വിവാദങ്ങൾ മതി വികസനം വേണ്ട
January 13, 2018, 12:01 am
വിവാദങ്ങളുടെ പുകമറകൾ തീർത്ത് സംസ്ഥാനം നേരിടുന്ന കാതലായ പ്രശ്നങ്ങളിൽ നിന്ന് ജനശ്രദ്ധ തിരിച്ചുവിടുന്നതിൽ പ്രതിപക്ഷവും ഭരണപക്ഷവും ഒരുപോലെ മത്സരിക്കുകയാണ്. സാധാരണക്കാർ നേരിടുന്ന അനേകം പ്രശ്നങ്ങളുണ്ട്. അതിലേക്കൊന്നും കടന്നു ചെല്ലാതെ ഉപരിപ്ളവങ്ങളായ ചർച്ചകൾക്ക് പറ്റിയ വിഷയങ്ങൾ കണ്ടെത്തി നാളുകൾ തള്ളിനീക്കാനാണ് താത്പര്യം. അതുകൊണ്ടാണ് മുഖ്യമന്ത്രിയുടെ ഹെലികോപ്ടർ യാത്രയും ആരോഗ്യമന്ത്രിയുടെ കണ്ണടയും ദിവസങ്ങൾ പലതായിട്ടും ഇപ്പോഴും സജീവമായി നിൽക്കുന്നത്. ഓഖി ദുരന്തത്തിൽ ഇനിയും കണ്ടെത്താനുള്ള നൂറിലധികം പേരെ കാത്തിരിക്കുന്ന അനാഥ കുടുംബങ്ങൾ ഇവരുടെയൊക്കെ പരിഗണനയിൽ നിന്ന് മാഞ്ഞുകഴിഞ്ഞു. വിലക്കയറ്റം കൊണ്ട് വഴിമുട്ടുന്ന സാധാരണക്കാരുടെ ദുരിത ജീവിതവും ഗൗരവമായി ആരും ഇപ്പോൾ എടുക്കുന്നില്ല. ദിനംതോറുമുള്ള വിലനിർണയാഭ്യാസത്തിന്റെ ഫലമായി ഇന്ധനവില സർവകാല റെക്കാഡ് ഭേദിച്ചിട്ടും അതിനെതിരെ ചെറു ശബ്ദം പോലും ഉയരുന്നില്ല. കഥയില്ലാത്ത വിവാദം സൃഷ്ടിച്ച് മുഖത്തോടുമുഖം നോക്കിയിരുന്ന് ചർച്ച നടത്തി രസിക്കുകയാണ് ജന നായകർ. അധികാരത്തിലിരിക്കുന്നവരെ സംബന്ധിച്ചിടത്തോളം ഇതിൽപ്പരം അനുകൂല സ്ഥിതി ഉണ്ടാകാനില്ല. ഭരണതലത്തിലെ വീഴ്ചകളും കുറവുകളുമെല്ലാം വിവാദങ്ങൾക്കടിയിലാകുമ്പോൾ നിന്നു പിഴയ്ക്കാനുള്ള വക പ്രതിപക്ഷം എല്ലാ ദിവസവും കാഴ്ചവച്ചുകൊണ്ടിരിക്കും.

സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടായ വീഴ്ചകളുടെയും നടത്തിപ്പു ദോഷത്തിന്റെയും ഫലമായി സംസ്ഥാനത്ത് കേന്ദ്രാഭിമുഖ്യത്തിൽ നടന്നുവരുന്ന പദ്ധതികൾക്കുണ്ടായ ദുർഗതി കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ തിരുവനന്തപുരത്ത് മാദ്ധ്യമങ്ങൾ മുമ്പാകെ തുറന്നു കാട്ടിയത് ഇവിടത്തെ രാഷ്ട്രീയ നേതാക്കളുടെയെല്ലാം അടിയന്തര ശ്രദ്ധയ്ക്കു വിഷയമാകേണ്ടതാണ്. 150 കോടി രൂപയ്ക്കുമേൽ മുതൽമുടക്കുള്ള 21 പ്രമുഖ കേന്ദ്ര പദ്ധതികളുടെ നടത്തിപ്പ് അവലോകനം ചെയ്യാനെത്തിയ കേന്ദ്രമന്ത്രി വെളിപ്പെടുത്തിയ സ്ഥിതിവിവരങ്ങൾ വികസന പദ്ധതികളോടുള്ള സർക്കാരിന്റെയും ജനങ്ങളുടെയും അലസ സമീപനത്തിന് മതിയായ തെളിവാണ്. പദ്ധതി നടത്തിപ്പിലുണ്ടാകുന്ന അസാധാരണ കാലതാമസംമൂലം 6000 കോടി രൂപയുടെ അധിക ചെലവാണുണ്ടായിരിക്കുന്നത്. 21 പദ്ധതികൾക്കായി 21,774 കോടി രൂപയാണ് വകയിരുത്തിയിരുന്നത്. ഉദ്ദേശിച്ച വേഗത്തിൽ പണി നീങ്ങാത്തതുകാരണം എസ്റ്റിമേറ്റ് പുതുക്കി നിശ്ചയിക്കേണ്ടിവന്നു. അതനുസരിച്ച് മൊത്തം ചെലവ് 27,872 കോടി രൂപയായി ഉയരും. അനുഭവം വച്ചുനോക്കുമ്പോൾ എസ്റ്റിമേറ്റ് ഇനിയും പുതുക്കേണ്ടിവരുമെന്നതിൽ സംശയം വേണ്ട. അവലോകനത്തിനു വിധേയമായ പദ്ധതികളിൽ പലതിന്റെയും ജാതകം അത്തരത്തിലാണ്. ദേശീയപാത വികസനം, കൊല്ലം, ആലപ്പുഴ ബൈപാസുകൾ, റെയിൽപ്പാത ഇരട്ടിപ്പിക്കലും പുതിയ പാതകളുടെ നിർമ്മാണവും കൊച്ചി മെട്രോ മൂന്നാം ഘട്ടം തുടങ്ങി പലതും ലക്ഷ്യപ്രാപ്തിയിൽ നിന്ന് ഏറെ അകലെയാണ്. റോഡുവഴിയുള്ള പ്രകൃതി വാതക കടത്ത് വലിയ തോതിൽ കുറയ്ക്കാനുതകുന്നതാണ് വാതക പൈപ്പ് ലൈൻ പദ്ധതി. സംഘടിതമായ പ്രതിഷേധത്തിൽ പദ്ധതിക്ക് നഷ്ടമായത് ആറേഴു വർഷങ്ങളാണ്. അധിക ചെലവിന്റെ കണക്ക് വേറെ. പുതുവൈപ്പിൽ 715 കോടി രൂപയുടെ പാചക വാതക സംഭരണി സ്ഥാപിക്കാനുള്ള ഇന്ത്യൻ ഓയിൽ കോർപറേഷന്റെ ബൃഹത് പദ്ധതി മാസങ്ങളായി മുടങ്ങിക്കിടക്കുകയാണ്. ദിവസം ഒരു കോടി രൂപ എന്ന തോതിലാണ് കമ്പനിക്കുണ്ടാകുന്ന നഷ്ടം. ഇതിനകം 325 കോടി രൂപ നഷ്ടമായിക്കഴിഞ്ഞു. എല്ലാ അധികാര കേന്ദ്രങ്ങളുടെയും വ്യക്തമായ അനുമതി വാങ്ങിയശേഷം തുടങ്ങിയ നിർമ്മാണ പ്രവൃത്തികൾ ഏറെ മുന്നോട്ടു പോയപ്പോഴാണ് സുരക്ഷാ ഭീഷണി ഉന്നയിച്ച് നാട്ടുകാർ പ്രക്ഷോഭത്തിനിറങ്ങിയത്. പ്രതിഷേധവും ലാത്തിച്ചാർജുമൊക്കെയായി സമരം നീണ്ടപ്പോൾ സർക്കാർ ഇടപെട്ടു നിറുത്തിവച്ച പണി ഇതുവരെ പുനരാരംഭിച്ചിട്ടില്ല. സ്ഥലമെടുപ്പിൽ കുരുങ്ങിയാണ് ഒട്ടുമിക്ക പദ്ധതികളും മുടങ്ങിക്കിടക്കുന്നത്. അടുത്ത കാലത്ത് ഈ വിഷയത്തിൽ ആശാവഹമായ മാറ്റം കണ്ടുതുടങ്ങിയിട്ടുണ്ട്. കൂടുതൽ ഉണർവോടെ ഓരോ പദ്ധതിയുടെയും കൂടെ നിന്നാലേ ആഗ്രഹിക്കുന്ന വേഗത്തിൽ കാര്യങ്ങൾ മുന്നോട്ടു നീങ്ങുകയുള്ളൂ. സർക്കാർ വകുപ്പുകൾ തമ്മിലുള്ള ഏകോപനമില്ലായ്മയും സ്ഥലം ഏറ്റെടുക്കുമ്പോൾ നൽകേണ്ട നഷ്ടപരിഹാരം സംബന്ധിച്ച അവ്യക്തതയും വിഭവശേഷിക്കുറവുമെല്ലാം പദ്ധതി നടത്തിപ്പു താളം തെറ്റിക്കാറുണ്ട്. റെയിൽവേ പദ്ധതിയാണെങ്കിൽ ചെലവിന്റെ ഒരു ഭാഗം സംസ്ഥാനം വഹിക്കണമെന്ന പുതിയ നയം മറ്റൊരു വൈതരണിയാണ്.

പദ്ധതികൾ വൈകുന്നതുമൂലമുണ്ടാകുന്ന അധിക ചെലവ് ജനങ്ങൾക്ക് മറ്റു വിധത്തിൽ ഉപകാരപ്പെടേണ്ട പണമാണെന്ന ബോധം ആർക്കും ഇല്ലാതെ പോകുന്നതാണ് വലിയ ദുർവിധി. നിസാര പ്രശ്നങ്ങളുടെ പേരിൽ പ്രതിഷേധവുമായി തെരുവിലിറങ്ങുന്ന രാഷ്ട്രീയക്കാർ ഏതെങ്കിലും ഒരു പദ്ധതിയുടെ പൂർത്തീകരണം വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് സമരം ചെയ്തതായി കേട്ടിട്ടില്ല. ഇതൊക്കെ അവരുടെ കാര്യമല്ലെന്ന മട്ടിലാണ് പോക്ക്. അധികാരത്തിലിരിക്കുമ്പോൾ ഒരു സമീപനവും പ്രതിപക്ഷത്തെത്തുമ്പോൾ വിപരീത സമീപനവും എന്നതാണ് ശൈലി. അയ്യഞ്ചു വർഷം കൂടുമ്പോൾ ഭരണമാറ്റം ഉണ്ടാകുന്നതിനാൽ വികസന കാഴ്ചപ്പാടും പാടെ മാറി മറിയുന്ന അവസ്ഥയാണ്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.