മാഫിയകൾക്ക് വിട്ടുകൊടുക്കരുത്
January 10, 2018, 12:10 am
സംസ്ഥാന സ്കൂൾ കലോത്സവത്തെ ബാധിച്ചിരുന്ന ബാധകൾ ഒഴിപ്പിച്ചശേഷമാകും ഇക്കുറി മേളയ്ക്ക് തിരി തെളിയുക എന്ന ഉറപ്പ് പാലിക്കാൻ സംഘാടകർക്കു കഴിഞ്ഞില്ലെന്നു തെളിയിക്കുന്ന വാർത്തകളാണ് കഴിഞ്ഞ മൂന്നുദിവസവും തൃശൂരിൽ നിന്ന് കേൾക്കാനായത്. മണൽ- ഖനന-ലഹരി മാഫിയകൾ പോലെ കലോത്സവവേദികളെയും മാഫിയാസംഘം കീഴ്പ്പെടുത്തുന്നുവെന്ന സംഭ്രമജനകമായ വാർത്തയും കൂട്ടത്തിലുണ്ട്. നൃത്ത ഇനങ്ങളിൽ ഈ സംഘം വിധിനിർണ്ണയത്തെ സ്വാധീനിക്കുന്നതിന്റെ തെളിവുകൾ പുറത്തുവന്നിരിക്കുന്നു. വ്യാജ അപ്പീലുകളുമായി മത്സരത്തിന് കുട്ടികൾ എത്തുന്നു. ഇത്തരത്തിൽ നൂറിലേറെ അപ്പീലുകൾ ഇതിനകം വന്നിട്ടുണ്ടത്രെ. അപ്പീൽ സംഘടിപ്പിച്ചുകൊടുക്കാൻ കഴിവും ത്രാണിയുമുള്ളവർ മേളപ്പറമ്പിൽ സജീവമാണ്. കോടതികൾ വഴിയും ബാലാവകാശ കമ്മിഷൻ വഴിയും മറ്റു കോടതികൾ വഴിയും അപ്പീലുകൾ വരുന്നുണ്ട്. ഇതിനിടെ ബാലാവകാശ കമ്മിഷന്റെ പേരിൽ വ്യാജ ഉത്തരവുകൾ മെനഞ്ഞ് മത്സരത്തിനെത്തിയ പത്ത് അപ്പീലുകൾ വിജിലൻസ് പിടികൂടി കേസ് ക്രൈംബ്രാഞ്ചിന് കൈമാറുകയും ചെയ്തു. മത്സരം ഇന്ന് അവസാനിക്കുകയാണ്. മൂന്നുദിവസമായപ്പോൾ തന്നെ അപ്പീലുകളുടെ എണ്ണം ആയിരം കവിഞ്ഞിരുന്നു എന്നു പറയുമ്പോൾ സംഘാടകരുടെ കണക്കുകൂട്ടലുകൾ അമ്പേ പിഴച്ചുവെന്നുവേണം മനസിലാക്കാൻ. അപ്പീൽ ബലത്തിൽ വേദികളില്ലെത്തിയവരിൽ പലരും മിന്നുന്ന പ്രകടനത്തിലൂടെ മുൻനിരകളിലെത്തുന്നുമുണ്ട്. താഴെ തലത്തിൽ നടന്ന വിധി നിർണ്ണയത്തിലെ പാകപ്പിഴയാണ് ഇത് എടുത്തുകാട്ടുന്നത്. ജഡ്ജിമാരെ സ്വാധീനിച്ച് സ്ഥാനം ഉറപ്പാക്കുന്ന അനാശാസ്യ പ്രവണതയുടെ വേരറുക്കാൻ കഴിയാവുന്നത്ര ശ്രമം സംഘാടകർ നടത്തിയിരുന്നു. വിജിലൻസ് സാന്നിദ്ധ്യം ശക്തമാക്കിയെന്നറിഞ്ഞ് മേള തുടങ്ങുമുൻപേ ആറു വിധികർത്താക്കൾ രംഗം വിടുകയും ചെയ്തിരുന്നു. കലോത്സവ മാന്വൽ അടിമുടി പരിഷ്ക്കരിച്ചിട്ടും മുൻ വർഷത്തേക്കാൾ എത്രയോ അധികം കുട്ടികൾ അപ്പീലുമായി മത്സരത്തിന് എത്തിയതിൽ നിന്നു മനസിലാകുന്നത് പരിഷ്കാരം ആദ്യം തൊട്ടു തുടങ്ങണമെന്നാണ്. തൃശൂരിലെ മേളയും കുട്ടികളുടെ കണ്ണീരുവീണാണ് സമാപിക്കുന്നത്.
അപ്പീൽ പ്രളയം മത്സരങ്ങളുടെ താളം അപ്പാടെ തെറ്റിച്ചപ്പോൾ കഷ്ടപ്പെട്ടതും കുട്ടികളും രക്ഷകർത്താക്കളും തന്നെ. സമയക്രമം പാലിച്ച ഒറ്റ മത്സരവും ചൂണ്ടിക്കാണിക്കാനില്ല. മുഖത്ത് ചായവും തേച്ച് മണിക്കൂറുകളോളം കാത്തിരുന്ന് രാത്രിയുടെ ഏതോയാമത്തിൽ വേദിയിൽ എത്തേണ്ടി വരുന്ന കുട്ടികളുടെ ദൈന്യതയ്ക്കു മുന്നിൽ സംഘാടകർക്കും നിശബ്ദരായി നിൽക്കേണ്ടിവന്നു. ജലപാനം പോലുമില്ലാതെ ഉത്കണ്ഠയോടെയുള്ള ഈ കാത്തിരിപ്പിന്റെ ഫലമെന്നോണം വേദികളിൽ നിരവധിപേർ കുഴഞ്ഞുവീണു. നൂറിലധികം കുട്ടികളാണ് ഇത്തരത്തിൽ വേദികളിൽ തളർന്നുവീണത്. നിരവധിപേർ ആശുപത്രിയിലാവുകയും ചെയ്തു. പതിനാല് ജില്ലകളിൽ നിന്ന് ഓരോ ഇനത്തിലും അത്രയും പേർ പങ്കെടുക്കേണ്ട സംസ്ഥാന മേളയിൽ അപ്പീൽ നേടി അതിന്റെ മൂന്നിരട്ടി പേർ പങ്കെടുക്കുമ്പോൾ മത്സരങ്ങൾ രാത്രികൊണ്ടും അവസാനിക്കാതെ പിറ്റേ ദിവസത്തേക്കു നീണ്ടുപോവുക സ്വാഭാവികം.
സ്കൂൾ കലാമേള അതിൽ പങ്കെടുക്കുന്നവർക്ക് ശാപവും ശിക്ഷയുമായി മാറുന്ന അനുഭവമാകരുത്. മത്സരങ്ങൾ രാത്രി പത്തുമണിക്കപ്പുറം നീണ്ടുപോകാതിരിക്കാനുള്ള ക്രമീകരണങ്ങൾ നിർബന്ധമായും ഉണ്ടാകണം. ഇതിനാവശ്യമായ തരത്തിൽ അടുത്തവർഷം മാന്വൽ പരിഷ്ക്കരിക്കുകയും വേണം. ഉറക്കച്ചടവിൽ വേദിയിലെത്തേണ്ടിവരുന്ന കുട്ടികളുടെ മാനസികവും ശാരീരികവുമായ വ്യഥകൾ മേളയുടെ നടത്തിപ്പുകാർ തിരിച്ചറിയുക തന്നെ വേണം.
കൈക്കൂലി വഴി ആഗ്രഹിക്കുന്നതെന്തും നേടാനുള്ള വ്യഗ്രത സമൂഹത്തിൽ അർബുദം പോലെ പടരുന്നതു കൊണ്ടാവാം കലാമേളകളിലുംഈ ദുഷ് പ്രവണത കടന്നുവരാൻ തുടങ്ങിയത്. ജഡ്ജിമാരെ സ്വാധീനിക്കാനുള്ള ശ്രമങ്ങൾ മുൻപും ഉണ്ടായിട്ടുണ്ടെങ്കിലും അതിന് ഒരു സംഘടിത രൂപവും ഭാവവും കൈവരുന്നത് ഇപ്പോഴാണ്. പൊലീസ് നിരീക്ഷണത്തിലും സംരക്ഷണയിലും കലോത്സവം സംഘടിപ്പിക്കേണ്ട സ്ഥിതിവിശേഷത്തിലേക്ക് കാര്യങ്ങൾ വളരുന്നത് ഒട്ടും അഭിലഷണീയമല്ലെന്ന് പ്രത്യേകിച്ചു പറയേണ്ടതില്ല. അപ്പീൽ റാക്കറ്റിനെതിരെ ക്രൈം ബ്രാഞ്ച് ആരംഭിച്ചിട്ടുള്ള അന്വേഷണം യഥാർത്ഥ പ്രതികളിൽ എത്തണം. സമൂഹത്തിനു മുമ്പിൽ അവരെ എത്തിക്കുകയും വേണം. രാഷ്ട്രീയത്തെയും പൊതുജീവിതത്തെയും കാർന്നു തിന്നുന്ന അഴിമതിയുടെ കരാളസത്വം കൗമാരകലാമേളയെയും വിഴുങ്ങാൻ അനുവദിച്ചാൽ സമൂഹം അതിന് വലിയവില നൽകേണ്ടിവരും. കലാമേള തിരഞ്ഞെടുപ്പു മത്സരം പോലെയായി മാറരുത്. ആവുന്നത്ര പണം മുടക്കിയും എല്ലാ സ്വാധീനവും ഉപയോഗിച്ചും തിരഞ്ഞെടുപ്പിൽ ജയിക്കുക എന്നതാണല്ലോ രാഷ്ട്രീയതത്തിലെ രീതി. കലാമേളയ്ക്ക് ഒട്ടും ഇണങ്ങുന്നതല്ല ആ ശൈലി. കഴുത്തറുപ്പൻ മത്സരത്തിന് ഇടനൽകാത്തവിധം ഹൃദ്യവും ശുദ്ധവുമായ കലാന്തരീക്ഷമാണ് മത്സരവേദികളിൽ നിലനിൽക്കേണ്ടത്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.