ഇറാക്കിലെ നായിക മെറീന പറയുന്നു;'ഐസിസിന് മോചനദ്രവ്യം നൽകി'
January 13, 2018, 9:01 am
എം.എച്ച്. വിഷ്‌ണു
തിരുവനന്തപുരം: പശ്ചിമേഷ്യൻ തീവ്രവാദി സംഘടനയായ ഐസിസ് 23 ദിവസം ഇറാക്കിൽ തടവിലാക്കിയ 46 നഴ്സുമാരെ മോചിപ്പിച്ചെടുക്കാൻ കേന്ദ്രസർക്കാർ മോചനദ്രവ്യം നൽകിയിട്ടുണ്ടാവാമെന്ന് നഴ്സുമാരുടെ സംഘത്തിലെ മുതിർന്നഅംഗം പാലാക്കാരി മെറീനാ ജോസ്. ''ഭീകരർക്ക് മോചനദ്രവ്യം നൽകിയെന്നത് ആക്ഷേപമല്ല, അങ്ങനെതന്നെയായിരിക്കും. ഓരോരുത്തരുടെ കാര്യത്തിലും അങ്ങനെയാണ് കേൾക്കുന്നത്. 'എത്ര തുക തന്നാൽ വിടാം' എന്ന് ഭീകരരുടെ ചർച്ചകളിൽ കേട്ടിട്ടുണ്ട്. തലയിലേക്ക് സദാ തോക്കുചൂണ്ടി ഭീകരർ എപ്പോഴും ഒപ്പമുണ്ടായിരുന്നു. വെറുതേ ഞങ്ങളെ ഇറക്കിവിടുമെന്ന് വിശ്വസിക്കുന്നില്ല. ഭാഗ്യംകൊണ്ട് എല്ലാം ഒത്തുവന്നു. മൂന്നുവർഷം മുൻപ് തട്ടിക്കൊണ്ടുപോയ 39 പഞ്ചാബികളെക്കുറിച്ച് ഇതുവരെ ഒരു വിവരവുമില്ലല്ലോ''-മെറീന പറഞ്ഞു.

ഇറാക്കിലെ നഴ്സുമാരുടെ രക്ഷപ്പെടൽ പ്രമേയമാക്കിയ ടേക്ക് ഓഫ് എന്ന സിനിമയിലേതിനെക്കാൾ ഭീകരമായിരുന്നു യാഥാർത്ഥ്യമെന്നും മെറീന പറയുന്നു. ഇറാക്കിലെ രക്ഷാദൗത്യത്തിലെ യഥാർത്ഥ നായിക മെറീനയാണ്. ഭൂമിപിളരുന്നതുപോലെ തുരുതുരാ വീണുപൊട്ടുന്ന ബോംബുകൾക്ക് പിന്നാലെ തിക്രിത്ത് ആശുപത്രിയിലേക്ക് തള്ളുന്ന കബന്ധങ്ങൾക്കിടയിൽ ജീവനും കൈയിൽപിടിച്ച് വിറച്ചുനിന്ന 46 നഴ്സുമാരെ ജീവിതത്തിലേക്ക് കൈപിടിച്ചുനടത്തിയത് മെറീനയാണ്. ആശുപത്രിയിൽനിന്നിറങ്ങി ബസിലേക്ക് കയറാൻ ഒരുദിവസം ഭീകരർ ആവശ്യപ്പെട്ടു. എല്ലാവരും മടിച്ചുനിന്നു. മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടിയെ വിളിച്ച് മെറീന പറഞ്ഞു, ''ഇനി നിന്നാൽ ഒരാൾ പോലും രക്ഷപ്പെടില്ല''. കേന്ദ്ര മന്ത്രി സുഷമാ സ്വരാജുമായി കൂടിക്കാഴ്ചയിലായിരുന്നു അദ്ദേഹം. ഉമ്മൻചാണ്ടിയുടെ യെസ് കേട്ടാണ് 45 സഹപ്രവർത്തകരുമായി മെറീന ഭീകരരുടെ ബസിലേക്ക് കയറിയത്. ഞങ്ങൾ ഇറങ്ങിയതിനു പിന്നാലെ ആശുപത്രി ബോംബിട്ട് തകർത്തു.

ഒരുപകലും രാത്രിയും മുഴുവനും നിറുത്താതെ യാത്ര. അടച്ചുമൂടിക്കെട്ടിയ ബസിനുള്ളിൽ കൊടുംചൂട്. മനസലിവുതോന്നിയ ഭീകരർ രണ്ടുവട്ടം കുടിവെള്ളവും ലഘുഭക്ഷണവും വാങ്ങിത്തന്നു. കൊല്ലാൻ കൊണ്ടുപോവുകയാണെന്നാണ് തോന്നിയത്. ജീവനെക്കുറിച്ച് ഒരു പ്രതീക്ഷയുമുണ്ടായിരുന്നില്ല. പുറത്തേക്ക് ഒളിഞ്ഞുനോക്കുമ്പോൾ എങ്ങും തകർന്ന കെട്ടിടങ്ങളും മലനിരകളും മാത്രം. ആ യാത്രയിൽ ദൈവം ഞങ്ങൾക്ക് തുണയായി. അമ്മ മരിച്ചുപോയെന്നാണ് എന്റെ രണ്ടുമക്കളും കരുതിയത്. ഖത്തറിലായിരുന്ന ഭർത്താവും നാട്ടിലെ മാതാപിതാക്കളുമെല്ലാം കൂട്ടപ്രാർത്ഥനയിലായി. മൊസൂളിലെ കോട്ടപോലുള്ള കേന്ദ്രത്തിലേക്കാണ് ഭീകരർ ഞങ്ങളെ കൊണ്ടുപോയത്. ഒരു രാത്രി മൊസൂളിലെ താവളത്തിൽ കഴിഞ്ഞു. ആ രാത്രിയിലാണ് കേന്ദ്രസർക്കാരിന്റെ നി‌ർണായകമായ ഇടപെടലുകളുണ്ടായത്. പിറ്റേന്ന് ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥർക്ക് ഞങ്ങളെ കൈമാറി. എർബിൽ വിമാനത്താവളത്തിൽ നിന്ന് നെടുമ്പാശേരിക്കുള്ള വിമാനത്തിൽ കയറിയശേഷമാണ് എല്ലാവർക്കും ശ്വാസംവീണത്- പൊള്ളുന്ന ഓർമ്മകളിൽ മെറീനയുടെ കണ്ണീർ വാർന്നൊഴുകി.

രക്ഷപ്പെട്ടെത്തിയവർക്ക് ഗൾഫിലെ സ്വകാര്യാശുപത്രികളിൽ ജോലിയൊരുക്കാൻ സംസ്ഥാന സർക്കാർ ശ്രമിച്ചെങ്കിലും പൂർണമായി വിജയിച്ചില്ല. 25 പേർ ബഹറിനിലേക്കും ദുബായിലേക്കും പോയി. കുറേപ്പേർ ഇപ്പോഴും ജോലിതേടിനടക്കുന്നു. മക്കളായ മെർവിനും റെയയ്ക്കുമൊപ്പം പാലാ പൂത്തളപ്പിലെ വീട്ടിലാണ് മെറീന ഇപ്പോൾ.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ