം നേരിടുന്നുണ്ടെന്നാണ് കമ്മിറ്റിമുൻപാകെ അവതരിപ്പിച്ച കണക്ക്. എം.എൽ.എമാർക്കും മുൻ എം.എൽ.എമാർക്കും അനുവദിച്ചിട്ടുള്ള ഫ്രീ പാസുകൾ വഴി മാത്രമുണ്ടാകുന്ന നഷ്ടം പന്ത്രണ്ടുകോടി രൂപയാണത്രെ. കോർപ്പറേഷനിലെ മുൻ ജീവനക്കാർ, വിദ്യാർത്ഥികൾ, രോഗികൾ മുതലായ വിഭാഗങ്ങൾക്കുള്ള സൗജന്യം വഴി ഭീമമായ വരുമാനക്കുറവുണ്ടാകുന്നുവെന്നാണ് കണക്ക്. ഇതിന്റെ ആധികാരികത സ്ഥാപിക്കാൻ പര്യാപ്തമായ രേഖകളൊന്നും കോർപ്പറേഷന്റെ പക്കലില്ലെന്നതാണ് രസകരമായ കാര്യം. എല്ലാം ഉൗഹക്കണക്കാകാനേ തരമുള്ളൂ. എല്ലാം കുത്തഴിഞ്ഞുകിടക്കുന്ന കോർപ്പറേഷനിൽ സൗജന്യ യാത്രയുടെ പേരിലുണ്ടാകുന്ന നഷ്ടത്തിന്റെ കണക്കും വെറും അനുമാനമാകാനാണ് സാദ്ധ്യത.
കോർപ്പറേഷനെ നാശത്തിന്റെ പടുകുഴിയിൽനിന്നു രക്ഷിക്കാൻ ഉദ്ദേശിച്ചുകൊണ്ടുവന്ന പുനരുദ്ധാരണ പാക്കേജ് പ്രകാരം 3000 കോടിരൂപ സർക്കാർ വഴി നൽകാൻ നേരത്തെ ധാരണയായിരുന്നു. കൂടിയ നിരക്കിലുള്ള വായ്പകൾ തിരിച്ചടച്ചും ഷെഡ്യൂളുകൾ പരിഷ്കരിച്ചും പുതിയ ബസുകൾ വാങ്ങിയും കൂടുതൽ അന്തർ സംസ്ഥാന സർവീസുകൾ ആരംഭിച്ചും കോർപ്പറേഷനെ സ്വന്തം കാലിൽ നിറുത്തുകയായിരുന്നുലക്ഷ്യം. ആ വഴിക്ക് മുന്നോട്ടുപോകാൻ ഇനിയും നടപടികളായിട്ടില്ല. ഇപ്പോഴാണെങ്കിൽ ഗതാഗത വകുപ്പിന് മന്ത്രിയുമില്ലാതായി.
എക്കാലവും ട്രാൻസ്പോർട്ട് കോർപ്പറേഷനെ കൂട്ടുപിടിച്ചാണ് സംസ്ഥാനത്ത് സ്വകാര്യ ബസുകാർ നിരക്ക് വർദ്ധനയുടെ ആനുകൂല്യം നേടിക്കൊണ്ടിരുന്നത്. നിരക്ക് വർദ്ധനകൊണ്ട് തങ്ങൾ രക്ഷപ്പെടാൻ പോകുന്നില്ലെന്ന കോർപ്പറേഷന്റെ പുതിയ ഏറ്റുപറച്ചിൽ സ്വകാര്യമേഖലയ്ക്ക് ഇച്ഛാഭംഗത്തിന് കാരണമാകും. രാമചന്ദ്രൻ കമ്മിറ്റി മുൻപാകെ അവരുടെ പ്രതിനിധികൾ നിരക്ക് വർദ്ധനയ്ക്ക് വേണ്ടിത്തന്നെയാണ് വാദിച്ചത്. മിനിമം നിരക്ക് പത്തുരൂപയാക്കണമെന്നും കിലോമീറ്റർ നിരക്ക് 64 പൈസയിൽ നിന്ന് 75 പൈസയാക്കണമെന്നുമാണ് അവർ ആവശ്യപ്പെട്ടത്. വിലക്കയറ്റത്തിന്റെ ഇൗ യുഗത്തിൽ ബസുടമകളുടെ ആവശ്യം അന്യായമെന്ന് പറയാനാകില്ല. എന്നാൽ നിരക്ക് വർദ്ധനയ്ക്കൊപ്പം സഞ്ചരിക്കാവുന്ന ദൂരം സംബന്ധിച്ച് ക്ളിപ്തത ഇല്ലാത്തതാണ് യാത്രക്കാർക്ക് വിനയാകുന്നത്. ശാസ്ത്രീയമായ ഫെയർസ്റ്റേജ് നിർണയം നടപ്പാക്കാത്തതാണ് കാരണം. ഇക്കുറി ബസ് ചാർജ് വർദ്ധന പ്രശ്നത്തിൽ തീരുമാനമെടുക്കുമ്പോഴെങ്കിലും ഇൗ അ‌ടിസ്ഥാന പ്രശ്നത്തിൽ ഉചിതമായ പരിഹാരം ഉണ്ടാകണം.
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ