എവിടെ കുഴിക്കണം, എത്ര പിഴ? ഇനി പൊതുമരാമത്ത് തീരുമാനിക്കും
January 7, 2018, 12:01 am
എം.എച്ച് വിഷ്‌ണു
തിരുവനന്തപുരം: ടാർചെയ്ത റോഡ് ഇനി തോന്നിയപോലെ കുഴിക്കാനാവില്ല. കുഴിക്കാൻ അനുമതിക്കും നഷ്ടപരിഹാരം നിശ്ചയിക്കുന്നതിനുമുള്ള അധികാരം ഐ.ടിവകുപ്പിൽനിന്ന് പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്തു. വൻകിട പദ്ധതികൾക്ക് ആറുമാസവും ചെറുകിട പദ്ധതികൾക്ക് മൂന്നുമാസവും മുൻകൂട്ടി അറിയിച്ചാലേ കുഴിക്കാൻ അനുവദിക്കൂ. പണി തുടങ്ങുംമുൻപ് ടെലികോം, മൊബൈൽ സേവനദാതാക്കൾക്കും കെ.എസ്.ഇ.ബിക്കും ജലഅതോറിട്ടിക്കും പൊതുമരാമത്ത് വകുപ്പ് നോട്ടീസ് നൽകും. പലപദ്ധതികൾക്കായി ഒരുറോഡുതന്നെ പലവട്ടം കുഴിക്കുന്നത് ഒഴിവാക്കാനാണിത്. റോഡ്പണി തുടങ്ങുംമുൻപേ കുഴിയെടുക്കണം.

മന്ത്രി ജി. സുധാകരന്റെ നിർദ്ദേശപ്രകാരം റോഡ് വെട്ടിമുറിക്കുന്നതിന് കർശന നിയന്ത്രണമേർപ്പെടുത്തി പ്രിൻസിപ്പൽ സെക്രട്ടറി വി. കമല വർദ്ധനറാവു ഉത്തരവിറക്കി. ജല അതോറിട്ടിയും കെ.എസ്.ഇ.ബിയും ബി.എസ്.എൻ.എല്ലും ഒരുവർഷം നടത്താനുദ്ദേശിക്കുന്ന പദ്ധതികൾ മുൻകൂറായി അറിയിക്കണം. നബാർഡ്, കിഫ്ബി, ബഡ്‌ജറ്റ് പദ്ധതികൾക്കും ഇത് ബാധകം. പൊതുമരാമത്ത് വകുപ്പ് നൽകുന്ന പ്രത്യേക ഫാറത്തിലാവണം അപേക്ഷിക്കേണ്ടത്. റോഡുവികസനത്തിന് മൂന്നു ദിവസത്തിനകം പൈപ്പ്, പോസ്റ്റ്, കേബിൾ എന്നിവ സ്വന്തംചെലവിൽ മാറ്റിയിടാമെന്ന് വകുപ്പുകൾ സമ്മതപത്രം നൽകണം.

പണി മരാമത്തിന് , പണം ഐ.ടിക്ക്

റോഡുകുഴിച്ച് കേബിളിട്ടശേഷം പുനർനിർമ്മാണത്തിനും അറ്റകുറ്റപ്പണിക്കും മരാമത്ത് വകുപ്പിനല്ല, ഐ.ടിവകുപ്പിനാണ് കമ്പനികൾ ഇതുവരെ പണം നൽകിയിരുന്നത്. റോഡുകൾ കുഴിക്കാൻ ഉത്തരവിടുന്നതും റൈറ്റ്-ഒഫ്-വേ അനുമതി നൽകിയിരുന്നതും ഐ.ടി വകുപ്പാണ്. നിലവിൽ ഒരുകിലോമീറ്റർ റോ‌ഡ് കുഴിക്കാൻ 75,000രൂപ ഐ.ടി മിഷനിൽ അടയ്ക്കണം. ഇതിന്റെ 50% സാമൂഹ്യസേവന ഫണ്ടിലേക്കും ബാക്കി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും മാറ്റും. കിലോമീറ്ററിന് 50 രൂപയെന്ന ബാങ്ക്‌ ഗാരന്റി മാത്രമാണ് റോഡിന്റെ ഉടമസ്ഥരായ പൊതുമരാമത്തിന് നൽകേണ്ടത്. കരാർ ലംഘനമുണ്ടായാലേ ബാങ്ക്ഗാരന്റി ഉപയോഗിക്കാനാവൂ. ഇനി മുതൽ റോഡ് പുതുക്കിപ്പണിയാൻ പൊതുമരാമത്ത് നിശ്ചയിക്കുന്ന തുക സേവനദാതാക്കൾ അടയ്ക്കണം.

റോഡ് കുഴിക്കുമ്പോൾ

ടാർ ഒഴിവാക്കി റോഡിന്റെ മൺഭാഗത്തേ കേബിളുകൾ ഇടാവൂ.
പാലത്തിനു മുകളിൽ കേബിൾ പാടില്ല,
റോഡിന് വീതി കുറവാണെങ്കിൽ കുഴിക്കരുത്. മറ്റൊരു റോഡോ സ്വകാര്യ ഭൂമിയോ കണ്ടെത്തണം.
1.20മീറ്റർ താഴ്ചയിലേ കേബിളിടാവൂ.
ഓരോദിവസവും എടുക്കുന്ന കേബിൾകുഴി
അന്നുതന്നെ മൂടണം
വീഴ്ചവരുത്തിയാൽ നഷ്ടപരിഹാരം നൽകണം.
കുടിവെള്ള പൈപ്പുകൾക്ക് പണമടച്ചശേഷമേ ജല അതോറിട്ടി റോഡ് കുഴിക്കാവൂ.
പോസ്റ്റുകളും കേബിളുകൾക്കുമുള്ള രൂപരേഖ കെ.എസ്.ഇ.ബി മുൻകൂട്ടി നൽകണം.

കരാറുകാർ
റോഡ്കുഴിക്കുന്ന കോൺട്രാക്ടർതന്നെ പുനർനിർമ്മാണവും നടത്തണം. നിരക്കുകൾ പൊതുമരാമത്ത് തീരുമാനിക്കും. ഇതിന് 3വർഷം ഡിഫക്ട് ലയബിലിറ്റി പീരിയഡ് ഉണ്ടാവും. ഈകാലയളവിൽ റോഡിലെവിടെയെങ്കിലും മറ്റ്കമ്പനികൾ കുഴിച്ചാലും ബാദ്ധ്യത അവർക്കാണ്.

3000 കോടി
വെട്ടിപ്പൊളിക്കുന്ന റോഡുകൾ
പൂർവസ്ഥിതിയിലാക്കാൻ
പ്രതിവർഷം ചെലവിടുന്നത്
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ