ഇൗടാക്കിയ പിഴ മടക്കി നൽകണം
January 7, 2018, 12:19 am
സൂക്ഷിക്കാനേല്പിച്ച മുതലുമായി മുങ്ങുന്ന കൊള്ളപ്പലിശക്കാരെപ്പോലെ ഇടപാടുകാരുടെ തുച്ഛ നിക്ഷേപത്തിൽനിന്നുവരെ പിഴയുടെ രൂപത്തിൽ പണം തട്ടുന്ന ബാങ്കുകളെ നിലയ്ക്കുനിറുത്തേണ്ടത് റിസർവ് ബാങ്കും കേന്ദ്ര സർക്കാരും ചേർന്നാണ്. നിർഭാഗ്യവശാൽ ബാങ്കുകൾ നിക്ഷേപകരെ ഏതെല്ലാം വിധത്തിൽ ചൂഷണം ചെയ്യാമെന്ന കാര്യത്തിൽ തിരക്കിട്ട മത്സരത്തിലാണിപ്പോൾ. അക്കൗണ്ടിൽ നിലനിറുത്തേണ്ട മിനിമം ബാലൻസ് മാനദണ്ഡം പരിഷ്കരിച്ച് രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാബാങ്കായ എസ്.ബി.ഐ കഴിഞ്ഞ എട്ടുമാസം കൊണ്ട് പിഴയായി സ്വരൂപിച്ചത് 1771 കോടി രൂപയാണ്. ഇൗ കാലയളവിൽ ബാങ്കിന്റെ അറ്റലാഭം 1500 കോടി രൂപ മാത്രമായിരുന്നു. പിഴയിലൂടെ ഇൗടാക്കിയ 1771 കോടി രൂപയുടെ ബലത്തിലാണ് ബാങ്ക് ലാഭമുണ്ടാക്കിയതെന്ന് ചുരുക്കം. എസ്.ബി.ഐയ്ക്ക് ഒപ്പമെത്തുന്നില്ലെങ്കിലും മറ്റു പൊതുമേഖലാ ബാങ്കുകളും ഇടപാടുകാർക്ക് പിഴ വിധിച്ച് അനവധികോടികൾ സമ്പാദിച്ചുകൊണ്ടിരിക്കുകയാണ്. പഞ്ചാബ് നാഷണൽ ബാങ്ക് 97 കോടി രൂപ പിഴ ഇൗടാക്കിയപ്പോൾ സെൻട്രൽ ബാങ്ക് ഒഫ് ഇന്ത്യയുടെ വിഹിതം 68 കോടി രൂപയാണ്. മറ്റൊരു പ്രമുഖ ബാങ്കായ കനറാ ബാങ്കാകട്ടെ മിനിമം ബാലൻസ് നിലനിറുത്താത്തതിന്റെ പേരിൽ ഇടപാടുകാരിൽനിന്ന് തട്ടിയെടുത്തത് 62 കോടി രൂപയാണ്. സ്വകാര്യ ബാങ്കുകളുടെയും പുതുതലമുറ ബാങ്കുകളുടെയും കണക്ക് പുറത്തുവന്നിട്ടില്ലെങ്കിലും അവയുടെ സ്വഭാവം വച്ചുനോക്കിയാൽ ഒട്ടും കുറയാനിടയില്ല. പുതുതലമുറ ബാങ്കുകളിൽ പലതും മിനിമം ബാലൻസ് പതിനായിരവും അതിനുമുകളിലും വേണമെന്നു ശഠിക്കുന്നവയാണ്.
നാല്പത്തിരണ്ടുകോടിയിലേറെ ഇടപാടുകാരുള്ള എസ്.ബി.ഐയുടെ നെറികേടിനെതിരെ വ്യാപകമായ പ്രതിഷേധം ശക്തമായത് മിനിമം ബാലൻസ് പിഴയുമായി ബന്ധപ്പെട്ട കണക്ക് പുറത്തുവന്നതോടെയാണ്. പാവപ്പെട്ടവർക്ക് വേണ്ടി നിലകൊള്ളുന്നു എന്നുപറയുമ്പോഴും ബാങ്കിന്റെ കൈയിലിരുപ്പ് ജനവിരുദ്ധവും ചൂഷണ സ്വഭാവത്തോടുകൂടിയതുമാണ്. നഗര-പട്ടണ-ഗ്രാമ സ്വഭാവം വച്ചുകൊണ്ട് മിനിമം ബാലൻസ് പരിധി നിശ്ചയിക്കുന്നതുതന്നെ ഇടപാടുകാരെ കബളിപ്പിക്കാൻ വേണ്ടിയാണ്. പണത്തിന്റെ മൂല്യം നഗരത്തിലായാലും ഗ്രാമത്തിലായാലും ഒന്നുതന്നെയാകുമ്പോൾ അക്കൗണ്ടിൽ നീക്കിയിരിപ്പുതുക കുറഞ്ഞുപോയതിന്റെ പേരിൽ പല രീതിയിൽ പിഴ ഇൗടാക്കുന്നതിന്റെ യുക്തി മനസിലാക്കാൻ വിഷമമാണ്. മാത്രമല്ല ഏതുതരം സേവനത്തിനും നിശ്ചിതമായ ഫീസ് ഇൗടാക്കുമ്പോൾ അക്കൗണ്ടിൽ തുക കുറഞ്ഞതിന്റെ പേരിൽ പിഴ വസൂലാക്കുന്നത് അധാർമ്മികവുമാണ്. സീറോ ബാലൻസ് അക്കൗണ്ടിന്റെ സവിശേഷതകൾ പറഞ്ഞ് കോടിക്കണക്കിന് പുതിയ ഇടപാടുകാരെ വശത്താക്കിയശേഷമാണ് പുതിയ നിബന്ധനകൾ ചമച്ച് പിഴ ഇൗടാക്കിവരുന്നത്. പല ആവശ്യങ്ങൾക്കുമായി ബാങ്ക് അക്കൗണ്ട് ആവശ്യമായ കാലമാണിത്. ജനങ്ങളുടെ നിക്ഷേപം കൊണ്ടുവളരുകയും നിലനിൽക്കുകയും ചെയ്യുന്ന ബാങ്കുകൾക്ക് അവരെ പരിമിതമായ തോതിലെങ്കിലും സേവിക്കാനുള്ള ബാദ്ധ്യതയുമുണ്ട്. ക്ഷേമ പെൻഷനായി സർക്കാർ കർഷകത്തൊഴിലാളിയായ വൃദ്ധയ്ക്ക് അനുവദിച്ച തുകയുടെ തൊണ്ണൂറുശതമാനവും മിനിമം ബാലൻസ് പിഴയായി പിടിച്ചെടുക്കാൻ തുനിഞ്ഞ പൊതുമേഖലാ ബാങ്ക് നടപടി ഷൈലാക്കിനെപ്പോലും നാണിപ്പിക്കുമെന്ന് പ്രത്യേകം പറയേണ്ടതില്ല. അക്കൗണ്ടിൽ മിനിമം നീക്കിയിരിപ്പ് ഇല്ലാതാകുന്നതിനുപിന്നിലെ യാഥാർത്ഥ്യം കാണാത്തതുകൊണ്ടാണ് ഇത്തരത്തിലൊരു നടപടിക്ക് ബാങ്കുകൾ മുതിരുന്നത്. മിനിമം ജീവിതാവശ്യങ്ങൾ നിറവേറ്റാൻ പെടാപ്പാടുപെടുന്നവന്റെ ബാങ്ക് അക്കൗണ്ടിൽ പലപ്പോഴും മിനിമം ബാലൻസ് കാണണമെന്നില്ല.
ബാങ്കുകൾ സംഘടിതമായി നടത്തിക്കൊണ്ടിരിക്കുന്ന മിനിമം ബാലൻസ് കൊള്ളയ്ക്കെതിരെ പൊതുജനാഭിപ്രായം ശക്തിപ്പെട്ടുവരികയാണ്. അപകടം മനസിലാക്കിയ സർക്കാരും ബാങ്കുകളുടെ മേൽ സമ്മർദ്ദം തുടങ്ങിയിട്ടുണ്ട്. ഇതിന്റെ ഫലമായി മിനിമം ബാലൻസ് പരിധി 1000 രൂപയായി കുറയ്ക്കാൻ എസ്.ബി.ഐ നടപടി എടുത്തേക്കുമെന്നും കേൾക്കുന്നു. ഇപ്പോൾ വലിയ നഗരങ്ങളിൽ 3000 രൂപ, മറ്റു നഗരങ്ങളിൽ 2000 രൂപ, ഗ്രാമങ്ങളിൽ 1000 രൂപ എന്നിങ്ങനെയാണ് ബാങ്ക് മിനിമം ബാലൻസ് പരിധി നിശ്ചയിച്ചിട്ടുള്ളത്. അതുപോലെ ഒാരോ മാസവും കണക്കാക്കുന്നതിന് പകരം മൂന്നുമാസത്തിലൊരിക്കൽ മിനിമം ബാലൻസ് കണക്കാക്കാനും ആലോചനയുണ്ട്. എത്രയും വേഗം ഇൗ മാറ്റം നടപ്പാക്കാൻ നടപടി ഉണ്ടാകണം. അതോടൊപ്പം ഇടപാടുകാരിൽ നിന്ന് അനധികൃതമായി പിഴയായി തട്ടിയെടുത്ത 1771 കോടി രൂപ അവർക്ക് മടക്കിനൽകാനും നടപടിവേണം. ഏഴുലക്ഷം കോടിയിൽപ്പരം രൂപ കിട്ടാക്കടമുള്ള പൊതുമേഖലാ ബാങ്കുകൾക്ക് പാവപ്പെട്ടവരുടെ ഇൗ തുച്ഛ സമ്പാദ്യം കൈയിട്ടുവാരേണ്ട ഒരാവശ്യവുമില്ല. അവരുടെ വിയർപ്പിന്റെ വിലയിലാണ് ബാങ്കുകൾ നിക്ഷേപ സമൃദ്ധി കൈവരിക്കുന്നത്. തരം കിട്ടുമ്പോഴെല്ലാം സേവന നിരക്ക് വർദ്ധിപ്പിച്ചും തൊട്ടതിനൊക്കെ പിഴ ചുമത്തിയും ഇടപാടുകാരെ പിഴിയാൻ നിൽക്കാതെ കിട്ടാക്കടങ്ങളുടെ ചെറിയൊരു ഭാഗമെങ്കിലും തിരിച്ചുപിടിക്കാനാണ് ബാങ്കുകൾ ശ്രമിക്കേണ്ടത്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.