കേരളത്തിന് സ്വന്തം ജലകമാൻഡോ സേന
December 6, 2017, 1:12 am
എം.എച്ച് വിഷ്‌ണു
തിരുവനന്തപുരം: ''ഓഖി'' ചുഴലിക്കാറ്റ് വീശിയടിച്ചപ്പോൾ ലാത്തിയുമായി കരയ്ക്ക് കണ്ടുനിൽക്കേണ്ടി വന്ന നാണക്കേടിൽ നിന്ന് കരകയറാൻ, വെള്ളത്തിനടിയിലെ ഏത് അടിയന്തര സാഹചര്യവും നേരിടാൻ ശേഷിയുള്ള 'കേരളാ ഡോൾഫിൻസ്' എന്ന കമാൻഡോ സേനയെ പൊലീസ് സജ്ജമാക്കുന്നു. പ്രകൃതിക്ഷോഭങ്ങളിലും അപകടങ്ങളിലും രക്ഷാപ്രവർത്തനം മുതൽ തീവ്രവാദി ആക്രമണം വരെ നേരിടാനുള്ള പരിശീലനമാണ് സേനയ്ക്ക് നൽകുക. കോവളത്തും ആലപ്പുഴയിലെ തണ്ണീർമുക്കത്തും പരിശീലനകേന്ദ്രങ്ങൾ തുറക്കും. നാവികസേനയുടെയും കോസ്റ്റ്‌ഗാർഡിന്റെയും പരിശീലനം സേനയ്ക്ക് ലഭ്യമാക്കും.

കോസ്‌റ്റൽ പൊലീസ് അസി.ഐ.ജി സക്കറിയ ജോർജ്ജ് തയ്യാറാക്കിയ 'കേരളാ ഡോൾഫിൻസ്' പദ്ധതി സർക്കാർ അംഗീകരിച്ചിട്ടുണ്ട്. കമാൻഡോ സേനയെ സജ്ജമാക്കാൻ പൊലീസ് അക്കാഡമി അസി.ഡയറക്ടർ അനൂപ് കുരുവിളജോൺ, തൃശൂർ കമ്മിഷണർ രാഹുൽ.ആർ നായർ, തൃശൂർ റൂറൽ എസ്.പി യതീഷ്‌ചന്ദ്ര, തീരദേശപൊലീസ് എ.ഐ.ജി സക്കറിയജോർജ്ജ് എന്നിവരുടെ സമിതി രൂപീകരിച്ച് ഡി.ജി.പി ലോക്നാഥ് ബെഹറ ഉത്തരവിറക്കി. സമിതിയുടെ പ്രഥമയോഗം ഇന്നലെ പൊലീസ് അക്കാഡമിയിൽ ചേർന്നു. കോവളത്ത് സമുദ്രഹോട്ടലിനടുത്തും തണ്ണീർമുക്കം ബണ്ടിനടുത്ത് ജലഅതോറിട്ടിയുടെ സ്ഥലത്തുമാണ് കമാൻഡോ പരിശീലനകേന്ദ്രങ്ങൾ സ്ഥാപിക്കുക. പ്രാരംഭപ്രവർത്തനം ഒരുമാസത്തിനകം ആരംഭിക്കാനാണ് ഡി.ജി.പിയുടെ നിർദ്ദേശം.

കടലിനടിയിലെ ഡൈവിംഗ്, രക്ഷാപ്രവർത്തനം, ആക്രമണം എന്നിവയ്ക്ക് പുറമേ പുഴകൾ, അണക്കെട്ടുകൾ, കായലുകൾ എന്നിവിടങ്ങളിൽ മുങ്ങിപ്പോവുന്നവരെ രക്ഷിക്കാനും പ്രളയബാധിത മേഖലകളിൽ ഒഴുക്കിൽപെടുന്നവരെ നീന്തിയെടുക്കാനുമെല്ലാം സേനയ്ക്ക് പരിശീലനം നൽകും. തീരദേശ പൊലീസിലെ എല്ലാഅംഗങ്ങൾക്കും പരിശീലനം നിർബന്ധമാക്കും. നാവികസേനയുടേതിന് സമാനമായ പരിശീലനം കേരളാഡോൾഫിൻസിന് നൽകാൻ തയ്യാണെന്ന് ദക്ഷിണനാവിക സേനാമേധാവി വൈസ്അഡ്‌മിറൽ എ.ആർ.കാർവെ ഡി.ജി.പി ബെഹറയെ രേഖാമൂലം അറിയിച്ചിട്ടുണ്ട്. കടൽവഴിയുള്ള മയക്കുമരുന്ന് കടത്ത് പിടികൂടാനും തടയാനും കേന്ദ്രനാർകോട്ടിക് കൺട്രോൾ ബ്യൂറോയുടെ പരിശീലനവും കേരളാഡോൾഫിൻസിന് ലഭിക്കും. കടലിൽ പോകാൻ കപ്പലുകളും ഹെലികോപ്‌റ്ററും കേന്ദ്രത്തിൽ നിന്ന് നേടിയെടുക്കാനും ശ്രമിക്കുന്നുണ്ട്.

പൊലീസിനു പുറമേ എൻ.സി.സി, സ്റ്റുഡന്റ് പൊലീസ് കേഡറ്റുകൾ, കായികതാരങ്ങൾ എന്നിവർക്കും യുവാക്കൾക്കും പരിശീലനം നൽകും. നീന്തൽ, വാട്ടർ സ്പോർട്സ്, രക്ഷാപ്രവർത്തനം, സാഹസിക പ്രവർത്തനങ്ങൾ എന്നിവയിൽ പരിശീലനം നൽകും. ഇതിനുപുറമേ വാഗമണിലും നെല്ലിയാമ്പതിയിലും രണ്ട് കമാൻഡോ ട്രെയിനിംഗ് സെന്ററുകൾ ആരംഭിക്കാനും പദ്ധതിയുണ്ട്. നിവലിലെ കമാൻഡോകൾക്ക് ഇവിടങ്ങളിൽ വിദഗ്ദ്ധപരിശീലനം നൽകും. കര-നാവിക സേനകളുടെയും ഐ.ടി.ബി.പിയുടെയും സംയുക്തപരിശീലനവും ഇവിടെ ഒരുക്കും.

പൊലീസിന്റെ ദുരന്തനിവാരണ കേന്ദ്രം വരുന്നു

പൊലീസിനെ ദുരന്തനിവാരണം പഠിപ്പിക്കാൻ പൊലീസ് ഡിസാസ്‌റ്റർ മാനേജ്മെന്റ് ട്രെയിനിംഗ് ഇൻസ്റ്റി‌റ്റ്യൂട്ട് തുടങ്ങാൻ സ്ഥലംകണ്ടെത്താൻ ഡി.ജി.പി ലോക്നാഥ്ബെഹറ നിർദ്ദേശിച്ചു. സംസ്ഥാന ദുരന്തനിവാരണ അതോറിട്ടിയുടെ ഇൻസിറ്റിറ്റ്യൂട്ടുമായി സഹകരിച്ചാവും പ്രവർത്തനം.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ