നിയമനടപടികളും ശക്തമാകണം
December 6, 2017, 2:00 am
ബാലികമാരെ മാനഭംഗത്തിനിരയാക്കുന്ന നരാധമന്മാർക്ക് വധശിക്ഷ വ്യവസ്ഥ ചെയ്യുന്ന നിയമഭേദഗതിക്ക് മദ്ധ്യപ്രദേശ് നിയമസഭ കഴിഞ്ഞ ദിവസം അംഗീകാരം നൽകി. സഭയിലുണ്ടായിരുന്നവരിൽ ഒരാളുടെ പോലും എതിർപ്പില്ലാതെ ഏകകണ്ഠമായി ബിൽ പാസ്സായി എന്നതിൽ നിന്നുതന്നെ ഇത്തരത്തിലൊരു കഠിനശിക്ഷ സമൂഹം അക്ഷമയോടെ കാത്തിരുക്കുകയായിരുന്നു എന്ന് വ്യക്തം. സ്ത്രീ പീഡനകേസുകളിൽ രാജ്യത്തു മുന്നിൽ നിൽക്കുന്ന സംസ്ഥാനമെന്ന ദുഷ്പേരു പേറുന്ന മദ്ധ്യപ്രദേശ് തന്നെ ഇത്തരത്തിലൊരു നിയമഭേദഗതിക്ക് ആദ്യം മുന്നോട്ടു വന്നത് നല്ല ലക്ഷണമാണ്. എട്ടും പൊട്ടും തിരിയാത്ത പ്രായത്തിൽ പിഞ്ചുകുഞ്ഞുങ്ങളെ ആക്രമിക്കുന്ന കാപാലികന്മാർക്ക് വധശിക്ഷയല്ലാതെ അതിൽ കുറഞ്ഞ ഒരു ശിക്ഷയും പാകമാകില്ലെന്നു തീർച്ചയാണ്. വധശിക്ഷയെ എതിർക്കുന്ന ഒരു വിഭാഗവും രാജ്യത്തുണ്ടെങ്കിലും പരക്കെ വർദ്ധിച്ചുവരുന്ന ബാലികാ പീഡനങ്ങളുടെ ഞെട്ടിക്കുന്ന കഥകൾ കേട്ടാൽ ആരും വധശിക്ഷ പൂർണമായും ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെടില്ല. ഇന്ത്യൻ ശിക്ഷാനിയമത്തിലെ ബലാത്സംഗത്തിനുള്ള 376 (ഡി), കൂട്ടബലാത്സംഗത്തിനുള്ള 376 (എ.എ) 493എ എന്നീ വകുപ്പുകളാണ് മദ്ധ്യപ്രദേശ് നിയമസഭ ഭേദഗതി ചെയ്തത്. ബിൽ ഇനി രാഷ്ട്രപതിയുടെ അംഗീകാരത്തിനായി അയയ്ക്കും. അനുമതി ലഭിക്കുന്ന മുറയ്ക്ക് അത് നിയമമാകും. ബാലികാ പീ‌ഡകർക്ക് വധശിക്ഷ നൽകുന്ന നിയമം കൊണ്ടുവരുന്ന ആദ്യ സംസ്ഥാനമെന്ന ഖ്യാതി മദ്ധ്യപ്രദേശിനാണ്.
നിയമം എത്രതന്നെ കർക്കശമാക്കിയാലും കുറ്റകൃത്യങ്ങൾ കുറയണമെന്നില്ല എന്ന യാഥാർത്ഥ്യത്തിനു നേരെ കണ്ണടച്ചിട്ടു കാര്യമില്ല. അഞ്ചുവർഷം മുൻപ് ഡൽഹിയിൽ വിദ്യാർത്ഥിനി ബസിൽ വച്ച് ഒരു സംഘം തെമ്മാടികളുടെ ക്രൂരപീഡനങ്ങൾക്കിരയായി മരണപ്പെട്ട സംഭവം രാജ്യത്തുടനീളം സൃഷ്ടിച്ച വൻ പ്രതിഷേധം മറക്കാറായിട്ടില്ല. ഈ സംഭവത്തെ തുടർന്ന് സ്ത്രീപീഡന കേസുകളിൽ ശിക്ഷ പതിന്മടങ്ങ് ശക്തമാക്കുകയുണ്ടായി. ക്രൂരമായ കൂട്ടബലാത്സംഗകേസുകളിലെ പ്രതികൾക്ക് വധശിക്ഷയടക്കം ഉറപ്പാക്കുന്ന നിയമം നിലവിൽ വന്നു. നിരവധി കേസുകളിൽ പ്രതികൾക്ക് വധശിക്ഷ വിധിക്കുകയും ചെയ്തു. ഇതൊക്കെയായിട്ടും പീഡനകേസുകൾക്ക് കുറവൊന്നുമുണ്ടായിട്ടില്ലെന്നതാണ് ആശങ്കയുളവാക്കുന്ന വസ്തുത. ശിക്ഷാ വ്യവസ്ഥകൾ കഠിനമാക്കിയതുകൊണ്ടുമാത്രം കാര്യമില്ലെന്ന യാഥാർത്ഥ്യത്തിലേക്കാണ് ഇതു വിരൽ ചൂണ്ടുന്നത്. പീഡനകേസുകൾ രജിസ്റ്റർ ചെയ്യുന്ന ഘട്ടം മുതൽ നിയമപാലകരുടെ ഭാഗത്തു കാണുന്ന പലതരത്തിലുള്ള വീഴ്ചകളും കുറ്റപത്രത്തിൽ അറിഞ്ഞും അറിയാതെയും വരുത്തുന്ന വീഴ്ചകളും പണത്തിനും സ്വാധീനത്തിനും വഴങ്ങി പ്രതികളെ രക്ഷപ്പെടുത്താൻ പ്രയോഗിക്കുന്ന അധമത്തരങ്ങളുമെല്ലാം കേസിനെ ദുർബലപ്പെടുത്തുന്ന ഘടകങ്ങളാണ്.
കഴിഞ്ഞവർഷം രാജ്യത്ത് രജിസ്റ്റർ ചെയ്യപ്പെട്ട 38,947 മാനഭംഗകേസുകളിൽ മൂന്നിലൊന്നും മദ്ധ്യപ്രദേശ്, ഉത്തർപ്രദേശ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലാണ്. ബാലികാപീഡനകേസുകളിൽ മദ്ധ്യപ്രദേശാണ് ഒന്നാം സ്ഥാനത്ത്. അതുകൊണ്ടുതന്നെ പന്ത്രണ്ടുവയസിനും അതിനു താഴെയുമുള്ള പെൺകുട്ടികളുടെ സുരക്ഷയ്ക്കു വേണ്ടികൊണ്ടുവന്ന നിയമഭേദഗതിയ്ക്ക് നിയമസഭയ്ക്കകത്തും പുറത്തും വൻ അംഗീകാരമാണ് ലഭിച്ചത്. മനുഷ്യൻ എന്ന നിലവിട്ട് ഏത് പൈശാചിക പ്രവർത്തിക്കും തുനിയുന്ന നരാധമന്മാർ എല്ലാ സമൂഹത്തിലും കാണും. അത്തരക്കാരെ നേരിടാൻ കഠിന ശിക്ഷാവിധികൾ തന്നെ വേണ്ടിവരും. മദ്ധ്യപ്രദേശ് നിയമസഭ വിപുലമായ ചർച്ചകൾക്കുശേഷം പാസാക്കിയ ശിക്ഷാ നിയമഭേദഗതിബിൽ സമൂഹത്തിലെ ഇത്തരം ദുഷ്ടന്മാരെ നേരിടാൻ വേണ്ടിയുള്ളതാണെന്ന മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ വാക്കുകൾ സമൂഹം കേൾക്കാൻ ആഗ്രഹിച്ചതു തന്നെയാണ്.
പെൺകുട്ടികളുടെ സുരക്ഷ സമൂഹം ഇന്നു നേരിടുന്ന സജീവ പ്രശ്നങ്ങളിലൊന്നാണ്. കരുത്തുറ്റ നിയമങ്ങളും സുരക്ഷയും നീതിയും ഉറപ്പാക്കുന്ന നിരവധി സംവിധാനങ്ങളുമൊക്കെ ഉണ്ടെങ്കിലും ഒടുങ്ങാത്ത ഭീതിയിലൂടെയാണ് സദാ അവൾ കടന്നുപോകുന്നത്. സ്ത്രീ സംരക്ഷണ നിയമങ്ങൾക്ക് കൂർത്തു മൂത്ത പല്ലും നഖവുമുണ്ടെന്ന് സമൂഹത്തിന് സംശയലേശമന്യേ ബോദ്ധ്യമാകുമ്പോഴാണ് ഈ വിഭാഗത്തിൽപ്പെടുന്ന കുറ്രകൃത്യങ്ങളിൽ കുറവുണ്ടാകുക. പീഡനകേസുകളിൽ അന്വേഷണവും കോടതി നടപടികളും കാലതാമസമില്ലാതെ പൂർത്തിയാക്കാനുള്ള സംവിധാനം ഉണ്ടാകേണ്ടതുണ്ട്. ഇത്തരം കേസുകൾക്ക് പ്രത്യേക കോടതികൾ തന്നെ വേണമെന്ന് നിർഭയ കേസിനെ തുടർന്ന് നിർദ്ദേശങ്ങൾ ഉയർന്നിരുന്നു. എന്നാൽ ഇനിയും അത് സാദ്ധ്യമായിട്ടില്ല. പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ പീഡനത്തിനിരയാകുന്ന കേസുകൾ കേരളത്തിലും കൂടി വരുന്നതായാണ് പൊലീസിന്റെ കണക്ക്. മദ്ധ്യപ്രദേശിന്റെ മാതൃക ഈ വിഷയത്തിൽ മറ്റു സംസ്ഥാനങ്ങൾക്കും പിന്തുടരാവുന്നതാണ്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ