അട്ടിമറിശ്രമങ്ങളും തകരാറുകളും കണ്ടെത്താൻ ട്രെയിനിനു മുൻപേ കാമറ പറക്കും
January 9, 2018, 12:01 am
എം.എച്ച്. വിഷ്‌ണു
തിരുവനന്തപുരം: കേരളത്തിലുള്ള 1050 കിലോമീറ്റർ റെയിൽപ്പാതയിലെ അട്ടിമറിശ്രമങ്ങളും തകരാറുകളും കണ്ടെത്താൻ കാമറാനിരീക്ഷണം വരുന്നു. ഡി.ആർ.ഡി.ഒ വികസിപ്പിച്ച ഡ്രോണുകളുപയോഗിച്ച് ട്രാക്കിൽ കാമറാനിരീക്ഷണം നടത്താൻ റെയിൽവേക്ക് അനുമതി ലഭിച്ചു. അട്ടിമറിശ്രമം തടയാൻ കാമറാനിരീക്ഷണമേർപ്പെടുത്തണമെന്ന് ടി.പി. സെൻകുമാർ ഡി.ജി.പിയായിരുന്നപ്പോൾ മുതൽ കേരള പൊലീസ് തുടർച്ചയായി ആവശ്യപ്പെട്ടിരുന്നതാണ്.
പാളത്തിൽ ഇരുമ്പുപാളിവച്ചും ഡ്രില്ലിംഗ് മെഷീൻ കൊണ്ട് തുളയിട്ടും ട്രെയിനുകൾ അട്ടിമറിക്കാൻ എഴുപതോളം ശ്രമങ്ങളാണ് അഞ്ചു വർഷത്തിനിടെയുണ്ടായത്.

ട്രെയിനിനു നേരെ കരിങ്കൽച്ചീളുകളും മദ്യക്കുപ്പികളും വലിച്ചെറിയുന്നതും പതിവാണ്. ഇതര സംസ്ഥാന തൊഴിലാളികളുടെയടക്കം കണ്ണ് നഷ്‌ടപ്പെട്ട സംഭവങ്ങളും നിരവധി. ഒരുപ്രതിയെപ്പോലും ഇതുവരെ പിടികൂടാനായിട്ടില്ല. 2010 ജൂലായിൽ ഷൊർണൂർ-നിലമ്പൂർ പാസഞ്ചറിന്റെ ലോക്കോഎൻജിനിലെയും ഏഴ് കോച്ചുകളിലെയും ബ്രേക്കും ഫീഡർ പൈപ്പുകളും മുപ്പതിടത്ത് മുറിച്ചിട്ട് വമ്പൻ അട്ടിമറിശ്രമവുമുണ്ടായി. തിരുവനന്തപുരം മുതൽ ഷൊർണൂർ വരെ 202 ഇടത്തും കാസർകോട്ടു മുതൽ പാലക്കാടു വരെ 36 ഇടത്തും പാളത്തിൽ കണ്ടെത്തിയ തകരാറുകൾ പരിഹരിക്കാൻ റെയിൽവേ തീവ്രശ്രമത്തിലാണ്. സാങ്കേതികവിഭാഗത്തിന്റെ ശുപാർശപ്രകാരം നൂറുകിലോമീറ്റർ പാളം മാറ്റിയിടുകയാണ്. പദ്ധതിനടത്തിപ്പിന്റെ പുരോഗതി വിലയിരുത്താനും സുരക്ഷയും കാര്യക്ഷമതയും കൂട്ടാനുമാണ് ഡ്രോൺനിരീക്ഷണം വഴി റെയിൽവേ ലക്ഷ്യമിടുന്നത്.

കാമറാനിരീക്ഷണത്തിനു പുറമേ സുരക്ഷയുറപ്പാക്കാൻ 8 കിലോമീറ്റർ പാളം ഒരു സെക്ടറാക്കി കീമാൻമാർ പരിശോധന നടത്തണമെന്നും ട്രാക്കിന് സമാന്തരമായുള്ള റോഡുകളിൽ ബൈക്ക് പട്രോളിംഗ് വേണമെന്നുമാണ് കേരളം ആവശ്യപ്പെട്ടിരുന്നത്.

തുടർച്ചയാവുന്ന അട്ടിമറിശ്രമങ്ങൾ
2010 ജൂലായ് 8ന് നിലമ്പൂരിൽ ട്രെയിൻ അട്ടിമറിശ്രമം
മാവേലിക്കരയിൽ വഞ്ചിനാടിൽ ജലാറ്റിൻസ്റ്റിക്, ഡിറ്റണേറ്ററുകൾ, സേഫ്‌റ്റിഫ്യൂസ് പിടിച്ചു
2014 മേയിൽ ഫറൂക്കിൽ ഡ്രില്ലറുപയോഗിച്ച് പാളത്തിൽ 34 ദ്വാരങ്ങളുണ്ടാക്കി
6 മാസം മുൻപ് ഇതേസ്ഥലത്ത് ട്രാക്കിനു കുറുകെ ആറടിനീളമുള്ള ഇരുമ്പ് പൈപ്പ് വച്ചു
2015 ജൂലായിൽ കായംകുളത്ത് പാളങ്ങൾ അടുക്കുന്ന പോയിന്റുകൾക്കിടയിൽ പാറക്കല്ലുകൾ തിരുകി
2015 ഫെബ്രുവരിയിൽ കണ്ണൂരിൽ പാളങ്ങളുടെ ജംഗ്ഷൻ പോയിന്റിൽ കരിങ്കല്ലുകൾ വച്ചു
2013 ഡിസംബറിൽ കായംകുളം ചേരാവള്ളിയിൽ പാളം ഉറപ്പിച്ചിരുന്ന ഉരുക്കുകമ്പികൾ ഇളക്കിമാറ്റി
മഞ്ചേശ്വരത്ത് റെയിൽപ്പാളത്തിനു കുറുകെ 35 കിലോയുള്ള ഇരുമ്പുദണ്ഡ് കൊണ്ടിട്ടു
2012 നവംബറിൽ കൊല്ലം ഇരവിപുരത്ത് ട്രാക്കിനു കുറുകെ വലിയ കോൺക്രീറ്റ് സ്ലാബിട്ടു
2012 ഒക്ടോബറിൽ ആളൂരിൽ പാളത്തിലെ വളവിൽ തെങ്ങ് മുറിച്ചിട്ടു.
കോട്ടയം-എറണാകുളം പാതയിൽ കുരീക്കാട്ട് പാളത്തിൽ ഇരുമ്പ് ഷീറ്റിട്ടു


കുറ്റവും ശിക്ഷയും
ട്രെയിൻ അട്ടിമറിശ്രമം നടത്തുന്നവർക്കെതിരെ രാജ്യദ്രോഹക്കുറ്റമാണ് ചുമത്തുന്നത്. ട്രെയിനിനു കല്ലെറിയുന്നതിനും യാത്രക്കാരെ പരിക്കേല്പിക്കുന്നതിനും 10 വർഷം തടവ് ലഭിക്കാം.

ആകാശക്കണ്ണുമായി നേത്ര
ഡി.ആർ.ഡി.ഒ സൈനികാവശ്യത്തിന് വികസിപ്പിച്ചെടുത്ത നേത്ര ഡ്രോൺ അതിർത്തികളിലെ കാവൽക്കണ്ണാണ്. രാത്രികാഴ്ചയുള്ള തെർമൽ കാമറ, ലാപ്ടോപ് കണക്ടിവിറ്റി, ഓട്ടോ പൈലറ്റ്, അരക്കിലോമീറ്റർ സൂം ഇൻ കാമറ എന്നിവയുമുണ്ട്.
ഭാരം-1. 50കിലോ
വില- 20 ലക്ഷം
വേഗത- 30 കി.മി
റേഞ്ച്- 2500 മീറ്റർ
കാഴ്ച- 240 ഡിഗ്രി

കേരളത്തിൽ ദിവസേന ഓടുന്നത്: 286 ട്രെയിനുകൾ
യാത്രക്കാർ: ഏഴര ലക്ഷത്തോളം
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ