വരുന്നു കേരളത്തിന്റെ സ്വന്തം ലാപ്ടോപ്പ്
January 8, 2018, 12:21 am
പി. എച്ച്. സനൽകുമാർ
തിരുവനന്തപുരം: ഇന്ത്യയിലാദ്യമായി തദ്ദേശീയമായി ലാപ്ടോപ്പ് നിർമ്മിക്കാൻ കേരളം ഒരുങ്ങുന്നു. ചിപ്പ്, കണ്ടക്ടർ, പ്രോസസർ തുടങ്ങിയ പ്രധാന ഭാഗങ്ങൾ മാത്രം ഇറക്കുമതി ചെയ്യും. ബാക്കി ഘടകങ്ങൾ ഇവിടെ തന്നെ നിർമ്മിക്കും. ചെറുതും വലുതുമായ നാനൂറോളം ഘടകങ്ങളാണ് ലാപ് ടോപ്പിനുള്ളത്. ഇതിൽ 60ശതമാനം ഭാഗങ്ങളും സ്വന്തമായി നിർമ്മിക്കുന്നതിനാൽ തദ്ദേശീയം എന്ന നിർവചനത്തിൽ വരും.
തിരുവനന്തപുരത്തോ കൊച്ചിയിലോ സ്ഥാപിക്കാൻ ഉദ്ദേശിക്കുന്ന ഹാർഡ് വെയർപാർക്കിൽ ആയിരിക്കും ലാപ്ടോപ്പ് കമ്പനി. ഇതിൽ ടെസ്റ്റിംഗ് യൂണിറ്റും ലബോറട്ടറിയും അസംബ്ളിംഗ് യൂണിറ്റും ഉണ്ടാവും. ആറുമാസത്തിനുള്ളിൽ കമ്പനിയുടെ പ്രവർത്തനം തുടങ്ങാനാണ് ആലോചിക്കുന്നത്. പ്രത്യേക കമ്പനി രൂപീകരിച്ച് മുടക്കുമുതൽ സമാഹരിക്കും. കേന്ദ്രസംസ്ഥാന സർക്കാരുകൾ പങ്കാളിത്തം വഹിക്കും.
ഇലക്ട്രോണിക്‌സ് ആൻഡ് ഹാർഡ്‌വെയർ മിഷൻ തയ്യാറാക്കിയ പദ്ധതിക്ക് സർക്കാർ അനുമതി നൽകി.

'ഇന്റൽ ഇൻസൈഡ്'

കമ്പ്യൂട്ടർ പ്രോസസർ നിർമ്മാണത്തിൽ ലോകപ്രശസ്തമായ ഇന്റൽ കമ്പനിയാണ് പദ്ധതിയിലെ പങ്കാളി. പ്രോസസർ ഉൾപ്പെടെയുള്ള സാങ്കേതിക സഹായം ഇന്റൽ നൽകും. അനുബന്ധ ഉപകരണങ്ങളും പാർട്സുകളും സംസ്ഥാനത്തെ സ്റ്റാർട്ട് അപ് സംരംഭങ്ങളും ചെറുകിട വ്യവസായ സ്ഥാപനങ്ങളും നിർമ്മിക്കും.
ലാപ്ടോപ്പ് നിർമ്മാണത്തിനുള്ള സാങ്കേതിക പരിജ്ഞാനവും അടിസ്ഥാന സൗകര്യവുമുള്ള 150 ഓളം ചെറുകിട വ്യവസായ സ്ഥാപനങ്ങൾ സംസ്ഥാനത്തുണ്ടെന്ന് ഹാർഡ് വെയർ മിഷന്റെ സർവ്വേയിൽ കണ്ടെത്തിയിട്ടുണ്ട്. ത്രീ ഡി പ്രിന്റിംഗ് പോലുള്ള സാങ്കേതിക വിദ്യകളിൽ നിപുണരായ സ്റ്റാർട്ട് അപ് സംരംഭങ്ങളെയും ഉപയോഗിക്കും.
ചെെന, ജപ്പാൻ, അമേരിക്ക, ജർമ്മനി എന്നിവിടങ്ങളിൽ നിന്ന് എത്തിക്കുന്ന ഘടകങ്ങൾ ഉപയോഗിച്ച് അസംബ്ളിൾ ചെയ്താണ് നിലവിൽ ഡെൽ, ഫിലിപ്‌സ്, വിപ്രോ, എച്ച്.പി, അസ്യൂസ്, ലെനോവോ തുടങ്ങിയ കമ്പനികൾ രാജ്യത്ത് ലാപ്ടോപ്പുകൾ നിർമ്മിക്കുന്നത്. 60 ശതമാനവും ചെെനയെയാണ് ആശ്രയിക്കുന്നത്.

ലാപ്ടോപ്പുകൾ സർക്കാരിന് വേണം
ലാപ്ടോപ്പുകളുടെ പ്രധാന ഉപഭോക്താക്കൾ സംസ്ഥാന സർക്കാരായിരിക്കും. ഒരുവർഷത്തിനുള്ളിൽ സ്കൂളുകൾക്ക് 16,000 ലാപ്ടോപ്പുകളും പഞ്ചായത്ത്, താലൂക്ക് , കളക്ടറേറ്റുകൾ, സർക്കാർ വകുപ്പുകൾ എന്നിവിടങ്ങളിൽ 6,000 ലാപ്ടോപ്പുകളും ആവശ്യമുണ്ട്. കൂടാതെ 15,000 ഡെസ്‌ക് ടോപ്പുകളും പതിനായിരത്തോളം സ്‌കാനർ, പ്രിന്റർ എന്നിവയും ആവശ്യമുണ്ടെന്നാണ് കണക്ക്.

''സംസ്ഥാനത്ത് നൂറ്കണക്കിന് തൊഴിലവസരങ്ങളും ചെറുകിട, സ്റ്റാർട്ട് അപ് സംരംഭങ്ങൾക്ക് പുതിയ ഉണർവ്വും ഐ.ടി.കേരള ബ്രാൻഡിന് വൻ അംഗീകാരവും നേടിക്കൊടുക്കുന്ന പദ്ധതിയാണിത്''
--ഡോ.ജയ്ശങ്കർ പ്രസാദ്,
ഇലക്ട്രോണിക്‌സ് ആൻഡ് ഹാർഡ് വെയർ മിഷൻ സ്പെഷ്യൽ ഒാഫീസർ
-- എം.ശിവശങ്കർ
ഐ.ടി.സെക്രട്ടറി 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ