തീരുമാനം തിയേറ്ററുകൾക്ക് വിടുമ്പോൾ
January 11, 2018, 12:36 am
സിനിമാ തിയേറ്ററുകളിൽ ദേശീയഗാനം നിർബന്ധമല്ലെന്ന സുപ്രീംകോടതിയുടെ പുതിയ ഉത്തരവ് ഏത് നിലയിൽ നോക്കിയാലും സ്വാഗതാർഹമാണ്. 2016 നവംബറിലെ ഉത്തരവ് കോടതി ഇപ്പോൾ തിരുത്തിയതിന് കേന്ദ്ര സർക്കാർ നിലപാടിലുണ്ടായ മാറ്റവും പ്രധാന ഘടകമായിട്ടുണ്ട്. സിനിമാപ്രദർശനത്തിനുമുൻപ് ജനഗണമന ആലപിക്കുന്നത് നിർബന്ധമാക്കേണ്ടതില്ലെന്ന് കേന്ദ്ര സർക്കാർ കോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു. വിഷയം സമഗ്രമായി പഠിക്കാനായി പന്ത്രണ്ടംഗ ഉദ്യോഗസ്ഥസമിതിയെയും നിയോഗിച്ചിട്ടുണ്ട്. ആറുമാസം കൊണ്ട് സമിതി റിപ്പോർട്ട് സമർപ്പിക്കും. അതിനുശേഷം സർക്കാർ ഇൗ വിഷയത്തിൽ അന്തിമ തീരുമാനമെടുത്ത് വിജ്ഞാപനം പുറപ്പെടുവിക്കുമെന്നാണ് സത്യവാങ്മൂലത്തിൽ പറയുന്നത്. വിനോദത്തിനായി സിനിമ കാണാനെത്തുന്നവരുടെമേൽ ദേശീയത അടിച്ചേല്പിക്കാൻ ശ്രമിക്കുന്നതിലെ വങ്കത്തരം ബോദ്ധ്യപ്പെട്ടതുകൊണ്ടായിരിക്കുമല്ലോ കേന്ദ്രവും പഴയ നിലപാടിൽനിന്നു പിന്തിരിയാനുള്ള കാരണം.
മാതൃരാജ്യത്തോട് ആദരവും സ്നേഹവും പ്രകടിപ്പിക്കേണ്ടത് എല്ലാ പൗരന്മാരുടെയും പ്രഥമ കർത്തവ്യമാണെന്നതിൽ രണ്ടുപക്ഷമില്ല. ദേശീയ ഗാനവും ദേശീയ പതാകയും ഏതൊരു രാജ്യത്തിന്റെയും ഏറ്റവും വലിയ വികാരവുമാണ്. അതേസമയം നിർബന്ധപൂർവം ദേശീയ വികാരം ആരിലും അടിച്ചേല്പിക്കാനുമാകില്ല എന്ന സത്യവും വിസ്മരിക്കരുത്. സ്വയം ഉരുത്തിരിയേണ്ട വികാരമാണത്. രാജ്യത്തോടും അതിന്റെ പൈതൃകത്തോടും കൂറുള്ള ആരുംതന്നെ ദേശീയ ഗാനത്തെയോ ദേശീയ പതാകയെയോ അവഹേളിക്കുകയോ അനാദരിക്കുകയോ ചെയ്യുകയില്ല.ദേശീയ ഗാനാലപം നടക്കുമ്പോൾ ആദരസൂചകമായി എഴുന്നേറ്റു നിൽക്കുന്നത് ജീവിതത്തിന്റെ ഭാഗമായി വളർത്തിക്കൊണ്ടുവരുന്ന നല്ല ശീലങ്ങളിലൊന്നാണ്.
ദേശീയഗാനാലാപം സിനിമാതിയേറ്ററുകളിൽ നിർബന്ധമാക്കി 2016 നവംബറിൽ സുപ്രീംകോടതി മൂന്നംഗ ബഞ്ച് ഉത്തരവിറക്കിയപ്പോൾ അത് സൃഷ്ടിക്കാനിടയുള്ള പൊല്ലാപ്പുകളെക്കുറിച്ച് ചിന്തിച്ചിരിക്കാനിടയില്ല. പരമോന്നത കോടതിയുടെ തീർപ്പ് അനുസരിക്കാൻ ബാദ്ധ്യതയുള്ളതുകൊണ്ട് തിയേറ്ററുകളിൽ ഒാരോ പ്രദർശനത്തിനുമുമ്പും ദേശീയ ഗാനം കേൾപ്പിക്കാൻ തിയേറ്ററുകാർ തയ്യാറായി. എന്നാൽ കാണികളുടെ പ്രതികരണം പലപ്പോഴും ആശിച്ച വിധത്തിലായിരുന്നില്ലെന്ന് ഒരിക്കലെങ്കിലും സിനിമ കാണാൻ പോയവർക്കെല്ലാമറിയാം. ഇതേച്ചൊല്ലി സംഘർഷാവസ്ഥ പോലും ഉണ്ടായിട്ടുണ്ട്. ദേശീയബോധം അടിച്ചേല്പിക്കപ്പെടേണ്ട ഒന്നല്ലെന്നും വിനോദത്തിനായി സിനിമാശാലകളിലെത്തുന്നവരെ ദേശീയഗാനം കേൾപ്പിച്ച് ഉൽബുദ്ധരാക്കേണ്ട കാര്യമില്ലെന്നും വാദിക്കുന്നവരുണ്ട്. ഏത് കാര്യത്തിനും സമയവും സന്ദർഭവുമൊക്കെ പ്രധാന ഘടകമാണെന്നു തിരിച്ചറിയാതെ പോകുന്നതാണ് വീണ്ടുവിചാരമില്ലാത്ത കല്പനകളുമായി അധികാര കേന്ദ്രങ്ങൾ മുന്നോട്ടുവരാൻ കാരണം. സർക്കാരും കോടതിയും വിവാദവിഷയങ്ങളുമായി ബന്ധപ്പെട്ട് പുറപ്പെടുവിക്കുന്ന ഉത്തരവുകൾ കർക്കശമായി പാലിക്കപ്പെടുമോ എന്നുകൂടി ചിന്തിക്കേണ്ടതുണ്ട്. പാലിക്കപ്പെടുന്നതിനെക്കാൾ നിരാകരിക്കപ്പെടുന്ന അവസ്ഥയാണെങ്കിൽ അത് എത്രമാത്രം പരിഹാസ്യമാകുമെന്ന് ഉൗഹിക്കാവുന്നതേയുള്ളൂ. ഇപ്പോഴും തിയേറ്ററുകളിലെ ദേശീയ ഗാനാലാപം സംബന്ധിച്ച് പരമോന്നതകോടതി അന്തിമ തീർപ്പ് പുറപ്പെടുവിച്ചിട്ടില്ല. കേന്ദ്രം നിയോഗിച്ച പന്ത്രണ്ടംഗ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആഭ്യന്തര വകുപ്പ് ആവിഷ്കരിക്കുന്ന നയം കൂടി കണക്കിലെടുത്താകും അവസാന തീർപ്പ് വരിക. അതുവരെയുള്ള കാലത്ത് പ്രശ്നം തിയേറ്റർ ഉടമകളുടെ തീർപ്പിന് വിട്ടിരിക്കുകയാണ്. വേണമെന്നുള്ളവർക്ക് ദേശീയഗാനം കേൾപ്പിക്കാം. അല്ലാത്തവർ അതിന് തുനിയേണ്ട. എന്നാൽ ദേശീയ ഗാനാലാപം നടക്കുകയാണെങ്കിൽ കാണികൾ ഒന്നടങ്കം എഴുന്നേറ്റുനിൽക്കണമെന്ന വ്യവസ്ഥയിൽ കോടതി ഇളവ് വരുത്തിയിട്ടില്ല. ദേശീയഗാന പ്രശ്നം തിയേറ്റർ ഉടമകളുടെ വിവേചനത്തിന് വിട്ടുകൊടുത്തതും പുതിയ പ്രശ്നങ്ങൾ സൃഷ്ടിച്ചുകൂടെന്നില്ല. ഇപ്പോഴത്തെപ്പോലെ ദേശീയഗാനം കേൾപ്പിക്കാൻ മുതിരുന്നവരും അതിന് തയ്യാറാകാത്തവരും ഉണ്ടായേക്കാം. അതിനെച്ചൊല്ലി വിവാദങ്ങളും തലപൊക്കിയേക്കാം. അന്തിമ തീർപ്പുവരുംവരെ കോടതിതന്നെ അത് നിറുത്തിവയ്ക്കാനുള്ള ഉത്തരവ് ഇറക്കുകയായിരുന്നു അഭികാമ്യം. ഇൗ വിഷയത്തിൽ ഇപ്പോഴത്തെ കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാരിന് എന്ത് ചെയ്യാനാകുമെന്ന് പരിശോധിക്കേണ്ടതുണ്ട്. ഉത്തരവും തീർപ്പുമൊക്കെ ഖണ്ഡിത സ്വഭാവത്തിലുള്ളതല്ലെങ്കിൽ അനാവശ്യ വിവാദങ്ങൾക്കും കാടുകയറുന്ന ചിന്തകൾക്കുമാകും അത് വഴിതുറക്കുന്നത്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.