ഉപഗ്രഹ സഹായത്തോടെ അതിർത്തി നിർണയം, കൈയേറ്റം തുരത്തി വേമ്പനാട്ട് കായൽ വീണ്ടെടുക്കും
January 11, 2018, 12:01 pm
എം.എച്ച്. വിഷ്‌ണു
തിരുവനന്തപുരം: 40 ശതമാനത്തിലേറെ വിസ്തൃതി കുറഞ്ഞ വേമ്പനാട്ട് കായലിനെ കൈയേറ്റക്കാരിൽ നിന്ന് തിരിച്ചുപിടിക്കാൻ സർക്കാർ ഇറങ്ങുന്നു. സർവേ ഡയറക്ടറുടെ നേതൃത്വത്തിൽ ഉപഗ്രഹസഹായത്തോടെ സർവേ നടത്തി കായലിന്റെ അതിർത്തി കല്ലിട്ടുതിരിക്കും. കോട്ടയം, വൈക്കം താലൂക്കുകളിലെ സർവേക്കായി 4.89 ലക്ഷം രൂപ റവന്യൂ വകുപ്പ് അനുവദിച്ചു കഴിഞ്ഞു.

കായലിന്റെ പാരിസ്ഥിതിക പുനരുജ്ജീവനത്തെക്കുറിച്ച് പഠിച്ച പ്രൊഫ. പ്രഭാത് പട്നായിക് കമ്മിഷന്റെ ശുപാർശ പ്രകാരമാണ് നടപടി. കായൽ സംരക്ഷണത്തിന് ശക്തമായ നടപടിവേണമെന്ന് മുല്ലക്കര രത്നാകരൻ അദ്ധ്യക്ഷനായ നിയമസഭാ സമിതിയും നിർദ്ദേശിച്ചിരുന്നു.
എറണാകുളത്ത് തൃപ്പൂണിത്തുറ, എളംകുളം, മരട് വില്ലേജുകളിലെ കായൽ കൈയേറ്റം കണ്ടെത്താനുള്ള സർവേ പുരോഗമിക്കുകയാണ്. ഇപ്പോഴത്തെ സാഹചര്യത്തിൽ 50 വർഷത്തിനുള്ളിൽ വേമ്പനാട്ട് കായൽ ഇല്ലാതാവുമെന്നാണ് നാഷണൽ സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസിന്റെ മുന്നറിയിപ്പ്. 6900 ഹെക്ടറാണ് ഇതിനകം നികത്തിയത്.

ആലപ്പുഴയുടെ ജീവനാഡിയായ വേമ്പനാട്ട് കായലിന്റെ നീരൊഴുക്ക് നന്നേ കുറഞ്ഞിട്ടുണ്ട്. 12 മീറ്റർ വരെയായിരുന്ന ആഴം ശരാശരി മൂന്നര മീറ്ററായി. കുമരകത്തു മാത്രം 15 ഏക്കറിലേറെ കായൽ ഭൂമിയാണ് റിസോർട്ടുകളടക്കം കൈയേറിയത്. ഇതിൽ നിരാമയ റിട്രീറ്റ്, ലേക്ക്‌ റിസോർട്ട്, കൊക്കോബെ റിസോർട്ട് എന്നിവയുടെ കൈയേറ്റം സംബന്ധിച്ച് കേസുകൾ കോടതിയിലാണ്. മൂന്ന് വർഷത്തിനിടെ കുമരകത്ത് 7 റിസോർട്ടുകളും 3 ക്ളബുകളും വേമ്പനാട്ട് കായൽ കൈയേറിയെന്നാണ് റവന്യൂവകുപ്പിന്റെ രേഖകളിലുള്ളത്. ഡൽഹിയിലെ ഹോട്ടൽ ഗ്രൂപ്പ് വേമ്പനാട്ട് കായലിലെ അഞ്ചേക്കറാണ് കരിങ്കല്ലുകെട്ടി സ്വന്തമാക്കിയത്. 16 കേസുകൾ രജിസ്റ്റർ ചെയ്തെങ്കിലും ഒരിഞ്ചു സ്ഥലംപോലും തിരിച്ചുപിടിക്കാനായില്ല.

വേമ്പനാട്ട് കായലിന്റെ പരിസ്ഥിതി പ്രാധാന്യം പരിഗണിച്ച് കൈയേറ്റങ്ങൾക്കെതിരെ സുപ്രീംകോടതി സ്വമേധയാ കേസെടുത്തിരുന്നു. കൈയേറ്റം ഒഴിപ്പിക്കാൻ ആറാഴ്ച സമയം നൽകിയെങ്കിലും ഒന്നും നടന്നില്ല. കായൽ തുരുത്തിൽ 1.70 ലക്ഷം ചതുരശ്രയടിയിൽ കെട്ടിപ്പൊക്കിയ കൂറ്റൻ റിസോർട്ട് പൊളിച്ചുമാറ്റാൻ ഹൈക്കോടതി ഉത്തരവിട്ടിട്ടും നടപടിയുണ്ടായില്ല. റിസോർട്ട് പൊളിക്കാൻ പത്തുമാസം സമയം നൽകി സ്റ്റേ നേടുന്നതിന് കളമൊരുക്കുകയായിരുന്നു മുൻ സർക്കാർ.

വേമ്പനാട്ട് കായൽ
 ആലപ്പുഴ മുതൽ അഴീക്കോട് വരെ 256 ചതുരശ്ര കി.മീ വിസ്തൃതി
 കേരളത്തിൽ ഏറ്റവും വലുത്, നീളം 84 കിലോമീറ്റർ
 കുറഞ്ഞ വീതി 500 മീറ്റർ, കൂടിയത് നാല് കിലോമീറ്റർ
 പമ്പ, മണിമല, മീനച്ചിൽ, മൂവാറ്റുപുഴ നദികൾ പതിക്കുന്നു

കൈയേറ്റം ഭീകരം
1912ലെ വിസ്തൃതി: 315 ച.കി.മീ
1980ലെ വിസ്തൃതി: 179 ച.കി.മീ
70 വർഷം കൊണ്ട്: 43% കുറവ്
ജലവാഹക ശേഷി: 78% കുറവ്

ജൈവ കലവറ
മത്സ്യങ്ങൾ: 102 ഇനം
കണ്ടലുകൾ: 44 ഇനം
പക്ഷികൾ: 189 ഇനം
ഉരഗങ്ങൾ: 16 ഇനം
പൂമ്പാറ്റകൾ: 45 ഇനം

സർവേ ഇങ്ങനെ
1. കൈയേറ്റക്കാരുടെ വിവരങ്ങൾ തദ്ദേശസ്ഥാപനങ്ങൾ കണ്ടെത്തും
2.കൈയേറിയ സ്ഥലങ്ങൾ അതിർത്തിക്കല്ല് സ്ഥാപിച്ച് വേർതിരിക്കും
3.കൈയേറ്റമൊഴിപ്പിച്ച് ഭൂമി സർക്കാരിലേക്ക് മുതൽകൂട്ടും


'റവന്യൂ രേഖകൾ ഇല്ലെങ്കിലും ഉപഗ്രഹങ്ങളുടെ സഹായത്തോടെ കൈയേറ്റം കണ്ടെത്താൻ പ്രയാസമില്ല'.
- ഡോ. തോമസ് ഐസക്, ധനമന്ത്രി
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ