വളപ്രയോഗം വേണ്ടാത്ത രാഷ്ട്രീയ കൃഷി
January 9, 2018, 12:01 am
സംസ്ഥാനത്തെ മന്ത്രിമാർക്കും എം.എൽ.എമാർക്കും രാഷ്ട്രീയത്തിൽ മാത്രമാണ് ശ്രദ്ധയുള്ളതെന്ന ഗവർണർ ജസ്റ്റിസ് പി. സദാശിവത്തിന്റെ നിരീക്ഷണത്തിൽ ഒട്ടും അതിശയോക്തിയില്ല. രാഷ്ട്രീയ വിവാദങ്ങൾ സൃഷ്ടിക്കുകയും അതിനുമേൽ കിടന്ന് കെട്ടിമറിയുകയുമാണ് ഒട്ടുമിക്കവരും ചെയ്യുന്നത്. സാക്ഷരതയും രാഷ്ട്രീയബോധവും ജനങ്ങൾക്കിടയിലും ഉയർന്ന തോതിലായതിനാൽ രാഷ്ട്രീയം വിട്ടുള്ള ഒരു കാര്യവും ഇവിടെ ഇല്ലെന്നതാണു യാഥാർത്ഥ്യം. സംസ്ഥാനത്തിന്റെ വളർച്ചയ്ക്കും പുരോഗതിക്കും രാഷ്ട്രീയാതിപ്രസരം പലപ്പോഴും തടസമാകാറുണ്ട്. വിവേകശാലികൾ അത് ചൂണ്ടിക്കാണിക്കാറുമുണ്ട്. വിഷയാധിഷ്ഠിതമായിരിക്കേണ്ട ചില പൊതു ചടങ്ങുകളിൽ പോലും രാഷ്ട്രീയ പ്രസംഗങ്ങളാണ് കേൾക്കേണ്ടിവരുന്നത്. രാഷ്ട്രീയത്തിനപ്പുറമുള്ള കാര്യങ്ങളിലേക്കും കാഴ്ചകളിലേക്കും എത്തിനോക്കാൻ സമയമോ സാവകാശമോ താത്‌പര്യമോ ഇല്ലാത്ത വിധം പൊതുപ്രവർത്തകർ അരസികരായി മാറുമ്പോൾ ഭരണത്തിലും അതിന്റെ നിഴൽ വീഴും. ലോക കേരള സഭയുടെ ഭാഗമായി സംസ്ഥാന ടൂറിസം വകുപ്പ് കനകക്കുന്ന് കൊട്ടാര വളപ്പിൽ സംഘടിപ്പിച്ച വസന്തോത്സവം ഉദ്ഘാടനം ചെയ്യവെയാണ് സാധാരണഗതിയിൽ മിതഭാഷിയായ ഗവർണർ രാഷ്ട്രീയക്കാരെക്കുറിച്ചുള്ള തന്റെ അഭിപ്രായം പങ്കുവച്ചത്. മന്ത്രിമാരും എം.എൽ.എമാരും രാഷ്ട്രീയ വിഷയങ്ങളിൽ മാത്രം സദാ അഭിരമിക്കുമ്പോൾ ശ്രദ്ധ ലഭിക്കാതെ പോകുന്ന വിഷയങ്ങളെക്കുറിച്ചാണ് ഗവർണറുടെ ഓർമ്മപ്പെടുത്തൽ.
തൊഴിലില്ലായ്മ ഏറെ രൂക്ഷമായ കേരളത്തിന് വൻ നേട്ടമുണ്ടാക്കാവുന്ന മേഖലയാണ് വിനോദ സഞ്ചാരം. സംസ്ഥാനത്തിന്റെ വരുമാനത്തിൽ മുഖ്യ പങ്ക് ലഭിക്കുന്നത് ഈ മേഖലയിൽ നിന്നായിട്ടും ടൂറിസം മേഖലയുടെ അപാര സാദ്ധ്യതകൾ വേണ്ടപോലെ ഉപയോഗപ്പെടുത്താൻ സംസ്ഥാനത്തിനു സാധിച്ചിട്ടില്ല. സഞ്ചാരികൾക്കാവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്നതിൽ ഏറെ പിന്നിലാണ് ഇപ്പോഴും. യാത്രാസൗകര്യങ്ങളുടെ കുറവും ദുർഘടം പിടിച്ച സഞ്ചാരവഴികളും അടിസ്ഥാന സൗകര്യങ്ങളുടെ ശോചനീയ നിലയും ഒട്ടുമിക്ക വിനോദസഞ്ചാര കേന്ദ്രങ്ങളും നേരിടുന്ന പോരായ്മകളാണ്. സഞ്ചാരികൾക്കായി ഒട്ടനവധി കൗതുകങ്ങളുടെയും തനതു വിഭവങ്ങളുടെയും വലിയൊരു കലവറ സ്വന്തമായുണ്ടെങ്കിലും അവ പ്രയോജനപ്പെടുത്തുന്നതിൽ താത്‌പര്യവും ഉത്സാഹവും കുറവാണ്. ഇതൊക്കെയായിട്ടും ഓരോ വർഷവും ആഭ്യന്തര - വിദേശ സഞ്ചാരികളുടെ ഇങ്ങോട്ടുള്ള വരവ് കൂടിക്കൊണ്ടിരിക്കുകയാണെന്ന് ഇതുമായി ബന്ധപ്പെട്ട കണക്കുകളിൽ കാണാം. പ്രകൃതി നൽകിയ അനുഗ്രഹമാണത്.
രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നും കൂടുതൽ സഞ്ചാരികളെ ആകർഷിക്കാൻ ദീർഘവീക്ഷണത്തോടെയുള്ള പദ്ധതികൾ ആവിഷ്കരിക്കേണ്ടതുണ്ട്. സംസ്ഥാനത്തിന്റെ പ്രധാന നഗരങ്ങളെ ബന്ധപ്പെടുത്തിയുള്ള വ്യോമഗതാഗതം ശക്തിപ്പെടുത്തേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചു ഗവർണർ പറയുകയുണ്ടായി. കണ്ണൂർ വിമാനത്താവളം കൂടി താസിയാതെ പ്രവർത്തനക്ഷമമാകുന്നതോടെ ഏറ്റവും കുറഞ്ഞ സമയം കൊണ്ട് സംസ്ഥാനത്തെവിടെയും എത്തിച്ചേരാനുള്ള വഴി തെളിയുകയാണ്. ഹ്രസ്വദൂര സർവീസുകൾ തുടങ്ങാൻ വിമാന കമ്പനികളെ ക്ഷണിച്ചുവരുത്താവുന്നതാണ്. വിനോദസഞ്ചാരികളുടെ ആകർഷണമായ ഗോവയിലെത്തുന്നവർക്ക് കേരളത്തിലേക്കു വരാൻ പാകത്തിൽ വിമാന സൗകര്യങ്ങൾ വിപുലമായാൽ അവർ അതു വേണ്ടെന്നു വയ്ക്കുകയില്ല. തിരക്കേറിയ റോഡ് യാത്രയാണ് പലരെയും ഇപ്പോൾ അകറ്റി നിറുത്തുന്നത്. ഇതോടൊപ്പം വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ അടിസ്ഥാന സൗകര്യങ്ങളുൾപ്പെടെ പലതും പുതുക്കേണ്ടതുണ്ട്. ലോകപ്രശസ്തമായ കോവളം തീരം പോലും ഇന്ന് എത്ര അനാഥമായ അവസ്ഥയിലാണെന്ന് സർക്കാർ തിരിച്ചറിയേണ്ടതുണ്ട്. പ്രകൃതി സൗന്ദര്യത്താലും ജൈവവൈവിദ്ധ്യത്താലും സാംസ്‌കാരിക - പൈതൃക പെരുമയാലും ഒട്ടേറെ സവിശേഷതകളുള്ള കേരളത്തെ അടുത്തറിയാൻ സഞ്ചാരികൾക്ക് അവസരം നൽകുന്ന വിധത്തിൽ യാത്രാപദ്ധതികൾ ആവിഷ്കരിക്കാവുന്നതാണ്. ഇതിനൊക്കെ ഇപ്പോഴും ഏർപ്പാടുകളില്ലെന്നല്ല ഇവിടെ വിവക്ഷിക്കുന്നത്. പദ്ധതികൾ കൂടുതൽ വിപുലവും കൂടുതൽ പേരെ ആകർഷിക്കുന്ന വിധവുമായിരിക്കണം എന്നേ ഉദ്ദേശിച്ചുള്ളൂ.
ഉദ്യാന കൃഷിയുടെ അപൂർവ നേട്ടങ്ങൾ ഗവർണർ വിശദീകരിച്ചത് സർക്കാരിന്റെ മാത്രം ശ്രദ്ധയിൽപ്പെടേണ്ട വിഷയമല്ല. സംസ്ഥാനത്തെ ഓരോ വീട്ടുകാരുടെയും ശ്രദ്ധ പതിയേണ്ട കാര്യമാണത്. ഉദ്യാന കൃഷിയിലൂടെ ലോകത്ത് ഒരുവർഷം 90000 കോടി രൂപയുടെ ബിസിനസാണു നടക്കുന്നത്. ഇതിൽ ഇന്ത്യയുടെ വിഹിതം കേവലം ഒരു ശതമാനം പോലും വരില്ലെന്നു പറയുമ്പോൾ രാജ്യം ഈ മേഖലയെ എത്രമാത്രം അവഗണിക്കുന്നു എന്നു മനസിലാകും. അത്തക്കളമൊരുക്കാൻ അതിർത്തിക്കപ്പുറത്തുനിന്ന് കൊള്ളവിലയ്ക്കു പൂ വാങ്ങേണ്ടി വരുന്ന മലയാളിക്ക് അതിൽ ഒരു നാണക്കേടും തോന്നാറില്ല.
രാഷ്ട്രീയ കൃഷി കരിമ്പന പോലെ തഴച്ചുവളരാൻ പ്രത്യേകിച്ചു വളപ്രയോഗമൊന്നും ആവശ്യമില്ലാത്തതുകൊണ്ടാവാം ഓരോ മണിക്കൂറിനും പുതിയൊരു രാഷ്ട്രീയ വിവാദം സൃഷ്ടിച്ച് എല്ലാവരും അവയ്ക്കു പിന്നാലെ പായുന്നത്. സംസ്ഥാനത്തിന്റെയും ജനങ്ങളുടെയും ഉന്നമനത്തിന് ഉപകാരപ്പെടേണ്ട സമയവും ഊർജ്ജവുമാണ് ഇത്തരത്തിൽ പാഴാകുന്നത്.
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.