പുതുനമസ്കാരവുമായി റെസ്റ്റ് ഹൗസുകൾ
January 14, 2018, 12:00 am
എം.പി. സുനിൽ
തിരുവനന്തപുരം : മോടിപിടിപ്പിച്ച പൊതുമരാമത്ത് റെസ്റ്റ് ഹൗസുകളിൽ ജീവനക്കാർ ഇനി പുതുവേഷത്തിൽ അതിഥികളെ സ്വീകരിക്കും. പൊട്ടിപ്പൊളിഞ്ഞ കെട്ടിടങ്ങളോടും വൃത്തിയില്ലായ്മയോടും വിടപറഞ്ഞ്, റെസ്റ്റ് ഹൗസുകളുടെ നവീകരിക്കുന്നതിന്റെ ഭാഗമായാണ് ജീവനക്കാർക്ക് യൂണിഫോം ഏർപ്പെടുത്തിയത്. കുടുംബവുമായെത്തുന്നവരടക്കം കൂടുതൽ അതിഥികളെ ആകർഷിക്കാൻ ലക്ഷ്യമിട്ടുള്ള നവീകരണപ്രവർത്തനങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. റെസ്റ്റ് ഹൗസുകളിൽ മദ്യ നിരോധനവും കർശനമാക്കി.
ജനുവരി ഒന്നു മുതൽ യൂണിഫോം ഏർപ്പെടുത്താൻ തീരുമാനിച്ചിരുന്നെങ്കിലും ഇത് പൂർത്തിയായി വരുന്നതേയുള്ളൂ. പുതിയ പരിഷ്കാരമായതിനാൽ യൂണിഫോം വാങ്ങുന്നതിനുള്ള തുക ആദ്യം ജീവനക്കാർ സ്വന്തം പോക്കറ്റിൽ നിന്നെടുക്കണം. ഓരോ വിഭാഗത്തിലെയും യൂണിഫോം ചെലവ് കണക്കാക്കി ഉടൻ അലവൻസ് നൽകുമെന്ന് പൊതുമരാമത്ത് കെട്ടിട വിഭാഗം ചീഫ് എൻജിനിയർ ഹൈദ്രു അറിയിച്ചു.

യൂണിഫോം ഇങ്ങനെ
മാനേജർ : കറുപ്പ് ഷൂ, കറുപ്പ് പാന്റ്സ്, കറുപ്പ് ബെൽറ്റ്, തവിട്ടുനിറമുള്ള ഷർട്ട് , കറുത്ത കോട്ട്
 കെയർടേക്കർ : കറുപ്പ് ഷൂ, കറുപ്പ് പാന്റ്സ്, കറുപ്പ് ബെൽറ്റ്, ഇളംനീല ഷർട്ട്
 വാച്ചർ : കറുപ്പ് ഷൂ, കറുപ്പ് പാന്റ്സ്, വെള്ള ഷർട്ട്
 ഗാർഡ്നർ : കാക്കി പാന്റ്സും ഷർട്ടും
 തൂപ്പ് ജോലിക്കാർ : വെള്ള പാന്റ്സും ഷർട്ടും


 154
പൊതുമരാമത്ത് വകുപ്പിന് കീഴിൽ സംസ്ഥാനത്ത് 154 റെസ്റ്റ് ഹൗസുകളാണ് ഉള്ളത്. ഇവിടെ ഇരുന്നൂറോളം സ്ഥിരം ജീവനക്കാർ ഉണ്ട്. താത്കാലിക ജീവനക്കാരാണ് ബാക്കിയുള്ളവർ. എ, ബി, സി എന്നീ വിഭാഗങ്ങളിലാണ് റെസ്റ്റ് ഹൗസുകൾ. എ വിഭാഗത്തിൽ ഗ്രേഡ് വൺ മാനേജർമാർക്കും ബി വിഭാഗത്തിൽ ഗ്രേഡ് രണ്ട് മാനേജർമാർക്കും സി ഗ്രേഡിൽ കെയർടേക്കർമാർക്കുമാണ് ചുമതല.

 32 കോടി
റെസ്റ്റ് ഹൗസുകൾ മോടിപിടിപ്പിക്കാൻ 32 കോടി രൂപ പൊതുമരാമത്ത് വകുപ്പ് അനുവദിച്ചിട്ടുണ്ട്. ആലപ്പുഴ, കായംകുളം, പൊന്നാനി, തലശേരി, കോട്ടയം റെസ്റ്റ് ഹൗസുകൾ പുനർനിർമ്മിക്കുകയാണ്

'' ടൂറിസം വകുപ്പിന്റെ ഗസ്റ്റ് ഹൗസുകളുടെ നിലവാരത്തിലേക്ക് പൊതുമരാമത്തിന്റേതും മാറ്റും. ഇതിന്റെ ഭാഗമായാണ് യൂണിഫോം ഏർപ്പെടുത്തിയതും നവീകരണപ്രവർത്തനങ്ങൾ നടത്തുന്നതും.
ജി. സുധാകരൻ,
പൊതുമരാമത്ത് മന്ത്രി
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ