രോമത്തിന് ഗുഡ്ബൈ, സുന്ദരിയായി സുപത്ര
January 12, 2018, 3:11 pm
ബാങ്കോക്ക്: ശരീരമാസകലം കട്ടിക്ക് രോമം വളരുന്ന അപൂർവ രോഗത്തിന് അടിമയായ തായ്‌ലൻഡിലെ പതിനേഴുകാരി സുപത്ര നാറ്റി സുസുഫനെ ഓർമ്മയില്ലേ? കക്ഷിയെ ഇപ്പോൾ കണ്ടാൽ ആരും തിരിച്ചറിയില്ല. ഒരു സുന്ദരിക്കുട്ടിയായി. ഇതിനു കാരണമായതാകട്ടെ പ്രണയവും. ഒരുകാലത്ത് രോമാവൃതമായ ശരീരം സുപത്രയ്ക്ക് അഴകിന്റെ അടയാളമായിരുന്നു. കാണുന്നവർ ഞെട്ടുമെങ്കിലും ഈ രോമാവരണം 2010ൽ ലോകത്തേറ്റവും രോമാവൃതമായ പെൺകുട്ടിയെന്ന ഗിന്നസ് റെക്കോഡ് സ്വന്തമാക്കാനും സുപത്രയെ പ്രാപ്തയാക്കി. അതോടെ ലോകത്തിനാകെ സുപരിചിതയായി. അപൂർവ ജനിതക രോഗമാണ് സുപത്രയുടെ ഈ അവസ്ഥയ്ക്ക് കാരണമായത്. ലേസർ ട്രീറ്റ്‌മെന്റടക്കം നടത്തിയെങ്കിലും ഒന്നും വിജയിച്ചില്ല. അതോടെ രോമാവരണത്തെ ജീവിതത്തിന്റെ ഭാഗമായി കാണാൻ അവർ തയ്യാറായി. ഇതിനിടെയാണ് പ്രണയം. വിവാഹം കഴിഞ്ഞതോടെ തന്റെ വൈരൂപ്യത്തെ ഉള്ളുകൊണ്ട് പ്രണയിക്കാൻ തയ്യാറായ ഭർത്താവിനുവേണ്ടി സുന്ദരിയാവാൻ തന്നെ സുപത്ര തയ്യാറായി. ഇതിനായി തലയൊഴികെ ബാക്കി ശരീരഭാഗങ്ങൾ എല്ലാ ദിവസവും ഷേവ് ചെയ്ത് രോമം കളയുകയാണ്. മണിക്കൂറുകളാണ് ഇതിനു വേണ്ടത്. സുന്ദരിയാവാൻ ഇത്തിരി സമയം കളയുന്നതുകൊണ്ട് കുഴപ്പമില്ലെന്ന പക്ഷക്കാരിയാണ് സുപത്ര. ചെന്നായക്കുട്ടിയെന്ന് വിളിച്ച് നേരത്തേ കളിയാക്കിയിരുന്നവർക്ക് സുപത്രയുടെ ഇപ്പോഴത്തെ രൂപം കാണുമ്പോൾ അത്ഭുതമാണ്. നാട്ടുകാരൊക്കെ അവജ്ഞയോടെ നോക്കിയപ്പോഴും തന്നെ സ്നേഹത്തോടെ പരിഗണിച്ച അച്ഛനും അമ്മയും ബന്ധുക്കളുമാണ് തന്റെ എല്ലാ ഉയർച്ചയ്ക്കും കാരണമെന്നാണ് സുപത്ര പറയുന്നത്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ