വെളുത്ത ആഫ്രിക്കയിലെ കലാമണ്ഡലം...!
January 13, 2018, 1:53 am
തിരുവനന്തപുരം: ടാൻസാനിയയിലും ഒരു കലാമണ്ഡലമുണ്ട്, 1956 ൽ സ്ഥാപിച്ചത്.
സംഗതി തമാശയല്ല, ടാൻസാനിയയിലെ മലയാളി അസോസിയേഷനാണ് കലാമണ്ഡലം. ''ഇതുവരെ പിളർന്നിട്ടില്ല.
വളരുംതോറും പിളരാത്ത സംഘടനയാണ്, എല്ലാവരും ഒറ്റക്കെട്ട് ''- ടാൻസാനിയയിലെ മലയാളി നേതാവ് പി.വി. ജയരാജ് നയം വ്യക്തമാക്കി. നമ്മളൊക്കെ കരുതുന്ന പോലെ അത്ര ഇരുണ്ടതല്ല ആഫ്രിക്ക, വെളുത്തതാണ്. ഗൾഫിലെ പ്രവാസം തളരുമ്പോൾ അടുത്തതെന്ത് എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് ആഫ്രിക്ക. 1800 മലയാളികളുണ്ട് ടാൻസാനിയയിൽ. കെനിയയിൽ ഇതിന്റെ ഇരട്ടിവരും.
ഐ.ടി, അക്കൗണ്ടിംഗ്, നഴ്സിംഗ്, അദ്ധ്യാപനം എന്നിങ്ങനെ ആഫ്രിക്ക മലയാളികൾക്കായി തൊഴിലിന്റെ വാതിലുകൾ തുറന്നിടുകയാണ്. ഹെൽത്ത് കെയറിലാണ് മറ്റൊരു വലിയ സാദ്ധ്യത. ഡോക്ടർമാർക്കും നഴ്സുമാർക്കും അവസരമുണ്ട്. ടാൻസാനിയയിൽ ഇപ്പോൾ മൂന്ന് മലയാളി നഴ്സുമാരുണ്ട്. യൂണിവേഴ്സിറ്റികളിൽ അദ്ധ്യാപകരായി ഒഴിവുകളേറെയാണ്. ടാൻസാനിയയിലെ മികച്ചവർ ബ്രിട്ടനിലേക്കും അമേരിക്കയിലേക്കും പോവുകയാണ് പതിവ്. ഇന്ത്യയിലെ പ്രൊഫസർമാർക്കും അദ്ധ്യാപകർക്കുമെല്ലാം അവിടെ അവസരമുണ്ട്. ടാൻസാനിയയിലെ ഇന്ത്യൻ സ്കൂളിന്റെ പ്രിൻസിപ്പൽ കണ്ണൂരുകാരൻ തോമസാണ്.
ഗൾഫിലെപ്പോലെ കടയിലെ ജോലിക്കോ ഡ്രൈവറായോ ടാൻസാനിയയിൽ പെർമിറ്റ് കിട്ടില്ല. ഐ.ടി, എൻജിനിയറിംഗ് വിദഗ്ദ്ധർക്കുമാത്രം പെർമിറ്റ് നൽകുന്നു. മണ്ണുമാന്തിയാൽ സ്വർണം കിട്ടുന്ന രാജ്യമാണ് ടാൻസാനിയ. വജ്രവും ലോകത്തിലെ ഏറ്റവും പരിശുദ്ധിയുള്ള ടാൻസനൈറ്റ് സ്റ്റോണും സുലഭം. അഗ്നിപർവതം ഉരുകിയൊലിച്ച സ്ഥലത്ത് വളരുന്ന കാപ്പിയായതിനാൽ ടാൻസാനിയൻ കോഫിക്ക് പ്രത്യേക സുഗന്ധമാണ്, യൂറോപ്പിൻ വൻ ഡിമാൻഡും.
അവിടത്തെ സമ്പത്ത് വിദേശികൾ കൊള്ളയടിക്കുകയാണ്. സ്വർണഖനനത്തിൽ കൊള്ളയടി നടത്തിയ ബ്രിട്ടീഷ് കമ്പനി 52 ട്രില്യൺ ഡോളർ പിഴയൊടുക്കേണ്ടി വന്നു. രാജ്യത്തിന്റെ ബഡ്‌ജറ്റ് 32 ട്രില്യണേയുള്ളൂ. ബിസിനസിലൊഴിച്ച് മലയാളികൾ എല്ലാ മേഖലയിലുമുണ്ട്. ടാൻസാനിയയിലെ വലിയ ഓഡിറ്റ് സ്ഥാപനം ശാസ്താംകോട്ടക്കാരൻ ഡോ. ശ്രീകുമാറിന്റേതാണ്. ടാൻസാനിയയിൽ ബിസിനസ് എളുപ്പമല്ല. രജിസ്റ്റേർഡ് കമ്പനികൾക്ക് മാത്രമേയുള്ളൂ. കൊച്ചിക്കാരന്റെ പ്ലൈവുഡ് കമ്പനി വിജയിച്ചില്ല. വ്യവസായവും പ്രയാസമാണ്. മുന്തിയ ഇനം ഡി.സി.ജെ.കെ.എൽ ക്വാളിറ്റി കശുഅണ്ടി ടാൻസാനിയയിൽ നിന്നാണ് കേരളത്തിന് കിട്ടുന്നത്. ഇത് വിയറ്റ്നാം മൊത്തമായി പിടിച്ചടക്കി. ഇക്കൊല്ലം ടാൻസാനിയൻ കശുഅണ്ടി കിട്ടില്ല. ഐവറികോസ്റ്റിലടക്കം ആഫ്രിക്കയിലെ മറ്റ് രാജ്യങ്ങളിൽ കശുഅണ്ടിയുണ്ടെങ്കിലും ഏറ്റവും ഗുണമേന്മയേറിയതും ഏറ്റവുമധികം ലഭിച്ചിരുന്നതും ടാൻസാനിയയിൽ നിന്നാണ്. തിരുവനന്തപുരം ചാലക്കുഴി റോഡിലെ ജോർജ് വർഗീസാണ് നൈജീരിയ മുതലുള്ള ആഫ്രിക്കൻ രാജ്യങ്ങളിലെ കശുഅണ്ടി ഇറക്കുമതിയിൽ മുന്നിൽ. ആഫ്രിക്കയിൽ മദ്ധ്യവർഗമില്ല. പണക്കാരും പാവപ്പെട്ടവരും മാത്രം. ഇന്ത്യക്കാർക്കു നേരെ ആക്രമണം പൂർണമായി സത്യമല്ല. 22വർഷമായി താൻ അവിടെയുണ്ട്, ഇതുവരെ പ്രശ്‌നമുണ്ടായില്ല. ചില മേഖലകളിൽ കവർച്ചയും പിടിച്ചുപറിക്കലുമുണ്ടെന്ന് മാത്രം.
കേരളത്തിലെ അതേ കാലാവസ്ഥയാണ് ടാൻസാനിയയിൽ. കൂടിയ ചൂട് 38 ഡിഗ്രി. ഗോൾഡ്, വജ്രം ബിസിനസിൽ ലൈസൻസുള്ളത് ഗുജറാത്തികൾക്കാണ്. സ്വർണം കുഴിച്ചെടുക്കാമെങ്കിലും അടിച്ചുമാറ്റാനാവില്ല. എല്ലാം കയറ്റുമതി ചെയ്യുകയാണ്. മലയാളികൾക്കുള്ള ആഭരണങ്ങൾ സിംഗപ്പൂർ, ദുബായ് എന്നിവിടങ്ങളിൽ നിന്ന് വരും.-പി.വി. ജയരാജ് പറഞ്ഞു.

 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ