ശ്രീചിത്രയിലും സംവരണം കാറ്റിൽ പറത്തി
December 7, 2017, 12:12 am
എസ്. പ്രേംലാൽ
തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ കീഴിൽ പ്രവർത്തിക്കുന്ന ശ്രീചിത്രാ മെഡിക്കൽ സെന്ററിൽ ഡോക്ടർമാരുടെയും സയന്റിസ്റ്റുകളുടെയും നിയമനങ്ങളിൽ സംവരണവ്യവസ്ഥ തുടക്കംമുതൽ കാറ്റിൽപ്പറത്തി. ഗ്രൂപ്പ് എയിൽ പെടുന്ന ഈ തസ്തികകളിൽ ശ്രീചിത്ര കേന്ദ്ര സർക്കാരിന്റെ കീഴിലായ 1980 മുതൽ ഇന്നുവരെ ഒരാളെപ്പോലും സംവരണം വഴി നിയമിച്ചിട്ടില്ല. 48 ഡോക്ടർമാരും 55 സയന്റിസ്റ്റ് എൻജിനിയർമാരുമാണ്‌ ഇപ്പോൾ ശ്രീചിത്രയിലുള്ളത്. സയന്റിസ്റ്റുമാരിൽ ഈഴവ സമുദായത്തിൽപ്പെട്ട നാല് പേരുണ്ട്. നാല് പേരും ജനറൽ മെരിറ്റിൽകൂടി നിയമനം നേടിയവരാണ്. പട്ടികജാതി പട്ടികവർഗത്തിൽപ്പെട്ട ഒരാൾ പോലുമില്ല.

ക്ളെറിക്കൽ തസ്തികയിലും അതിനുതാഴെയുള്ള ബി, സി, ഡി വിഭാഗങ്ങളിലും മാത്രമായി സംവരണം ഒതുക്കി നിറുത്തിയിരിക്കുകയാണ്. പട്ടാളത്തിലും ഡിഫൻസ് റിസർച്ച് ഡെവലപ്മെന്റ് ഓർഗനൈസേഷനിലും മാത്രമാണ് നിലവിൽ നിയമപരമായി സംവരണമില്ലാത്തത്. മറ്റെല്ലാ സ്ഥാപനങ്ങളിലും സംവരണം പാലിക്കണമെന്നാണ് വ്യവസ്ഥ. ഇത്‌ വകവയ്ക്കാതെയാണ് ശ്രീചിത്രയിൽ സംവരണവിരുദ്ധ കുതന്ത്രം നടപ്പിലാക്കിവരുന്നത്.

പ്രധാനമന്ത്രിക്ക് നൽകിയത് തെറ്റായ വിവരം

ചിത്രയിലെ സംവരണ അട്ടിമറി സംബന്ധിച്ച് ലഭിച്ച പരാതിയിൽ വിശദീകരണം ചോദിച്ച പ്രധാനമന്ത്രിക്ക് എയിംസിലെ (ആൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസസ്) നിബന്ധനകൾ ഇവിടെയും പാലിക്കുന്നുവെന്നാണ്‌ അധികൃതർ മറുപടി നൽകിയത്‌. എയിംസിൽ ഡോക്ടർമാരുടെയും സയന്റിസ്റ്റുകളുടെയും നിയമനത്തിൽ കൃത്യമായി സംവരണം പാലിക്കുന്നുണ്ട്. സംവരണം പാലിച്ചിരുന്നെങ്കിൽ പിന്നാക്ക വിഭാഗത്തിൽപ്പെട്ട വലിയൊരു വിഭാഗം ഡോക്ടർമാരും സയന്റിസ്റ്റുകളും ശ്രീചിത്രയിലും കാണുമായിരുന്നു.

എയിംസിൽ സംവരണം
എയിംസിൽ സംവരണതത്വം പാലിച്ചുകൊണ്ട് ഫാക്കൽട്ടി നിയമനത്തിന് ഓൺലൈൻ വഴി ക്ഷണിച്ച അപേക്ഷയിൽ ഓരോ വിഭാഗത്തിനും സംവരണം ചെയ്ത തസ്തികകളുടെ എണ്ണം ഇങ്ങനെ:

1.പ്രൊഫസർ
ജനറൽ മെരിറ്റ് -17, ഒ.ബി.സി -8, എസ്.സി -4

2.അഡിഷണൽ പ്രൊഫസർ
ജനറൽ മെരിറ്റ് -16, ഒ.ബി.സി -5, എസ്.സി -2

3.അസോസിയേറ്റ് പ്രൊഫസർ
ജനറൽ മെരിറ്റ് -45, ഒ.ബി.സി -10, എസ്.സി -6

4.അസിസ്റ്റന്റ് പ്രൊഫസർ
ജനറൽ മെരിറ്റ് -33, ഒ.ബി.സി -18, എസ്.സി -15, എസ്.ടി -6
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ