നായാടി എന്നും നായാടി തന്നെ !കടുത്ത അവഗണനയിൽ ഒരു സ്വയംപര്യാപ്ത ഗ്രാമം പദ്ധതി
January 9, 2018, 12:16 am
തിരുവനന്തപുരം: നാല് വർഷമായി അധികൃതരുടെ കടുത്ത അവഗണനയിലാണ് പാലക്കാട് ജില്ലയിലെ കൊല്ലങ്കോട്ടെ നായാടിക്കോളനി. 2013- 14 വർഷത്തിൽ പട്ടികജാതിക്കോളനിയെ ഉദ്ധരിക്കാൻ ലക്ഷ്യമിട്ട് സ്വയംപര്യാപ്തഗ്രാമം പദ്ധതി പട്ടികജാതി വകുപ്പ് ആവിഷ്കരിച്ചപ്പോൾ, ആദ്യ പരീക്ഷണത്തിന് തിരഞ്ഞെടുത്ത കോളനികളിലൊന്ന് കൊല്ലങ്കോട് ആണ്ടിക്കുളമ്പ് നായാടിക്കോളനിയായിരുന്നു. എന്നാൽ പദ്ധതി പ്രഖ്യാപിക്കുന്നതല്ലാതെ പണം കൃത്യമായി കോളനിയിലെത്തുന്നില്ല എന്നതാണ് വസ്തുത.
ചെറു റോഡുകളുടെ നിർമ്മാണം, കമ്മ്യൂണിറ്റി ഹാൾ, വാട്ടർ ടാങ്ക്, ഡ്രെയിനേജുകൾ നിർമ്മിക്കൽ, കെട്ടുറപ്പില്ലാത്ത വീടുകളുടെ മേൽക്കൂര നിർമ്മിക്കാൻ 17 പേർക്ക് ആളൊന്നിന് 50,000 രൂപ വീതം നൽകൽ തുടങ്ങിയവയാണ് പദ്ധതിയിലൂടെ ലക്ഷ്യമിട്ടത്. പദ്ധതി പ്രഖ്യാപിച്ച ശേഷം നിർമിതി കേന്ദ്രയ്ക്ക് 65 ലക്ഷം കൈമാറി. ഏതാനും ചില റോഡുകളും കുഴൽക്കിണറുകളും മാത്രമേ ഇതുവരെ നിർമ്മിച്ചിട്ടുള്ളൂവെന്ന് കോളനിയിലുള്ളവർ പറയുന്നു. ബാക്കി ഫണ്ട് എവിടെയാണെന്ന് ചോദിക്കുമ്പോൾ ജില്ലാ ഭരണകൂടവും പട്ടികജാതി വികസന വകുപ്പ് ഉദ്യോഗസ്ഥ വൃന്ദങ്ങളും കൈമലർത്തുകയാണെന്ന് നാട്ടുകാർ കുറ്റപ്പെടുത്തുന്നു. വിവരാവകാശനിയമപ്രകാരം ലഭിച്ച രേഖയനുസരിച്ചാണ് പദ്ധതി നിർവഹണ ഏജൻസിയായ നിർമിതി കേന്ദ്രയ്ക്ക് 65 ലക്ഷം അനുവദിച്ചതായി കണ്ടെത്തിയത്. ഇതിൽ 19,64,736 രൂപയേ ഇനി ബാക്കിയുള്ളൂ എന്നും രേഖ പറയുന്നു. ആണ്ടിക്കുളമ്പ് കോളനിയിലെ ആകെയുള്ള 75 കുടുംബങ്ങളിൽ പലരും നിത്യരോഗികളാണ്.
കണക്കിലെ കളി
കുഴൽക്കിണർ നിർമ്മിക്കാൻ പരമാവധി വേണ്ടത് നാല്പതിനായിരം രൂപയാണ്. എന്നാൽ ഇവിടെ ഏജൻസികൾ എഴുതിയെടുത്തത് ഒരു കുഴൽക്കിണറിന് മൂന്നര ലക്ഷം വച്ചാണ്.

നായാടി വിഭാഗം
പട്ടികജാതിക്കാരിലെ ഏറ്റവും താഴേക്കിടയിലുള്ള ജനവിഭാഗമാണ് നായാടി. ചക്കിയാർ, അരുന്ധതിയാർ, സിദ്ധനർ, മേട്ടുവൻ എന്നീ വിഭാഗങ്ങളാണ് ഏറ്റവും താഴേക്കിടയിലുള്ള മറ്റ് വിഭാഗക്കാർ.
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ