ഓഖി വന്നു; കോസ്റ്റൽ സേന നോക്കിനിന്നു
December 3, 2017, 12:17 am
കോവളം സതീഷ്‌കുമാർ
തിരുവനന്തപുരം: മത്സ്യ ബന്ധനത്തിനു പോയവർ ഒാഖി ചുഴലിക്കാറ്റിൽ കുരുങ്ങി മരണത്തോട് മല്ലടിച്ചപ്പോൾ തീരദേശ പൊലീസ് കണ്ണുചിമ്മി കരയിൽനിന്നു. സങ്കടക്കടലിൽ മുങ്ങിയ തീരവാസികളുടെ അലമുറ ആക്രോശമായപ്പോഴും അവർക്ക് ഒന്നും ചെയ്യാനായില്ല. സർക്കാരിന്റെ ശമ്പളം കൃത്യമായി വാങ്ങി ജീവിക്കുന്നവരാണവർ. പറഞ്ഞിട്ടെന്ത്? ആർത്തലച്ചുനില്ക്കുന്ന കടലിലിറങ്ങി നീന്താനാവില്ലല്ലോ. സ്വന്തമായി കപ്പലുപോയിട്ട് നല്ല ബോട്ടുപോലും തീരദേശ പൊലീസ് സേനയ്ക്കില്ല. ഉള്ളതാകട്ടെ യഥാസമയം രക്ഷാപ്രവർത്തനത്തിന് ഇറക്കിയതുമില്ല.
സേനയ്ക്ക് സ്വന്തമായി കിട്ടിയ ബോട്ടുകളിൽ പലതും ഉപയോഗശൂന്യമാണ്. കൊല്ലത്ത്‌ തീരദേശ സേനയ്ക്ക് ‌ അഞ്ചരക്കോടി രൂപയുടെ അത്യാധുനിക സൗകര്യങ്ങളുള്ള മൂന്ന്‌ ബോട്ടുകൾ നൽകിയിരുന്നു. അതിൽ നേത്രയും യോദ്ധയും കാണാനേയില്ല. മൂന്നാമത്തേതായ ദർശന രക്ഷാപ്രവർത്തനത്തിനിറങ്ങിയത് ഒരു ദിവസം കഴിഞ്ഞാണ്. നീണ്ടകര കോസ്റ്റൽ സ്റ്റേഷനാണ് ഈ ബോട്ടുകളുടെ ചുമതല. മുംബയ് ഭീകരാക്രമണത്തിനുശേഷം കടലിലെ ഏതു ദുർഘട സാഹചര്യത്തിലും തെരച്ചിൽ നടത്താൻ കഴിയുന്ന ബോട്ടുകളാണിവ. അതിൽ നേത്രയും യോദ്ധയും ഒന്നര വർഷത്തിലേറെയായി അറ്റകുറ്റപ്പണിക്കായി ചവറ തെക്കുംഭാഗം കായൽ തീരത്ത് കെട്ടിയിട്ടിരിക്കുകയാണ്. ഓഖി കലിതുള്ളിയപ്പോൾ ബോട്ടെവിടെ എന്ന ചോദ്യമുയർന്നു. കോസ്റ്റൽ പൊലീസ് കൈമലർത്തി. മത്സ്യത്തൊഴിലാളികൾ മരണക്കുരുക്കിലായി ഒരു ദിവസം പിന്നിട്ടപ്പോഴേക്കും രക്ഷാപ്രവർത്തനത്തിന് വാടകബോട്ടുകളിറക്കി !
മത്സ്യത്തൊഴിലാളികൾ മിക്കപ്പോഴും കടലിൽ അപകടത്തിൽപ്പെടുന്ന ജില്ലയാണ് കൊല്ലം. മുമ്പും കടലിൽ കുടുങ്ങിയവരെ രക്ഷിക്കാൻ മത്സ്യത്തൊഴിലാളികൾ ബോട്ടുകളുടെ സഹായം തേടിയപ്പോൾ മൂന്നു ബോട്ടും രക്ഷാപ്രവർത്തനത്തിലാണെന്ന മറുപടിയാണത്രേ കോസ്റ്റൽ പൊലീസ് നൽകിയത്.

കോസ്റ്റൽ പൊലീസ് സ്റ്റേഷൻ?
2009ൽ നീണ്ടകരയിലാണ് ആദ്യത്തെ കോസ്റ്റൽ സ്റ്റേഷൻ ആരംഭിച്ചത്. 14 സ്റ്റേഷനുകളിലായി 450 പൊലീസുകാരും 24 ബോട്ടുകളും ഉണ്ടെന്നാണ് കണക്ക്. എന്നാൽ രക്ഷാപ്രവർത്തനത്തിൽ തീരസേന മിഴിച്ചുനിന്നു. വൈകിയെങ്കിലും നാവികസേനയും കോസ്റ്റ് ഗാർഡുമെത്തിയപ്പോഴാണ്‌ രക്ഷാപ്രവർത്തനം മിന്നൽവേഗത്തിലായത്.
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൽ നിന്നു ലഭിച്ച 10.6 കോടി രൂപ വിനിയോഗിച്ചാണ് സംസ്ഥാനത്ത് തീരദേശ പൊലീസ് സ്റ്റേഷനുകൾ നിർമ്മിച്ചത്. വർഷം 22 കോടി രൂപയോളം ശമ്പളത്തിനും മറ്റ് ആനുകൂല്യങ്ങൾക്കുമായി സംസ്ഥാന സർക്കാരും ചെലവഴിക്കുന്നു. 10 പുതിയ സ്റ്റേഷനുകൾ കൂടി ഉടൻ നിലവിൽ വരും.

12 നോട്ടിക്കൽ അധികാര പരിധി ?
കോസ്റ്റൽ പൊലീസിന്റെ അധികാര പരിധി കടലിൽ 12 നോട്ടിക്കൽ മൈൽ ആണെന്നും അതിനപ്പുറം നേവിക്കും കോസ്റ്റ് ഗാർഡിനുമാണെന്നുമായിരുന്നു അധികൃതരുടെ നിലപാട്. ചുഴലിക്കാറ്റിലകപ്പെട്ട ബോട്ടുകളിലേറെയും ഈ പരിധിക്ക് പുറത്തായിരുന്നു. എന്നാൽ എക്കണോമിക് സോൺ എന്നറിയപ്പെടുന്ന 12 നോട്ടിക്കൽ മൈൽ മുതൽ 200 നോട്ടിക്കൽ വരെയുള്ള രാജ്യത്തിന്റെ സമുദ്രാധികാര പരിധിയിൽ കുറ്റകൃത്യങ്ങൾ സംബന്ധിച്ച് കേസുകൾ കൈകാര്യം ചെയ്യുന്നതിനു 2016നുശേഷം കോസ്റ്റൽ പൊലീസിന് അധികാരം നൽകിയിട്ടുണ്ട്. ഫോർട്ട് കൊച്ചി സ്റ്റേഷനാണ് അതിനുള്ള ചുമതല. അവിടെ ബന്ധപ്പെട്ട് രക്ഷാപ്രവർത്തനം നടത്തിയാൽ 12 നോട്ടിക്കൽ മൈലിനപ്പുറം പോകാനാവും.

വസ്തുതകൾ
* കോസ്റ്റൽ പൊലീസിന് ആവശ്യമായ പരിശീലനം നൽകുന്നില്ല
* ഇവരെ ഏറെയും ഉപയോഗിക്കുന്നത് സ്പെഷ്യൽ ഡ്യൂട്ടിക്ക്
* രക്ഷാപ്രവർത്തനത്തിന് ഹെലികോപ്ടറും അനിവര്യമാണ്
* കോസ്റ്റൽ പൊലീസിന് സ്വന്തമായി എ.ഡി.ജി.പി ഇല്ല
എറണാകളം റേഞ്ച് ഐ.ജി പി. വിജയനാണ് ചുമതല

'' ഇവിടെയുള്ളവർക്ക്‌ നന്നാക്കാൻ പറ്റുന്ന ബോട്ടുകളല്ല നേത്രയും യോദ്ധയും. ഇതു രണ്ടും കേടായ കാര്യം റിപ്പോർട്ടു ചെയ്തിരുന്നു. അതിനോടൊപ്പം ലഭിച്ച ദർശന ബോട്ട് രക്ഷാപ്രവർത്തനത്തിന് ഉപയോഗിച്ചിരുന്നു''
ഷാബു, സി.ഐ,
നീണ്ടകര കോസ്റ്റൽ പൊലീസ് സ്റ്റേഷൻ

 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ