മകനേ നീയെന്റെ കിനാവിൽ മുത്തു പൊഴിക്കുന്നു.........
January 10, 2018, 1:14 am
കോവളം സതീഷ്‌കുമാർ
തൃശൂർ: പതിമൂന്നു വർഷം മുമ്പ് ഇതേപോലൊരു ജനുവരി മാസത്തെക്കുറിച്ച് ഓർമ്മിക്കുമ്പോൾ കണ്ണന്റെ മനസ്സൊന്ന് പിടയും. കടലിൽ പോയി തിരിച്ചെത്തി വള്ളം പുതിയാപ്പ കടപ്പുറത്ത് അടുപ്പിക്കുന്നതിനിടെയാണ് ആരോ വിളിച്ചുപറഞ്ഞത്:
''കണ്ണാ നിന്റ മോനെ എല്ലാരും കൂടി ആശുപത്രിയിൽ കൊണ്ടുപോയി. സീരിയസാ...''
പിന്നെ കേട്ടതൊന്നും ഓർമ്മയില്ല. ഓരോട്ടമായിരുന്നു. കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിലെ ഐ.സി.യുവിൽ രണ്ടുവയസ്സുള്ള മകൻ ജീവനും മരണത്തിനുമിടയിൽ. കളിക്കുന്നതിനിടെ ട്യൂബ് ലൈറ്റിന്റെ ചില്ല് കൊണ്ട് കൈഞരമ്പ് അറ്റുപോയതായിരുന്നു. നർത്തകനാകണമെന്ന മോഹം മകനിലൂടെ സാക്ഷാത്കരിക്കണമെന്ന് അന്നേ മോഹിച്ച ആ പാവം അരയൻ ആശുപത്രി വരാന്തയിലിരുന്ന് കരഞ്ഞു. പുതിയാപ്പ കടപ്പുറത്തെ ഭഗവതിക്ഷേത്രത്തിൽ നിറവിളക്ക് നേർന്നു. ഭഗവതിയുടെ അനുഗ്രഹം പോലെ മകൻ ജീവിതത്തിലേക്ക് തിരിച്ചു വന്നു, കണ്ണന്റെ മോഹങ്ങൾക്ക് ചിറക് നൽകാൻ...
വർഷങ്ങൾക്ക് ശേഷം ഇന്നലെ. തൃശൂരിലെ തേക്കിൻകാട് മൈതാനം. സ്‌കൂൾ കലോത്സവവേദിയിൽ കേരളനടനം മത്സരം. കാണികൾക്കിടയിൽ കണ്ണടച്ചു പ്രാർത്ഥിച്ച് കണ്ണൻ. യഥാർത്ഥ പേര് അനിരുദ്ധൻ. അന്ന് ഐ.സി.യുവിൽ കിടന്ന മകൻ വിഷ്ണുവാണ് സ്റ്റേജിൽ. എലത്തൂർ സി. എം. സി. ഹൈസ്‌കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥി.
ഒരു ദിവസം കടലിൽ പോയില്ലെങ്കിൽ പട്ടിണിയാകുന്ന കുടുംബമാണ് അനിരുദ്ധന്റേത്. എന്നിട്ടും മക്കളുടെ കലാപരമായി കഴിവുകളെ ആ അച്ഛൻ വളർത്തിയെടുത്തു. പത്താം ക്ലാസിൽ അവസാനിച്ചതാണ് അനിരുദ്ധന്റെ സ്കൂൾ പഠനം. കലോത്സവത്തിൽ കുട്ടികൾ നൃത്തം ചെയ്യുന്നത് കാണുമ്പോൾ നർത്തകനാകാൻ ആഗ്രഹിച്ചിരുന്നു. ചിലങ്കയ്ക്ക് പകരം അച്ഛൻ കൈയിലെടുത്തു കൊടുത്തത് പങ്കായം. ആഞ്ഞുതുഴഞ്ഞ് വലയിൽ നിറയെ മീനുമായി മടങ്ങുമ്പോഴും ആ മോഹം വിട്ടില്ല. 23ാം വയസിൽ ഓട്ടൻതുള്ളൽ പഠിച്ചു. പിന്നെ ശാസ്ത്രീയനൃത്തവും. ജോലി കഴിഞ്ഞ് മീൻനാറ്റത്തോടെ ഡാൻസ് ക്ളാസിൽ പോയിരുന്ന അനിരുദ്ധനെ എല്ലാവരും പരിഹസിച്ചു.
മക്കളുടെ ആദ്യ ഗുരുവും അനിരുദ്ധൻ തന്നെ. മകൾ വിഷ്ണുപ്രിയ ചൊവ്വാഴ്ച ഓട്ടൻതുള്ളലിൽ എ ഗ്രേഡ് നേടിയിരുന്നു. 'രാവണപുത്രി' യിലൂടെ കേരളനടനത്തിൽ മകനും എ ഗ്രേഡ് നേടി. ഭർത്താവിന്റെ നിശ്ചയദാർ‌‌‌‌ഢ്യം വിജയിക്കുമ്പോൾ മിനിക്കും അഭിമാനം.
ഭഗവതിക്ഷേത്രത്തിൽ നിറവിളക്ക് കത്തിച്ചിട്ടാണ് തൃശൂരിലേക്ക് വന്നത്. '' മക്കളുടെ വിജയം ഭഗവതിയുടെ അനുഗ്രഹമാണ്. ഓഖി വീശിയടിക്കുമ്പോൾ ഞാൻ കടലിലായിരുന്നു. കഷ്ടിച്ചാ രക്ഷപ്പെട്ടത്''- അനിരുദ്ധൻ പറഞ്ഞു.
crr...208words
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ