മനം തെളിയാൻ ഇനി എത്രനാൾ
December 5, 2017, 2:00 am
ഭരണകൂടം സദാ ഉണർന്നിരിക്കണമെന്ന് പറയുന്നതുവെറുതേയല്ല. ഉണർന്നിരുന്നാൽ മാത്രംപോര, അടിയന്തര സാഹചര്യങ്ങളുണ്ടാകുമ്പോൾ സമർത്ഥമായി ഇടപെടാനും കഴിയണം. അനവധി മത്സ്യത്തൊഴിലാളികളുടെ ദാരുണാന്ത്യത്തിനും തെക്കൻ ജില്ലകളിൽ വ്യാപകമായ ദുരിതത്തിനും വഴിവച്ച ഒാഖി ചുഴലിക്കൊടുങ്കാറ്റിന്റെ രൗദ്രത കാലേകൂട്ടി മനസിലാക്കാനും കരുതൽ നടപടികൾ സ്വീകരിക്കാനും സംസ്ഥാന സർക്കാരിന് യഥാവിധി കഴിഞ്ഞില്ല. സർക്കാരിനെതിരെ ഉയർന്നുകൊണ്ടിരിക്കുന്ന രൂക്ഷ വിമർശനങ്ങളും തീരദേശത്ത് മുഖ്യമന്ത്രിയും സഹമന്ത്രിമാരും നേരിടേണ്ടിവന്ന ജനരോഷവുമെല്ലാം ദുരിതബാധിതരുടെ സ്വാഭാവിക വികാര പ്രകടനങ്ങൾ മാത്രമാണ്. കടലിൽ മീൻ പിടിക്കാൻ പോയവർ ചുഴലിക്കാറ്റിലും കടൽക്ഷോഭത്തിലും പെട്ട് നിരാശ്രയരായി ചുറ്റിത്തിരിയവെ അടിയന്തര സഹായം എത്തിക്കേണ്ടതും ദുരിതബാധിത കുടുംബങ്ങളെ ആശ്വസിപ്പിക്കേണ്ടതും പ്രാഥമിക ചുമതലയാണ്. ചുഴലിക്കാറ്റിനെക്കുറിച്ച് മുന്നറിയിപ്പുണ്ടായിട്ടും വിവരം മത്സ്യത്തൊഴിലാളികളിൽ യഥാസമയം എത്തിക്കുന്നതിൽ വീഴ്ചയുണ്ടായെന്ന ആക്ഷേപം ശക്തമായി നിലനിൽക്കുകയാണ്. ദുരന്ത നിവാരണത്തിന് പ്രത്യേക അതോറിട്ടി ഉണ്ടായിട്ടും യാതൊന്നും ചെയ്യാനായില്ല. ഇത്തരത്തിലൊരു സംവിധാനത്തിന്റെ അസ്തിത്വത്തെത്തന്നെ ചോദ്യം ചെയ്യണ വിധത്തിലായിപ്പോയി അതിന്റെ നിഷ്‌ക്രിയത്വം. അനുഭവത്തിന്റെ വെളിച്ചത്തിൽ ഇത്തരം സംവിധാനങ്ങൾ സമൂലം ഉടച്ചുവാർക്കേണ്ടതാണ്. വിദഗ്ദ്ധന്മാരെ ഉൾപ്പെടുത്തിവേണം അത് ചെയ്യാൻ.
ചുഴലിക്കാറ്റിനുമുൻപ് കടലിൽ പോയവരിൽ ഇനിയും നിരവധിപേർ മടങ്ങി എത്താനുണ്ടെന്നാണ് റിപ്പോർട്ട്. രക്ഷാപ്രവർത്തനങ്ങൾ ഇപ്പോഴും തുടരുകയാണ്. കോസ്റ്റ് ഗാർഡും നാവിക-വ്യോമ സേനയും കഴിഞ്ഞ അഞ്ചുദിവസമായി നടത്തിയ തിരച്ചിലിൽ നാനൂറിലധികംപേരെ രക്ഷപ്പെടുത്തി കരയിൽ എത്തിച്ചു. കടലിനോട് മല്ലിടാനാകാതെ മരണത്തിന് കീഴടങ്ങേണ്ടിവന്ന ഹതഭാഗ്യരുടെ ജീവനില്ലാത്ത ദേഹങ്ങളാണ് ഞായറാഴ്ച മുഖ്യമായും കരയ്ക്കെത്തിച്ചത്. കൂടുതൽ ഏകോപനം സാദ്ധ്യമാക്കി തിങ്കളാഴ്ചയും സേനാവിഭാഗങ്ങൾ വിശ്രമമില്ലാതെ തിരിച്ചലിൽ ഏർപ്പെടുകയുണ്ടായി. പ്രതിരോധമന്ത്രി നിർമ്മലാ സീതാരാമൻ തിരുവനന്തപുരത്തെത്തി രക്ഷാപ്രവർത്തനങ്ങൾ വിലയിരുത്തുകയും ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു. ദുരന്തത്തിനിരയായ അവസാനത്തെ ആളിനെ കണ്ടെത്തുംവരെ രക്ഷാപ്രവർത്തനം തുടരുമെന്ന കേന്ദ്രമന്ത്രിയുടെ ഉറപ്പ് രോഷാകുലരായി നിൽക്കുന്ന തീരദേശവാസികളെ ഒട്ടൊന്നു ശാന്തരാക്കാൻ സഹായകമായി. നാടിനെ ഉലയ്ക്കുന്ന ഇതുപോലുള്ള വലിയ ദുരന്തമുണ്ടാകുമ്പോൾ ഭരണകർത്താക്കളുടെ ആശ്വാസവാക്കുകൾക്കും സാന്നിദ്ധ്യത്തിനും പറഞ്ഞറിയിക്കാനാകാത്ത ഫലസിദ്ധിയുണ്ട്.
പ്രകൃതി ദുരന്തങ്ങൾ ആർക്കും തടയാനാവില്ലെങ്കിലും അതിന്റെ കെടുതികൾ സർക്കാർ വകുപ്പുകളുടെ സംയോജിതമായ യത്‌നങ്ങളിലൂടെ ഫലപ്രദമായി നേരിടാനാകും. ലോകത്ത് എല്ലായിടത്തും കണ്ടുവരുന്നതും അതാണ്. പകച്ചുനിൽക്കാതെ ദുരന്തനിവാരണ സംവിധാനങ്ങൾ എണ്ണയിട്ട യന്ത്രംപോലെ പ്രവർത്തിക്കുകയാണ് വേണ്ടത്. ഇൗ രംഗത്ത് സംസ്ഥാനം എല്ലാം ആദ്യം തൊട്ടേ തുടങ്ങേണ്ടിയിരിക്കുന്നു. ദുരന്തമുണ്ടായാലും ഇല്ലെങ്കിലും അത് നേരിടാനുള്ള സംവിധാനങ്ങളിൽ ഒരു കുറവും ഉണ്ടാകാൻ പാടില്ല. അനാസ്ഥയും വീഴ്ചയും കാണിച്ചതിന്റെ ശിക്ഷയാണ് ഇപ്പോൾ ലഭിച്ചത്.
എല്ലാ കാര്യത്തിലുമെന്നപോലെ പ്രകൃതിദുരന്തവും രാഷ്ട്രീയ മുതലെടുപ്പിനുള്ള അവസരമാക്കി മാറ്റുന്നതിന്റെ മ്ളേച്ഛമായ ചിത്രവും 'ഒാഖി'യുടെ ബാക്കിപത്രമായി മുമ്പിലുണ്ട്. ക്രിയാത്മകമായി ഒന്നും ചെയ്യാതെ സർക്കാരിനെ അടച്ചു കുറ്റപ്പെടുത്തുന്നതല്ല രാഷ്ട്രീയ ധർമ്മമെന്നു പലരും മറന്നതുപോലെ തോന്നുന്നു. എരിതീയിൽ എണ്ണ ഒഴിക്കുന്ന ഇൗ സമീപനമാണ് ദുഃഖാർത്തരായ തീരദേശവാസികളെ കൂടുതൽ പ്രകോപനപരമായ നിലപാടുകളിലേക്ക് തള്ളിവിട്ടതെന്ന് പറയാം. അതുപോലെ കഴിഞ്ഞ ദിവസങ്ങളിൽ തെക്കൻ ജില്ലകളുടെ പല ഭാഗങ്ങളിലും നടന്ന റോഡ് തടയൽ ഒഴിവാക്കാൻ ആരും ഇടപെട്ടുകണ്ടില്ല. സംസ്ഥാനമൊട്ടാകെ പ്രകൃതിദുരന്തത്തിൽപ്പെട്ടിരിക്കെ പൊതുനിരത്തുകളിൽ നടക്കുന്ന ഇതുപോലുള്ള സമരമുറകൾ ലക്ഷക്കണക്കിന് യാത്രക്കാരെയാണ് ബാധിക്കുന്നത്. വഴിതടയൽ സമരം സർക്കാരിനോട് പ്രതിഷേധിക്കാൻ ഉദ്ദേശിച്ചാണെങ്കിലും അതിന്റെ ഫലം അനുഭവിക്കേണ്ടിവരുന്നത് എല്ലാവിഭാഗത്തിലുമുള്ള യാത്രക്കാരാണ്.
കടൽ ദുരന്തത്തിൽപ്പെട്ട് ജീവൻ നഷ്ടമായവരുടെ ആശ്രിതർക്കും പരിക്കേറ്റവർക്കും സർക്കാർ നഷ്ടപരിഹാരം പ്രഖ്യാപിച്ചുകഴിഞ്ഞു. ആശുപത്രികളിൽ കഴിയുന്നവർക്ക് മികച്ച ചികിത്സയും ഉറപ്പാക്കിയിട്ടുണ്ട്. കൃത്യമായി ഇനിയും എത്രപേർ മടങ്ങി എത്താനുണ്ടെന്നത് സംബന്ധിച്ച് ഇപ്പോഴും ഉൗഹക്കണക്കേയുള്ളൂ. കേരളതീരം വിട്ട് കർണാടക, ലക്ഷദ്വീപ്, മഹാരാഷ്ട്ര തീരങ്ങളിൽ വരെചെന്നെത്തിയവർ ഉണ്ട്. അവരെ നാട്ടിലെത്തിക്കാനുള്ള നടപടികൾ ഉൗർജ്ജിതമാക്കണം. കാലാവസ്ഥ തെളിഞ്ഞ സാഹചര്യത്തിൽ ദുരിതത്തിനിരയായവരുടെ പുനരധിവാസം എന്ന വലിയ ചുമതല സർക്കാർ മുമ്പാകെ ഉണ്ട്. തീരദേശത്ത് മാത്രമല്ല 'ഒാഖി' സംഹാരതാണ്ഡവമാടിയ കരപ്രദേശങ്ങളിലും വ്യാപകമായ നാശനഷ്ടങ്ങളുണ്ടായിട്ടുണ്ട്. ദുരിതബാധിതരായ മുഴുവൻ കുടുംബങ്ങൾക്കും സഹായം നൽകേണ്ടതുണ്ട്. തകർന്ന വൈദ്യുതി ബന്ധങ്ങളും നിരത്തുകളും എത്രയും വേഗം പുനസ്ഥാപിക്കേണ്ടതുണ്ട്. അർഹമായ കേന്ദ്ര സഹായം ലഭ്യമാക്കാനും നടപടി വേണം. നാശനഷ്ടങ്ങൾ കൃത്യമായി വിലയിരുത്താൻ ഉദ്യോഗസ്ഥ സംഘത്തെ നിയോഗിക്കണം. മാനം തെളിഞ്ഞെങ്കിലും കെടുതികൾ അനുഭവിക്കേണ്ടിവന്നവരുടെ മനംതെളിയാൻ ഏറെ നാളുകളെടുക്കും. ഇൗ ആപൽഘട്ടത്തിൽ സർക്കാരിനെയാണ് അവർ ഉറ്റുനോക്കുന്നത്.
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ