രാജ്യം കാത്തിരിക്കുകയാണ് ആ വിധിക്കായി
December 7, 2017, 2:00 am
അന്തമില്ലാതെ നീളുന്ന അയോദ്ധ്യ തർക്കഭൂമി കേസിൽ അടുത്ത ഫെബ്രുവരി 8 മുതൽ തുടർച്ചയായി വാദം കേൾക്കാൻ സുപ്രീംകോടതി തീരുമാനിച്ചിരിക്കുകയാണ്. ഏഴുപതിറ്റാണ്ടിലേറെ പഴക്കമുള്ളതാണ് രാമജന്മഭൂമി തർക്കവുമായി ബന്ധപ്പെട്ട വ്യവഹാരം. ഇതിനിടെ ഇതിന്റെ പേരിൽ ഒട്ടധികം രക്തം ചിന്തുകയും രാജ്യത്തിന്റെ മതേതരത്വപാരമ്പര്യത്തിന് ഗുരുതരമായ വിള്ളലുണ്ടാവുകയും ചെയ്തു. തർക്കഭൂമിയിൽ സ്ഥിതി ചെയ്തിരുന്ന ബാബ്‌‌റി മസ്ജിദ് തകർക്കപ്പെട്ടതിന്റെ ഇരുപത്തഞ്ചാം വാർഷികമായിരുന്നു ഇന്നലെ. മസ്ജിദ് തകർത്തതുമായി ബന്ധപ്പെട്ട കേസുകളും തീരുമാനമുണ്ടാകാതെ നീണ്ടുപോവുകയാണ്. കേസുകൾക്ക് എങ്ങനെയും പരിസമാപ്തി വേണമെന്ന് ആഗ്രഹമില്ലാത്തവർ ഇരുചേരികളിലും ധാരാളമാണ്. രാഷ്ട്രീയ നേട്ടമാണ് അവരുടെ ലക്ഷ്യം. വോട്ടർമാരെ സ്വാധീനിക്കാൻ ശേഷിയുള്ള വൈകാരിക പ്രശ്നമെന്ന നിലയ്ക്ക് അയോദ്ധ്യാകേസ് കഴിഞ്ഞ കാൽനൂറ്റാണ്ടായി എല്ലാ തിരഞ്ഞെടുപ്പുകളിലും മുഖ്യ വിഷയമായി മാറാറുമുണ്ട്.
കോടതികളിൽ കേസുകൾ കെട്ടിക്കിടക്കുന്നതിനെതിരെയാണ് പൊതുവേ രൂക്ഷമായ വിമർശനങ്ങൾ ഉയരാറുള്ളത്. എന്നാൽ അയോദ്ധ്യ തർക്കഭൂമികേസ് സുപ്രീംകോടതിയുടെ മൂന്നംഗ ബഞ്ച് മുൻപാകെ ചൊവ്വാഴ്ച പരിഗണനയ്ക്കുവന്നപ്പോൾ പ്രധാനകക്ഷികളിൽ ഒരു കൂട്ടർ വിചാരണ ഉടനൊന്നും വേണ്ടതില്ലെന്ന വിചിത്രവാദവുമായി വരികയാണുണ്ടായത്. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിനുശേഷമേ വിചാരണ തുടങ്ങാവൂ എന്നായിരുന്നു സുന്നി വഖഫ് ബോർഡ്, ബാബ്‌റി മസ്ജിദ് ആക്ഷൻ കമ്മിറ്റി എന്നിവ ആവശ്യപ്പെട്ടത്. അതീവ രാഷ്ട്രീയ പ്രാധാന്യമുള്ള കേസായതിനാൽ തിരഞ്ഞെടുപ്പിനുമുമ്പേ വിചാരണയും വിധി പ്രസ്താവവും നടന്നാൽ എതിർകക്ഷികൾ അതിൽ നേട്ടമുണ്ടാക്കുമെന്ന വാദമാണ് അവർ ഉന്നയിച്ചത്. കേസ് വിചാരണ നീട്ടണമെന്ന ആവശ്യം ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ അദ്ധ്യക്ഷതയിലുള്ള മൂന്നംഗ ബഞ്ചിനെക്കൊണ്ട് അംഗീകരിപ്പിക്കാൻ സുന്നി വഖഫ് ബോർഡിന്റെയും ബാബ്റി ആക്ഷൻ കമ്മിറ്റിയുടെയും അഭിഭാഷകർ തീവ്രശ്രമം നടത്തിയെങ്കിലും ഇനി നീട്ടിവയ്ക്കലില്ല എന്ന ഉറച്ച തീരുമാനമാണ് കോടതി കൈക്കൊണ്ടത്. അതുപോലെതന്നെ കേസിന്റെ ഗൗരവസ്വഭാവം പരിഗണിച്ച് വിചാരണയ്ക്കായി അഞ്ചംഗ ബഞ്ചോ ഏഴംഗബഞ്ചോ രൂപീകരിക്കണമെന്ന ആവശ്യവും കോടതി നിരാകരിച്ചു. കോടതി നിലപാടിൽ കലഹിച്ച് ഒരുഘട്ടത്തിൽ ഇറങ്ങിപ്പോക്കിനുവരെ സീനിയർ അഭിഭാഷകർ മുതിർന്നത് ഏറെ നാടകീയ രംഗങ്ങൾക്കും കളമൊരുക്കി. തർക്കഭൂമിയായ 2.7 ഏക്കറിന്റെ ഉടമസ്ഥാവകാശത്തെച്ചൊല്ലിയുള്ള അപ്പീൽ ഹർജികളാണ് പരമോന്നത കോടതിയുടെ മുമ്പിലുള്ളത്. തർക്കഭൂമി കേസിലെ കക്ഷികളായ രാംലാലാ ട്രസ്റ്റിനും നിർമോഹി അഖാഡയ്ക്കും സുന്നി വക്കഫ് ബോർഡിനുമായി വിഭജിക്കണമെന്ന് 2010 സെപ്തംബർ 30ന് അലഹബാദ് ഹൈക്കോടതിവിധി പുറപ്പെടുവിച്ചിരുന്നു. ഇൗ വിധിക്കെതിരായ അപ്പീൽ ഹർജികൾ ഏഴുവർഷമായി സുപ്രീംകോടതിയിൽ കിടക്കുകയാണ്. കേസുമായി ബന്ധപ്പെട്ട് പതിനായിരക്കണക്കിന് രേഖകളുള്ളതിനാൽ അവ മുഴുവൻ പഠിക്കാനും പരിഭാഷ ഫയൽ ചെയ്യാനും സമയം വേണ്ടതിനാൽ അപ്പീൽ വിചാരണ നീട്ടിവയ്ക്കണമെന്നായിരുന്നു പ്രധാന വാദം. എന്നാൽ ഇനിയും വിചാരണ നീട്ടിവയ്ക്കണമെന്നാവശ്യപ്പെടുന്നതിന് എന്ത് നീതീകരണമാണുള്ളതെന്ന കോടതിയുടെ നിലപാടിനോടാകും കൂടുതൽ പേർക്ക് ആഭിമുഖ്യം.
അയോദ്ധ്യാതർക്കഭൂമി പ്രശ്നം കോടതിക്ക് പുറത്തുവച്ചു തീർക്കാൻ മദ്ധ്യസ്ഥം വഹിക്കാമെന്ന ഒരു നിർദ്ദേശം കുറച്ചുകാലംമുൻപ് പരമോന്നത കോടതി മുന്നോട്ടുവച്ചത് ഒാർക്കുന്നു. എന്നാൽ മദ്ധ്യസ്ഥ ശ്രമങ്ങൾ വഴിയുള്ള ഒത്തുതീർപ്പ് കൂടുതൽ തർക്കങ്ങൾക്ക് വഴിവയ്ക്കുമെന്നതിനാൽ തർക്ക കക്ഷികൾ കോടതി നിർദ്ദേശത്തോട് അകൽച്ച പാലിക്കുകയാണ് ചെയ്തത്. പരമോന്നത കോടതിവിധി അംഗീകരിക്കാൻ എല്ലാ കക്ഷികളും ബാദ്ധ്യസ്ഥമാകയാൽ തർക്ക പ്രശ്നവും അതോടെ അവസാനിക്കുമെന്നായിരുന്നു കണക്കുകൂട്ടൽ.
തർക്കഭൂമിയിൽത്തന്നെ രാമക്ഷേത്രം നിർമ്മിക്കുമെന്ന പ്രതിജ്ഞയുമായി നിൽക്കുന്ന ഹിന്ദുത്വവാദികൾക്ക് കോടതിയുടെ ഇപ്പോഴത്തെ തീരുമാനം ആഹ്ളാദം പകരുന്നതാണ്. അയോദ്ധ്യയിലെ രാമക്ഷേത്ര നിർമ്മാണം ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ മുഖ്യ ഇനമാണ്. അടുത്ത തിരഞ്ഞെടുപ്പിന് മുമ്പ് തർക്കപ്രശ്നത്തിൽ അന്തിമ വിധി ഉണ്ടായിക്കാണാൻ സംഘപരിവാറിന് പ്രത്യേക താത്പര്യവുമുണ്ട്. വിധി എന്തുതന്നെയായാലും രാഷ്ട്രീയ നേട്ടത്തിനായി അത് പ്രയോജനപ്പെടുത്താൻ അവർക്ക് കഴിയും. പൊതുതിരഞ്ഞെടുപ്പ് കഴിഞ്ഞുമതി അപ്പീൽ ഹർജികളുടെ വിചാരണ എന്ന് എതിർകക്ഷികൾ ശാഠ്യം പിടിച്ചതും അതുകൊണ്ടാകണം. ഇതിനകം വൈകാരികമായി സമൂഹത്തെ ഭിന്നിപ്പിക്കുകയും ഒട്ടേറെ കെടുതികൾക്ക് കാരണമാകുകയും ചെയ്ത അയോദ്ധ്യ പ്രശ്നം ഡെമോക്‌ളിസിന്റെ വാൾ കണക്കെ രാജ്യത്തിന്റെ മുകളിൽ തൂങ്ങിനിൽക്കുകയാണ്. എത്രയും വേഗം നീതിപീഠത്തിൽനിന്നുതന്നെ അതിന് ശാശ്വതമായ പരിഹാരമുണ്ടായിക്കാണാനാണ് ജനങ്ങൾ ആഗ്രഹിക്കുന്നത്. രാജ്യം ഒന്നടങ്കം ഏറെനാളായി കാത്തിരിക്കുകയാണ് അയോദ്ധ്യകേസ് വിധിക്കായി.
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ