മകരസംക്രമ ദീപം കാണാൻ...
January 14, 2018, 12:20 am
പ്രൊഫ. അമ്പലപ്പുഴ രാജഗോപാൽ
ശബരിമല മഹാസന്നിധാനം, മകരസംക്രമ ദ്യുതിയിലേക്ക് ഉണരുകയാണ്. ഭാരതത്തിലെ എല്ലാ പുണ്യ തീർത്ഥങ്ങളും ഈ ധന്യമുഹൂർത്തത്തെ വരവേൽക്കുകയാണ്. ശബരിമല, ചരാചര പ്രേമത്തിന്റെ സമസ്ത ഭാവങ്ങളെയും ഉൾക്കൊള്ളുന്നു. വ്രതാനുഷ്ഠാനിയായ മനുഷ്യൻ അതിലൂടെ ശുദ്ധമായ ചിന്തയുടെ ഉടമയാകുന്നു. ശ്രദ്ധായുക്തരായി വ്രതചര്യ പാലിക്കുമ്പോഴാണ് നാം യജ്ഞസാക്ഷാത്കാരത്തിന് അർഹരാകുന്നത്.
ഉത്തരായനത്തിന്റെ ആരംഭമാണ് മകര സംക്രമമെന്നപോലെ, ഉത്തമമായ വിചാരങ്ങളുടെ ഉൽക്കൃഷ്ടമായ വികാരങ്ങളുടെ ഉദയവുമാണിത്. ചലനാത്മകമായ ഈ പ്രപഞ്ചത്തിൽ എന്തൊക്കെയുണ്ടോ അതെല്ലാം ഈശ്വരനെക്കൊണ്ട് നിറഞ്ഞിരിക്കുന്നു എന്ന ഈശാവാസ്യോപനിഷത് സാരം തന്നെയാണ്, അത് നീയാകുന്നു എന്നതും. ആ തിരിച്ചറിവിലൂടെ നിന്നിലെ നിന്നെ നിനക്കു തന്നെ കണ്ടെത്താൻ കഴിയുമെന്ന ബൃഹത്തായ ഉദ്ബോധനമാണ് അനുരണനം ചെയ്യപ്പെടുന്നത്. നിന്നിലെ ആ തേജസിനെ നീ കണ്ടെത്തുമ്പോൾത്തന്നെ മറ്റുള്ളവരിലെ ആ തേജോബിംബത്തെ നീ തിരിച്ചറിയുകയും വേണം. ബ്രഹ്മത്തെ അറിയുന്നവൻ ബ്രഹ്മം തന്നെയാകുന്നു.
'ബ്രഹ്മവിത് ബ്രഹ്മൈവഭവതി '- ഇതുതന്നെയാണ് വ്രതാനുഷ്ഠാനത്തോടെ പരസ്പരം അയ്യപ്പൻ എന്ന സംബോധനയിലൂന്നി ഉപചാരമര്യാദകൾ പാലിക്കപ്പെടുന്നത്. അയ്യനും അപ്പനും ചേർന്ന് അയ്യപ്പൻ സകലർക്കും നാഥനാണ്.
ദേവപൂജിതമായ ഈ പുണ്യനികേതനം ഭേദഭാവങ്ങളാകുന്ന, വേദനകളകറ്റുന്ന ദിവ്യതീർത്ഥസ്ഥലിയായി പ്രശോഭിക്കുന്നു. ശരണംകൊണ്ട് മനഃശുദ്ധിയും വ്രതചര്യകൊണ്ട് സമർപ്പണബുദ്ധിയും ബ്രഹ്മചര്യാനുഷ്ഠാനംകൊണ്ട് ആത്മനിയന്ത്രണശേഷിയും ലളിത വസ്ത്രധാരണംകൊണ്ട് പക്വതയും സഹനസഹകരണ മനോഭാവങ്ങൾ കൊണ്ട് വിഭാഗീയാതീതമായ ജീവിത വിശുദ്ധിയും സൃഷ്ടിക്കപ്പെടുന്ന ശബരിമല യാത്ര നിത്യ ജീവനത്തിലെ മഹത്തായ സന്ദേശമാണ് നൽകുന്നത്. വൃഥാ, ബുദ്ധ്യഹങ്കാരമദമാത്സര്യ ഭാവങ്ങളാൽ മലിനമായ അന്തരീക്ഷത്തിൽ നിന്നുകൊണ്ട് മതിഭ്രമം ബാധിച്ചു തകരുന്ന മനുഷ്യനെ യഥാർത്ഥ നരനാക്കുവാൻ, കോപത്തിൽ നിന്ന് തപസിനെ രക്ഷിക്കുവാനും മത്സരത്തിൽ നിന്ന് ഐശ്വര്യത്തെ രക്ഷിക്കുവാനും മാനാപമാനങ്ങളിൽ നിന്ന് അറിവിനെ രക്ഷിക്കുവാനും തെറ്റായ മാർഗങ്ങളിൽ നിന്ന് തന്നേത്തന്നെ രക്ഷിക്കുവാനും കലിയുഗവരദനായ ശ്രീഹരിഹരസുതനെ ശരണം പ്രാപിക്കുന്ന ഭക്തികോടികളുെട ശരണാരവങ്ങളാൽ സാമൂഹ്യാന്തരീക്ഷത്തെ വിമലമാക്കുകയാണിവിടെ.
ജീവിതം യജ്ഞമാണ്. നന്മ തേടിയുള്ള യജ്ഞം, നന്മയിലേക്കുള്ള അന്വേഷണമാണത്. നന്മയുടെ സംക്രമാർച്ചനയായി നമുക്ക് ഈ മുഹൂർത്തം അനുഭവവേദ്യമാക്കാം.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ